ന്യൂഡൽഹി : പൊതുമേഖല ബാങ്കായ എസ് ബി ഐയിലെ ലക്ഷക്കണക്കിന് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഡാർക്ക് വെബ്ബിൽ ചോർന്നതായി കണ്ടെത്തി.
ആകെ 3,75,000 കസ്റ്റമർ റെക്കോർഡുകളാണ് കവർച്ചക്കാർ കൊണ്ടുപോയത്. ഇതിൽ 3,897 കസ്റ്റമർ റെക്കോർഡുകളിൽ വ്യക്തികളെ നേരിട്ട് തിരിച്ചറിയാവുന്ന തരത്തിലുള്ള അതീവ രഹസ്യമായ വിവരങ്ങളാണ് ഉള്ളത്.
ഉപഭോക്താക്കളുടെ പേര്, ജന്മദിനം, മൊബൈൽ നമ്പർ, മേൽവിലാസം, ഇമെ യിൽ വിലാസം തുടങ്ങിയ സുപ്രധാന വിവരങ്ങളെല്ലാം ഇതിൽ ഉൾപ്പെടുന്നുണ്ട്. ഡിഫൻസ് സൈബർ ഏജൻസിയും ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമും നൽകിയ മുന്നറിയിപ്പിനെ തുടർന്നാണ് വിവര ചോർച്ച പുറത്തുവന്നത്.
ഒക്ടോബർ 16 നാണ് ഏജൻസികൾ ഇത് സംബന്ധിച്ച മുന്നറിയിപ്പ് എസ് ബി ഐക്ക് കൈമാറിയത്. തുടർന്ന് ഇക്കാര്യം സെബി മുമ്പാകെയും വെളിപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ ആവശ്യമായ പരിഹാര നടപടികൾ സ്വീകരിച്ചുവരികയാണെന്നും, വിവര ചോർച്ചയെക്കുറിച്ചുള്ള സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കി.































