പാര്‍ട്ടിക്കുവേണ്ടി കൊല്ലാനും ചാകാനും ചാവേര്‍

ഡോ. ജോസ് ജോസഫ്

കൊലക്കത്തിയും നാടന്‍ ബോംബും വെട്ടും കുത്തും രക്തരൂക്ഷിതമായ കൊലപാതകങ്ങളുമില്ലാതെ കണ്ണൂര്‍ രാഷ്ട്രീയ ചരിത്രം പൂര്‍ത്തിയാകില്ല. കത്തിക്ക് ഇരയാകുന്നത് എതിര്‍ പാര്‍ട്ടിക്കാര്‍ മാത്രമല്ല. വിയോജിപ്പിന്റെ വിമത ശബ്ദം ഉയര്‍ത്തുന്ന സ്വന്തം പാര്‍ട്ടിക്കാരും പലപ്പോഴും ഇരകളാകും.അണിയറയില്‍ ഇരുന്നു ചരടു വലിക്കുന്ന നേതാക്കന്മാരുടെ ക്വൊട്ടേഷന്‍ ഏറ്റെടുത്ത് ചാവേറുകളായി മാറുന്ന അടിത്തട്ടിലെ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരുടെ കഥകള്‍ പല തവണ സ്‌ക്രീനില്‍ എത്തിയിട്ടുണ്ട്. സിബി മലയിലിന്റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ആസിഫലി ചിത്രം കൊത്തിന്റെ പ്രമേയം കണ്ണൂര്‍ കൊലപാതക രാഷ്ട്രീയമായിരുന്നു. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന്റെ അന്തര്‍നാടകങ്ങളിലേക്കു കടന്നു ചെല്ലുന്ന സിനിമയാണ് ചാവേര്‍. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, അജഗജാന്തരം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ടിനു പാപ്പച്ചനാണ് സംവിധായകന്‍.

നടനും എഴുത്തുകാരനും സംവിധായകനുമായ ജോയ് മാത്യുവാണ് ചാവേറിന്റെ തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത്. ഒരു കൊലപാതകത്തെ തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കിയ നേര്‍ത്ത ത്രെഡിലാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് തിരക്കഥ ദുര്‍ബ്ബലമാണെങ്കിലും വ്യത്യസ്തമായ മേക്കിംഗും സമ്പന്നമായ ദൃശ്യഭാഷയമാണ് ചാവേറിന്റെ ശക്തി.

ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ചുവരെഴുത്തും ആക്ഷേപ സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായിരുന്ന സഞ്ജയന്റെ ചുവര്‍ ചിത്രവുമൊക്കെ കാണിക്കുന്നുണ്ടെങ്കിലും ചാവേര്‍ പ്രത്യേക രാഷ്ടീയമൊന്നും ചര്‍ച്ച ചെയ്യുന്നില്ല. ആരാണ് കൊല്ലുന്നതെന്ന് ഇരയ്ക്കും കൊല്ലുന്നതെന്തിനാണെന്ന് കൊലയാളികള്‍ക്കും അറിയില്ല.ചാവേറിലെ കൊലപാതകത്തിന്റെ കാരണം വ്യക്തമാകണമെങ്കില്‍ അവസാനം വരെ കാത്തിരിക്കണം. ക്ലൈമാക്‌സിലെ സംഘട്ടനം ഫഹദ് ഫാസിലിന്റെ വരത്തനെ ഓര്‍മ്മിപ്പിക്കും. അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിച്ച ചിത്രത്തിന്റെ ദൈര്‍ഘ്യം 129 മിനിറ്റാണ്.

നിരത്തുകളിലെയും തെരുവുകളിലെയും രക്തം പുരണ്ട ബിംബങ്ങളുടെ ഇരുണ്ട ദൃശ്യങ്ങളിലൂടെയാണ് ചാവേറിന്റെ തുടക്കം. ഒരു യുവാവിനെ വകവരുത്താന്‍ പാര്‍ട്ടി നേതാവ് ജി കെ നല്‍കിയ ക്വൊട്ടേഷന്‍ ഏറ്റെടുത്തിരിക്കുകയാണ് കൊലയാളി സംഘം.കരുത്തനായ അശോകനാണ് (കുഞ്ചാക്കോ ബോബന്‍) ടീമിന്റെ ക്യാപ്റ്റന്‍.ഏതു സാഹചര്യത്തിലും പതറാത്തവന്‍.ഏതു ലോക്കല്‍ കമ്മറ്റിയില്‍ നിന്നാണെന്നോ എവിടെ നിന്നാണെന്നോ ടീമംഗങ്ങള്‍ക്ക് പരസ്പരം അറിയില്ല. ആസൂത്രണ മെല്ലാം അണിയറയിലുള്ള നേതാവിന്റേതാണ്. മുസ്തഫ ( മനോജ് കെ യു ) ആസിഫ് (സജിന്‍ ഗോപു), തോമസ് (അനുരൂപ് ) എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങള്‍.തോമസാണ് നാടന്‍ ബോംബ് വിദഗ്ദന്‍. താഴെത്തട്ടിലുള്ള സാധാരണ പ്രവര്‍ത്തകരായ ഇവര്‍ക്ക് പാര്‍ട്ടിയെന്നു കേട്ടാല്‍ രക്തം തിളയ്ക്കും. നേതാക്കന്മാരോടുള്ള കൂറ് നൂറ് ശതമാനം.പാര്‍ട്ടിക്കു വേണ്ടി ചാകാനും തയ്യാര്‍.

തെയ്യം കെട്ടാന്‍ ഒരു കൊല്ലമായി വ്രതം നോറ്റിരിക്കുന്ന കിരണ്‍ കുമാര്‍ ( ആന്റണി വര്‍ഗീസ്) എന്ന 24 വയസ്സുകാരനാണ് ക്വൊട്ടേഷന്‍ സംഘത്തിന്റെ കൊലക്കത്തിക്ക് ഇരയാകുന്നത്. കൃത്യത്തിനു ശേഷം രക്ഷപ്പെട്ടോടുന്ന കൊലയാളികള്‍ക്കൊപ്പം ഒരു പ്രത്യേക സാഹചര്യത്തില്‍ അരുണ്‍ (അര്‍ജുന്‍ അശോകന്‍)എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയും കുടുങ്ങുന്നു. നാട്ടില്‍ പാര്‍ട്ടി സ്ഥാപിച്ച മുന്‍ എംഎല്‍എ കൃഷ്ണന്റെ മകനാണ് അരുണ്‍.രാഷ്ട്രീയത്തില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും അരുണിന്റെ അമ്മയ്ക്ക് (സംഗീത ) നാട്ടില്‍ ടീച്ചറമ്മ ‘ പ്രതിഛായയാണ്.

സംഘത്തിന്റെ പക്കലുള്ളത് മൂന്ന് ബോംബുകളാണ്. പൊട്ടിയതും പൊട്ടാത്തതുമായ ഓരോ ബോംബും കഥാമുഹൂര്‍ത്തങ്ങളില്‍ വഴിത്തിരിവായി മാറുന്നു.രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കു ശേഷം യഥാര്‍ത്ഥ കൊലയാളികള്‍ രക്ഷപെടുകയും വിവാദം ശമിപ്പിക്കാന്‍ പകരം പ്രതികളെ പാര്‍ട്ടി പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു കൊടുക്കുന്നതുമാണ് കണ്ണൂര്‍ രാഷ്ട്രീയത്തിലെ പതിവ് നടപടിക്രമം. കിരണ്‍ കുമാര്‍ കൊലപാതകത്തില്‍ പാര്‍ട്ടി ഈ ശീലം മാറ്റിയതോടെ അശോകനും സംഘാംഗങ്ങള്‍ക്കും ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് രക്ഷപെട്ടോടേണ്ടി വരുന്നു.ഇതോടെ ചിത്രം റോഡ് മൂവി -സര്‍വൈവല്‍ ത്രില്ലര്‍ സ്വഭാവത്തിലേക്കു മാറുകയാണ്. ജോയി മാത്യു സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം അങ്കിളില്‍ യാത്ര ഊട്ടിയില്‍ നിന്നും കോഴിക്കോടേക്കായിരുന്നുവെങ്കില്‍ ചാവേറില്‍ യാത്ര കണ്ണൂരില്‍ നിന്നും നീലഗിരി ഗൂഡല്ലൂരിലേക്കാണ്.

അവസാനത്തെ അര മണിക്കൂര്‍ ചിത്രം കൂടുതല്‍ ചടുലമാണ്. ആള്‍ക്കൂട്ട രംഗങ്ങള്‍ ചിത്രീകരിക്കുന്നതില്‍ ടിനു പാപ്പച്ചന് പ്രത്യേക മികവുണ്ട്. കിരണ്‍ കുമാറിന്റെ മൃതദേഹം കുടുംബാംഗങ്ങള്‍ ഏറ്റുവാങ്ങുന്ന ദൃശ്യം ഹൃദയസ്പര്‍ശിയാണ്. പാര്‍ട്ടിക്കുള്ളിലെ ജാതി രാഷ്ട്രീയം പറയാന്‍ തിരക്കഥാകൃത്ത് ശ്രമിച്ചുവെങ്കിലും പാളിപ്പോയി.

‘നിങ്ങള്‍ ചോദിക്കും:
എന്തു കൊണ്ടാണ് നിങ്ങളുടെ കവിത
സ്വപ്‌നത്തെക്കുറിച്ച് ഇലകളെക്കുറിച്ച് പൂക്കളെക്കുറിച്ച്
നിങ്ങളുടെ നാട്ടിലെ അഗ്‌നിശൈലങ്ങളെക്കുറിച്ച് പാടാത്തതെന്ന്?
വരൂ ഈ തെരുവിലെ ചോര കാണൂ!
വരൂ ഈ തെരുവിലെ ചോര കാണൂ’
പാബ്ലോ നെരൂദയുടെ പ്രശസ്തമായ വരികള്‍ കാണിച്ചു കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്. എന്നാല്‍ ഒരു ക്വൊട്ടേഷന്‍ കൊലപാതകം ദൃശ്യവല്‍ക്കരിക്കുന്നതിനപ്പുറം രാഷ്ടീയ മാനങ്ങളിലേക്ക് ചിത്രം കടക്കുന്നില്ല.

പരുക്കനായ അശോകനെ വ്യത്യസ്തമായ ശരീര ഭാഷ കൊണ്ട് കുഞ്ചാക്കോ ബോബന്‍ ഭംഗിയാക്കി. സന്ദേഹിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി അരുണിനെ അര്‍ജുന്‍ അശോകന്‍ വിശ്വസനീയമായി അവതരിപ്പിച്ചു. ചിത്രത്തില്‍ ആദ്യാവസാനമുള്ള പ്രധാന കഥാപാത്രമാണ് മുസ്തഫ.തിങ്കളാഴ്ച്ച നിശ്ചയം, പ്രണയ വിലാസം എന്നീ ചിത്രങ്ങളില്‍ കെ യു മനോജ് അവതരിപ്പിച്ച കഥാപാത്രങ്ങളെ പോലെ ചാവേറിലെ മുസ്തഫയും പ്രേക്ഷക ശ്രദ്ധ നേടും. ആന്റണി വര്‍ഗീസിന്റെ കിരണ്‍ കുമാര്‍ ചെറിയ വേഷമാണെങ്കിലും പ്രേക്ഷകര്‍ മറക്കില്ല.അരുണിന്റെ അമ്മയുടെ വേഷത്തില്‍ എത്തിയ സംഗീതയ്ക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. ജോയി മാത്യു, ദിപക് പറമ്പോല്‍ ,രാജേഷ് ശര്‍മ്മ തുടങ്ങിയവരും ചെറിയ വേഷങ്ങളില്‍ എത്തുന്നുണ്ട്.

തെയ്യത്തിന്റെ ദൃശ്യങ്ങളുമായി ഇടകലര്‍ത്തി ചിത്രമൊരുക്കുന്നതില്‍ എഡിറ്റര്‍ നിഷാദ് യൂസഫ് വിജയിച്ചു.ജസ്റ്റിന്‍ വര്‍ഗീസിന്റെ സംഗീതവും ഗോകുല്‍ ദാസിന്റെ കലാസംവിധാനവും ജിന്റോ ജോര്‍ജ്ജിന്റെ ക്യാമറയും മികച്ചതാണ്.