November 3, 2026 10:02 pm

വോട്ടർപട്ടിക ശുദ്ധീകരണം: 2.29 കോടി പേരുകൾ പുറത്ത്

ന്യൂഡൽഹി : അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുതുക്കൽ അഥവാ എസ്ഐആർ നടപടികൾ പൂർത്തിയായപ്പോൾ വോട്ടർമാരുടെ എണ്ണത്തിൽ വൻ കുറവ് രേഖപ്പെടുത്തി.

മുൻപ് ഉണ്ടായിരുന്ന 18.71 കോടി വോട്ടർമാരിൽ നിന്ന് 2.29 കോടി ആളുകൾ കുറഞ്ഞ് നിലവിലെ വോട്ടർമാരുടെ എണ്ണം 16.43 കോടിയായി താഴ്ന്നു. മൊത്തം വോട്ടർമാരിൽ ഏകദേശം 12.2 ശതമാനത്തിൻ്റെ കുറവാണ് ഈ സംസ്ഥാനങ്ങളിൽ മാത്രം ഉണ്ടായത്. രാജ്യത്തെ ജനസംഖ്യാപരമായ കണക്കുകളിലും തെരഞ്ഞെടുപ്പ് പ്രക്രിയയിലും വലിയ ചലനങ്ങൾ സൃഷ്ടിക്കുന്നതാണ് ഈ നീക്കം.

വോട്ടർമാരുടെ എണ്ണത്തിൽ ഉണ്ടായ ഈ വൻ ഇടിവിൽ 90 ശതമാനവും രേഖപ്പെടുത്തിയത് ഉത്തർ പ്രദേശിലാണ്. ഉത്തർ പ്രദേശിലെ മുൻപത്തെ വോട്ടർമാരുടെ എണ്ണം 15.44 കോടിയായിരുന്നു. എന്നാൽ എസ്ഐആർ പൂർത്തിയായപ്പോൾ അത് 13.40 കോടിയായി കുറഞ്ഞു. 2.04 കോടിയോളം വോട്ടർമാരാണ് ഉത്തർ പ്രദേശിൽ മാത്രം പട്ടികയിൽ നിന്ന് പുറത്തായത്. ഇത് രാഷ്ട്രീയ കേന്ദ്രങ്ങളെ വലിയ തോതിൽ ഞെട്ടിച്ചിട്ടുണ്ട്.

മറ്റു നാല് സംസ്ഥാനങ്ങളിലും സമാനമായ രീതിയിൽ വോട്ടർമാരുടെ എണ്ണത്തിൽ കുറവ് സംഭവിച്ചിട്ടുണ്ട്. പഞ്ചാബിൽ 2.15 കോടി വോട്ടർമാർ ഉണ്ടായിരുന്നത് 2.01 കോടിയായി ചുരുങ്ങി. അവിടെ 14 ലക്ഷം വോട്ടർമാരുടെ കുറവുണ്ടായി. ഉത്തരാഖണ്ഡിൽ 80 ലക്ഷം വോട്ടർമാരിൽ നിന്ന് 8 ലക്ഷം പേർ കുറഞ്ഞ് 72 ലക്ഷമായി മാറി.

ചെറിയ സംസ്ഥാനങ്ങളായ മണിപ്പൂരിലും ഗോവയിലും സമാന സാഹചര്യം നിലനിൽക്കുന്നു. മണിപ്പൂരിൽ 20.90 ലക്ഷം വോട്ടർമാർ ഉണ്ടായിരുന്നത് 19.61 ലക്ഷമായി കുറഞ്ഞു. അവിടെ 1.30 ലക്ഷം വോട്ടർമാരാണ് ഒഴിവാക്കപ്പെട്ടത്.

ഗോവയിൽ 11.85 ലക്ഷത്തിൽ നിന്ന് 1.27 ലക്ഷം ആളുകൾ കുറഞ്ഞ് വോട്ടർമാരുടെ എണ്ണം 10.58 ലക്ഷമായി താഴ്ന്നു. അതേസമയം വരുന്ന ജനുവരി ഒന്നിന് മുൻപ് 18 വയസ്സ് തികയുന്ന പുതിയ വോട്ടർമാർക്ക് പട്ടികയിൽ പേര് ചേർക്കാൻ ഇനിയും അവസരമുണ്ടെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഈ സംഭവവികാസങ്ങളിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സുപ്രീം കോടതി നൽകിയ വാക്കാൽ നിർദേശങ്ങൾ അതേപടി പാലിച്ചാണ് കമ്മീഷൻ മുന്നോട്ട് പോകുന്നത്. ഇതിന്‍റെ ഭാഗമായി ഡൽഹിയിലെ എസ്ഐആർ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നത് കമ്മീഷൻ നീട്ടിവെച്ചു. പരാതികൾ പരിഹരിക്കാൻ കൂടുതൽ സമയം അനുവദിക്കുകയാണ് കമ്മീഷന്‍റെ ലക്ഷ്യം.

കേരളത്തിൽ നിന്നുള്ള എസ്ഐആർ സംബന്ധിച്ച ഹർജികൾ ഇപ്പോൾ ഉടൻ തീർപ്പാക്കില്ലെന്ന് സുപ്രീം കോടതി വ്യക്താമാക്കിയിട്ടുണ്ട്. വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പൂർണമായി പരിഹരിക്കപ്പെടുന്നതുവരെ ഹർജികൾ നിലനിർത്താനാണ് കോടതിയുടെ തീരുമാനം. ഇത് പരാതിക്കാർക്ക് വലിയ ആശ്വാസമാകുന്നുണ്ട്.

അതേസമയം പശ്ചിമ ബംഗാളിലെ എസ്ഐആർ ട്രൈബ്യൂണലുകൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ സ്വീകരിച്ചു. അപ്പീലുകളിൽ ജഡ്ജിമാർക്ക് ഒന്നിച്ച് ഉത്തരവുകൾ അപ്‌ലോഡ് ചെയ്യാൻ ഡിജിറ്റൽ സിഗ്നേച്ചർ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമേ നിലവിലുള്ള 13 ഔദ്യോഗിക രേഖകൾക്ക് പുറമേ മറ്റ് രേഖകളും അപ്‌ലോഡ് ചെയ്യാൻ കഴിയുന്ന മാറ്റങ്ങൾ ഇസിഐ നെറ്റ് സോഫ്റ്റ്‌വെയറിൽ വരുത്തി.

എസ്ഐആർ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് രാജ്യത്തുടനീളം ഉയർന്നുവരുന്നത്. പ്രതിപക്ഷ പാർട്ടികളും വിവിധ ബഹുജന സംഘടനകളും  സമരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. തങ്ങളുടെ വോട്ടവകാശം അനധികൃതമായി കവർന്നെടുക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ പ്രക്ഷോഭങ്ങൾ. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകണമെന്ന് സമരക്കാർ ആവശ്യപ്പെടുന്നു.

ബിജെപി സർക്കാരും കേന്ദ്ര ഭരണകൂടവും എസ്ഐആർ നടപടികളെ പൂർണമായി പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.വ്യാജ വോട്ടർമാരെയും ഇരട്ട വോട്ടുകളെയും ഒഴിവാക്കാനാണ് ഈ നടപടിയെന്ന് സർക്കാർ വ്യക്തമാക്കുന്നു. ഒഴിവാക്കപ്പെട്ടവരിൽ ഭൂരിഭാഗവും ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരാണെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആരോപിച്ചത്.

കേന്ദ്ര സർക്കാരിൻ്റെയും അമിത് ഷായുടെയും ഈ നിലപാടിനെതിരെ കോൺഗ്രസ് ശക്തമായി രംഗത്തുവന്നു. അമിത് ഷായുടെ ആരോപണം വോട്ടർമാരെ അപമാനിക്കുന്നതാണെന്ന് കോൺഗ്രസ് നേതാക്കൾ വിമർശിച്ചു. വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട മൂന്ന് കോടി ആളുകളും നുഴഞ്ഞുകയറ്റക്കാരാണെന്നതിന് തെളിവ് ഹാജരാക്കാൻ അമിത് ഷാ തയ്യാറാകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തി. സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കാൻ വോട്ടർപട്ടിക ശുദ്ധീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമവിരുദ്ധമായി പേര് ചേർത്തവരെ ഒഴിവാക്കുന്നത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നും യോഗി കൂട്ടിച്ചേർത്തു.

പ്രതിപക്ഷ പ്രതിഷേധങ്ങളെ പ്രതിരോധിക്കാൻ ബിജെപി സജീവമായി രംഗത്തുണ്ട്. പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾക്ക് മറുപടിയായി ബിജെപി നേതാക്കൾ ഉത്തർപ്രദേശിൽ അടക്കം പദയാത്രകൾ തുടരുകയാണ്. വോട്ടർപട്ടിക പുതുക്കലിൻ്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ഈ യാത്രകളുടെ ലക്ഷ്യം.

വരും ദിവസങ്ങളിൽ ഈ വിഷയം കൂടുതൽ വലിയ രാഷ്ട്രീയ പോരാട്ടങ്ങൾക്ക് വഴിവെക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ അപ്പീലുകളിൽ സ്വീകരിക്കുന്ന തീരുമാനങ്ങൾ നിർണായകമാകും. കോടതികളുടെ ഇടപെടലുകളും പുതിയ വോട്ടർമാരുടെ ചേരുവകളും വോട്ടർപട്ടികയുടെ അന്തിമ രൂപത്തെ ബാധിക്കും. രാഷ്ട്രീയ പാർട്ടികൾ കൂടുതൽ നിയമപോരാട്ടങ്ങൾക്കും ശക്തമായ പ്രക്ഷോഭങ്ങൾക്കും തയ്യാറെടുക്കുകയാണ്.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News