October 30, 2026 5:55 am

ഇസ്രായേലിലും ‘വോട്ടു റാഞ്ചൽ’ ? അന്വേഷണം തുടങ്ങി

ടെൽ അവീവ് : ഇസ്രായേൽ പാർലമെൻ്റ് തിരഞ്ഞെടുപ്പിന്‍റെ ഫലപ്രഖ്യാപനത്തിന് പിന്നാലെ വോട്ട് തട്ടിപ്പ് ആരോപണങ്ങൾ ശക്തമാകുന്നു.

.തിരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും വിദേശ ശക്തികളുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നുമുള്ള ആരോപണങ്ങളെ തുടർന്ന് സമഗ്ര അന്വേഷണത്തിന് സർക്കാരും കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയും ഉത്തരവിട്ടു.

തിരഞ്ഞെടുപ്പ് ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങളിൽ പൂർണ്ണമായ അന്വേഷണം വേണമെന്ന് ഇസ്രായേൽ പ്രസിഡണ്ട് ഐസക് ഹെർസോഗ് ആവശ്യപ്പെട്ടു, ഇതിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റിനോടാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.തിരഞ്ഞെടുപ്പ് ഫലത്തിന്‍റെ പ്രാഥമിക വിവരങ്ങൾ പുറത്തുവന്നപ്പോൾ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ സഖ്യത്തിന് കേവലഭൂരിപക്ഷം തികയ്ക്കാനായില്ല.

ആകെ 120 സീറ്റുകളുള്ള പാർലമെൻ്റിൽ സർക്കാരുണ്ടാക്കാൻ 61 സീറ്റുകളാണ് വേണ്ടത്. എന്നാൽ നെതന്യാഹുവിൻ്റെ പാർട്ടിയായ ലിക്വിഡും സഖ്യകക്ഷികളും ചേർന്ന് 53 സീറ്റുകളിൽ മാത്രമാണ് മുന്നിലെത്തിയത്.

മുൻ സൈനിക മേധാവി ഗാഡി ഐസൻകോട്ടിൻ്റെ നേതൃത്വത്തിലുള്ള പ്രധാന പ്രതിപക്ഷ സഖ്യം 48 സീറ്റുകളും നേടി. എന്നാൽ ഇത്തവണ ചരിത്രത്തിലില്ലാത്ത നേട്ടമുണ്ടാക്കിയ അറബ് പാർട്ടികളുടെ സഖ്യം 19 സീറ്റുകളാണ് സ്വന്തമാക്കിയത്.

ഇതോടെ പുതിയ സർക്കാർ രൂപീകരണത്തിൽ അറബ് പാർട്ടികൾ നിർണ്ണായക ശക്തിയായി മാറിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ഫലത്തിൽ തങ്ങൾക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടതിന് പിന്നാലെയാണ് നെതന്യാഹുവും അദ്ദേഹത്തിന്‍റെ പാർട്ടിയും രൂക്ഷമായ ആരോപണങ്ങളുമായി രംഗത്തെത്തിയത്.

അറബ് പാർട്ടികൾ വിദേശ ഫണ്ടും പിന്തുണയും ഉപയോഗിച്ച് വോട്ടുകൾ കവർന്നെടുത്തു എന്നാണ് ലിക്വിഡ് പാർട്ടി ആരോപിക്കുന്നത്. തങ്ങളുടെ ഭരണം ഇല്ലാതാക്കാൻ വിദേശ ശക്തികൾ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും ഇതൊരു വലിയ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും നെതന്യാഹു ആരോപിച്ചു.

ഖത്തർ, തുർക്കി എന്നീ രാജ്യങ്ങൾക്ക് എതിരെ ആണ് ആരോപണം. ഖത്തർ ഇത് നിഷേധിച്ചിട്ടുണ്ട്.

ഈ ആരോപണങ്ങളെ അറബ് പാർട്ടി നേതാക്കളും പൂർണ്ണമായും തള്ളിപ്പറഞ്ഞു. ജനങ്ങൾ തങ്ങൾക്ക് നൽകിയ പിന്തുണയും ജനാധിപത്യപരമായ വിജയവും കണ്ടുള്ള ഭയം മൂലമാണ് നെതന്യാഹു വോട്ട് തട്ടിപ്പ് ആരോപണം ഉന്നയിക്കുന്നതെന്ന് അറബ് നേതാക്കൾ വ്യക്തമാക്കി.

കൂടാതെ, തിരഞ്ഞെടുപ്പിൽ വൻതോതിലുള്ള ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന ആരോപണത്തിന് നിലവിൽ തെളിവുകളൊന്നുമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരും വ്യക്തമാക്കിയിട്ടുണ്ട്.

എങ്കിലും ആരോപണങ്ങൾ ഗൗരവമുള്ളതായതിനാൽ സുരക്ഷാ ഏജൻസികൾ അന്വേഷണം തുടരുകയാണ്.രാജ്യത്ത് ജനാധിപത്യ പ്രക്രിയ കൃത്യമായി നടപ്പാക്കണമെന്നും വോട്ട് തട്ടിപ്പ് ആരോപണങ്ങളിൽ ദ്രുതഗതിയിലുള്ളതും സുതാര്യവുമായ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാക്കളും ആവശ്യപ്പെട്ടിട്ടുണ്ട്.

അന്വേഷണത്തിൻ്റെ പേരിൽ പാർലമെൻ്റ് നിലവിൽ വരുന്നത് വൈകിപ്പിക്കരുതെന്നും വോട്ടർമാരുടെ ജനവിധി മാനിക്കപ്പെടണമെന്നും അവർ വ്യക്തമാക്കി.അതേസമയം, അറബ് പാർട്ടികളുമായി ചേർന്ന് പ്രതിപക്ഷം സർക്കാരുണ്ടാക്കാൻ ശ്രമിക്കുന്നത് തടയാൻ വലതുപക്ഷ പാർട്ടികൾ നീക്കം ശക്തമാക്കിയിട്ടുണ്ട്.

ഏതെങ്കിലും കക്ഷിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ പുതിയ സഖ്യങ്ങൾ രൂപീകരിക്കപ്പെടുകയോ അല്ലെങ്കിൽ രാജ്യം വീണ്ടും മറ്റൊരു തിരഞ്ഞെടുപ്പിലേക്ക് പോകുകയോ ചെയ്യാം. വോട്ട് തട്ടിപ്പ് ആരോപണങ്ങളും അന്വേഷണവും ഇസ്രായേലിലെ രാഷ്ട്രീയ സാഹചര്യം കൂടുതൽ വഷളാക്കിയിരിക്കുകയാണ്.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News