October 25, 2026 12:52 pm

പിണറായി സർക്കാരിൻ്റെ പി എസ് സിയെ നീക്കണമെന്ന് ഗവർണർ

തിരുവനന്തപുരം : കേരള പബ്ലിക് സർവീസ് കമ്മീഷന്‍റെ (പിഎസ് സി   ) ചരിത്രത്തിൽ സമാനതകളില്ലാത്ത പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട്, ഭരണഘടനാ സ്ഥാപനത്തിന്‍റെ സുതാര്യതയും വിശ്വസനീയതയും ചോദ്യം ചെയ്യപ്പെടുന്ന വിധത്തിൽ ഗുരുതര നടപടിയുമായി ഗവർണറുടെ ഓഫീസ്.

പിണറായി വിജയൻ സർക്കാരിൻ്റെ ഭരണകാലത്തെ പരീക്ഷാ നടത്തിപ്പിലെയും അഭിമുഖങ്ങളിലെയും വ്യാപക ക്രമക്കേടുകൾ, സ്വജനപക്ഷപാതം, അഴിമതി തുടങ്ങിയ നൂറോളം ഗുരുതര പരാതികളുടെ അടിസ്ഥാനത്തിൽ പിഎസ്സി ചെയർമാൻ ഡോ. എം.ആർ. ബൈജുവിനെയും ഭരണസമിതി അംഗങ്ങളെയും പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ രാഷ്ട്രപതിക്ക് ശുപാർശ സമർപ്പിച്ചുവെന്ന വിവരം പുറത്തുവന്നു.

സംസ്ഥാനത്തെ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയ പരീക്ഷാ തട്ടിപ്പുകളിലും മൂല്യനിർണ്ണയത്തിലെ അട്ടിമറികളിലും പോലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്വേഷണം വ്യാപിപ്പിക്കുന്നതിനിടയിലാണ് ഭരണഘടനാ തലവന്‍റെ ഈ അടിയന്തര ഇടപെടൽ.

Dr. MR Baiju is the new Chairman of PSC

പിഎസ് സി  ചെയർമാൻ ഡോ. എം.ആർ. ബൈജു

കഴിഞ്ഞ ഏതാനും മാസങ്ങളായി സംസ്ഥാനത്ത് പുകയുന്ന പിഎസ് സി വിവാദത്തിൽ സർക്കാരിൻ്റെനിലപാടിലും നിലവിലെ ക്രൈംബ്രാഞ്ച്/എസ്ഐടി അന്വേഷണത്തിലും ഗവർണർ പൂർണ്ണ തൃപ്തനല്ലെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. വിവിധ പരീക്ഷകളുടെ ചോദ്യപ്പേപ്പർ ചോർച്ച, പ്ലാനിംഗ് ബോർഡ് പരീക്ഷ ഉൾപ്പെടെയുള്ളവയിലെ കൃത്രിമത്വം, മാർക്ക് തട്ടിപ്പ് എന്നിവ സംബന്ധിച്ച് നൂറോളം പരാതികളാണ് ലോക് ഭവനിലും അന്വേഷണ സംഘത്തിനും ലഭിച്ചത്.

മുൻപ് ലോക്ഭവൻ വിളിപ്പിച്ചു വരുത്തിയ പിഎസ് സി സെക്രട്ടറിയോട് ഗവർണർ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല. മാത്രവുമല്ല, കേസ് അന്വേഷിക്കുന്ന പോലീസിനോടും പ്രത്യേക അന്വേഷണ സംഘത്തോടും സഹകരിക്കാൻ പിഎസ്സി ചെയർമാനും അംഗങ്ങളും വിമുഖത കാണിച്ചതും, സുപ്രീം കോടതിയുടെ മുൻ ഉത്തരവുകൾക്ക് വിരുദ്ധമായ നിലപാടുകൾ സ്വീകരിച്ചതും നീക്കത്തിന് വേഗം കൂട്ടി.

പിഎസ്സി ഒരു ഭരണഘടനാ സ്ഥാപനമായതിനാൽ ചെയർമാനെയും അംഗങ്ങളെയും നേരിട്ട് പുറത്താക്കാനോ പിരിച്ചുവിടാനോ സംസ്ഥാന ഗവർണർക്ക് നിയമപരമായ അധികാരമില്ല. ഭരണഘടനയുടെ അനുച്ഛേദം 317 അനുസരിച്ച് രാഷ്ട്രപതിക്ക് മാത്രമേ ഇത്തരമൊരു നടപടി സ്വീകരിക്കാൻ സാധിക്കൂ. ഈ പശ്ചാത്തലത്തിൽ, ഗവർണറുടെ ശുപാർശ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വഴി രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് സമർപ്പിക്കപ്പെട്ടു.

രാഷ്ട്രപതി ഈ റിപ്പോർട്ട് കൂടുതൽ അന്വേഷണത്തിനായി സുപ്രീം കോടതിയുടെ റഫറൻസിന് അയയ്ക്കും. സുപ്രീം കോടതി നടത്തുന്ന അന്വേഷണ കാലയളവിൽ ചെയർമാനെയും ഭരണസമിതി അംഗങ്ങളെയും സസ്‌പെൻഡ് ചെയ്യാനുള്ള പ്രത്യേക അധികാരം ഗവർണർക്ക് ലഭിക്കും. അതിനുശേഷം സുപ്രീം കോടതിയുടെ കണ്ടെത്തലിൻ്റെയും റിപ്പോർട്ടിൻ്റെയും അടിസ്ഥാനത്തിൽ രാഷ്ട്രപതിക്ക് അന്തിമ പുറത്താക്കൽ ഉത്തരവ് പുറപ്പെടുവിക്കാൻ സാധിക്കും.

വിവിധ അഭിമുഖങ്ങളിൽ ഉയർന്ന യോഗ്യതയുള്ളവരെ തള്ളി പ്രിയപ്പെട്ടവർക്ക് ഉയർന്ന മാർക്ക് നൽകിയതും, ഒരേ ചോദ്യശേഖരത്തിൽ നിന്ന് ചോദ്യങ്ങൾ തുടർച്ചയായി ചോദിച്ചതും, ഡിജിറ്റൽ മൂല്യനിർണ്ണയ പ്രക്രിയ അട്ടിമറിച്ചതും ഉൾപ്പെടെയുള്ള ക്രമക്കേടുകളാണ് അന്വേഷണ സംഘം കണ്ടെത്തുന്നത്. ചെയർമാനെയും പ്രമുഖ അംഗങ്ങളെയും നേരിട്ട് ചോദ്യം ചെയ്യാൻ അന്വേഷണ സംഘം നോട്ടീസ് അയച്ചിരുന്നെങ്കിലും, ഭരണഘടനാ സംരക്ഷണം മുൻനിർത്തി ഒഴികഴിവുകൾ പറയുന്ന നിലപാടാണ് കമ്മീഷൻ സ്വീകരിച്ചത്.

ഭരണഘടനാപരമായ പദവിയിലിരുന്ന് സ്ഥാപനത്തിന്‍റെ മാന്യതയ്ക്കും സുതാര്യതയ്ക്കും കളങ്കമുണ്ടാക്കുന്ന വിധത്തിൽ പ്രവർത്തിക്കുന്നത് ‘ദുർനടപ്പടി’ ആയി കണക്കാക്കാമെന്ന സുപ്രീം കോടതിയുടെ മുൻകാല വിധികൾ ചൂണ്ടിക്കാണിച്ചാണ് ഗവർണർ ശുപാർശ തയ്യാറാക്കിയിരിക്കുന്നത്.

ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ വർഷങ്ങളോളം കഠിനാധ്വാനം ചെയ്ത് എഴുതുന്ന മത്സരപരീക്ഷകളുടെ സുതാര്യത തകർത്ത സംഭവത്തിൽ കർശന നടപടി വേണമെന്ന് ഐക്യജനാധിപത്യ മുന്നണിയും പാർട്ടികളും ഉദ്യോഗാർത്ഥി സംഘടനകളും ആവശ്യപ്പെട്ടിരുന്നു.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News