ചെന്നൈ : സിനിമാ ചരിത്രത്തിലെ എക്കാലത്തെയും ശ്രദ്ധേയമായ ക്ലാസിക് സംഗീത ചലച്ചിത്രങ്ങളിലൊന്നായ ‘ശങ്കരാഭരണം’ നവംബറിൽ വീണ്ടും തിയറ്ററുകളിലെത്തുന്നു.
മലയാളത്തിലും തമിഴിലുമായി ലോകവ്യാപകമായി റീ-റിലീസ് ചെയ്യുന്ന ചിത്രം 4കെ അള്‍ട്ര എച്ച്ഡി ദൃശ്യവ്യക്തതയിലും 7.1 സറൗണ്ട് സൗണ്ട് മികവിലുമാണ് പ്രദർശിപ്പിക്കുക. ശ്രീലാൽ ദേവരാജ് ആണ് ഡിജിറ്റൽ പതിപ്പ് ഒരുക്കിയിരിക്കുന്നത്.
കെ വിശ്വനാഥ് സംവിധാനം ചെയ്ത് 1980-ൽ പുറത്തിറങ്ങിയ ‘ശങ്കരാഭരണം’ ഭാരതീയ ശാസ്ത്രീയ സംഗീതത്തിന്റെ മഹത്വവും കലാകാരന്റെ ജീവിതവും മാനുഷിക ബന്ധങ്ങളുടെ ആഴവും ഹൃദയസ്പർശിയായി അവതരിപ്പിച്ച ചിത്രമാണ്.
ജെ. വി. സോമയാജുലു, മഞ്ജു ഭാർഗവി, രാജ്യ ലക്ഷ്മി, തുളസി, ചന്ദ്രമോഹൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സംഗീതാസ്വാദകരുടെ ഹൃദയത്തിൽ മായാത്ത അനുഭവമാണ്.
കെ. വി. മഹാദേവന്റെ അനശ്വര സംഗീതവും എസ്. പി. ബാലസുബ്രഹ്മണ്യത്തിൻ്റെ മാസ്മരിക ആലാപനവും ചിത്രത്തിലെ ഗാനങ്ങളെ അവിസ്മരണീയമാക്കുന്നു. ചിത്രത്തിലെ ‘ശങ്കരാ… നാദശരീരഭരാ’ എന്നു തുടങ്ങുന്ന സൂപ്പർഹിറ്റ് ഗാനം സംഗീതാസ്വാദകരുടെ ഹൃദയം കവർന്ന അനശ്വര ഗാനങ്ങളിലൊന്നാണ്.
ശാസ്ത്രീയ സംഗീതത്തിന്റെ പാരമ്പര്യവും മൂല്യങ്ങളും ആവിഷ്കരിച്ച ചിത്രം ദേശീയതലത്തിൽ ശ്രദ്ധേയമായ അംഗീകാരങ്ങൾ നേടിയിരുന്നു. മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 1980-ൽ സർണ മെഡൽ ലഭിച്ച ചിത്രം കൂടിയാണ് ‘ശങ്കരാഭരണം’. കൂടാതെ, രാഷ്ട്രപതി ഭവനിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രം എന്ന അപൂർവ്വ ബഹുമതിയും ഈ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.































