December 12, 2024 6:50 pm

കരുവന്നൂർ ബാങ്ക് തട്ടിപ്പ്;പണം മടക്കിനൽകി മുഖം രക്ഷിക്കാൻ സി പി എം

തിരുവനന്തപുരം: പാർട്ടിയുടെ ഉന്നത നേതാക്കളെയടക്കം സംശയനിഴലിലാക്കുന്ന തലത്തിലേക്ക് കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് മാറിയതോടെ, നിക്ഷേപകരുടെ പണം ഏതുവിധേനെയും മടക്കിനൽകി മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് സർക്കാരും സി.പി.എമ്മും.

നിക്ഷേപം മടക്കി നൽകിയാലും ഇ.ഡിയുടെ കുരുക്ക് മാറില്ല. സി.പി.എമ്മിന്റെ ഉന്നത നേതാക്കളെയടക്കം ഇ.ഡി നോട്ടമിട്ടിരിക്കുകയാണ്. തട്ടിപ്പും കള്ളപ്പണം ഇടപാടുമാണ് അവരുടെ മുന്നിലുള്ളത്.

ലോക് സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടാതിരിക്കാൻ ‌അടിയന്തര പരിഹാരം കണ്ടേതീരൂ എന്നാണ് നിലപാട്.

സഹകരണ പുനരുദ്ധാരണ നിധി വഴി പാക്കേജുണ്ടാക്കി നിക്ഷേപകരെ തണുപ്പിക്കാനാണ് സർക്കാർ ശ്രമം. ഒക്ടോബർ മൂന്നിന് കൊച്ചിയിൽ സഹകരണമേഖലാ വിദഗ്ദ്ധരുടെയും കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം സഹകരണമന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ ചേരും. നാലിന് സംസ്ഥാനത്തെ മുഴുവൻ സഹകാരികളുടെയും ഓൺലൈൻ യോഗവും ചേരും.

ഇ.ഡിക്ക് അവസരം തുറന്നുകൊടുത്തത് കരുവന്നൂർ വിഷയം കൈകാര്യം ചെയ്തതിലെ പിടിപ്പുകേടാണെന്ന മുറുമുറുപ്പ് സി.പി.എമ്മിലും ശക്തമാണ്.കരുവന്നൂർ തട്ടിപ്പിനെ ന്യായീകരിക്കാനാവില്ലെങ്കിലും ഇ.ഡി അന്വേഷണം സഹകരണമേഖലയെ തളർത്തുമെന്ന ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം സി.പി.എമ്മിന് ഈ ഘട്ടത്തിൽ പിടിവള്ളിയായി.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News