December 12, 2024 7:39 pm

ആന്റണി രാജുവിനെ വിടാതെ തൊണ്ടിയായിരുന്ന അടിവസ്ത്രം

ദില്ലി : മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍  കേസിലെ തൊണ്ടിയായിരുന്ന അടിവസ്ത്രം വിട്ടുകൊടുക്കാന്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവ് ഉണ്ടായിരുന്നോയെന്നു സുപ്രീംകോടതി ആരാഞ്ഞു.

പുനരന്വേഷണത്തിന് നിര്‍ദേശിച്ച ഹൈക്കോടതി ഉത്തരവിന് എതിരെ ആന്റണി രാജു നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി കേസ് അതീവ ഗൗരവമുള്ളതെന്ന് നിരീക്ഷിച്ചത്. ലഹരിമരുന്നു കേസില്‍ പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരന്റെ വ്യക്തിഗത സാധനകള്‍ വിട്ടുനല്‍കാനുള്ള മജിസ്ട്രേറ്റ് കോടതി ഉത്തരവില്‍ തൊണ്ടിമുതലായ അടിവസ്ത്രവും ഉള്‍പ്പെട്ടിരുന്നോ എന്ന് കോടതി ആരാഞ്ഞു. വിട്ടുനല്‍കിയ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിനല്‍കിയതിനെ തുടര്‍ന്ന് പ്രതി ശിക്ഷയില്‍ നിന്ന് രക്ഷപെട്ടുവെന്നാണ് ആന്റണി രാജുവിന് എതിരായ കേസില്‍ വിശദീകരിച്ചിരിക്കുന്നത്. മന്ത്രി ആന്റണി രാജുവിന് പുറമെ കോടതി ജീവനക്കാരനായ ജോസും കേസില്‍ പ്രതിയാണ്.

സംസ്ഥാന സര്‍ക്കാരിന് ഉള്‍പ്പടെ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സമയം അനുവദിച്ച് കേസ് നവംബര്‍ ഏഴിലേക്ക് സുപ്രീംകോടതി മാറ്റി.ആന്റണി രാജു നല്‍കിയ ഹര്‍ജിയില്‍ നേരത്തെ സംസ്ഥാന സര്‍ക്കാരിനും കേസിലെ എതിര്‍കക്ഷികള്‍ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള എതിര്‍കക്ഷികള്‍ സത്യവാങ്മൂലം ഫയല്‍ചെയ്യാന്‍ ഇന്ന് കോടതിയില്‍ കൂടുതല്‍ സമയം തേടുകയാണ് ഉണ്ടായത്. ഈ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി നവംബര്‍ ഏഴിലേക്ക് മാറ്റിയത്.

കേസിലെ പരാതിക്കാരനായ അജയന്‍ നല്‍കിയ ഹര്‍ജിയില്‍ തന്റെ കക്ഷിയെ “തൊണ്ടി ക്ലര്‍ക്ക്” എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നതെന്ന് ആന്റണി രാജുവിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ദീപക് പ്രകാശ് ആരോപിച്ചു. ആന്റണി രാജു അഭിഭാഷകനാണെന്നും “തൊണ്ടി ക്ലര്‍ക്ക് “എന്ന വിശേഷണം നീക്കണമെന്നും ദീപക് ആവശ്യപ്പെട്ടു.

ആന്റണി രാജുവിന് വേണ്ടി അഭിഭാഷകന്‍ ദീപക് പ്രകാശും സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്റിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറും ഹാജരായി. കേസിലെ ആദ്യ പരാതിക്കാരനായ വിരമിച്ച കോടതി ജീവനക്കാരന്‍ ടി.ജി. ഗോപാലകൃഷ്ണന്‍ നായര്‍ക്ക് വേണ്ടി അഭിഭാഷകന്‍ അമിത് കൃഷ്ണനും പരാതിക്കാരനായ അജയന് വേണ്ടി അഭിഭാഷകന്‍ ഡി.കെ. ദേവേഷും ഹാജരായി.

ആന്റണി രാജുവിന്റെ ഹര്‍ജി കഴിഞ്ഞ തവണ പരിഗണിച്ചപ്പോള്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി ഉത്തരവില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. കേസെടുത്തതിലെ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി എഫ്.ഐ.ആര്‍. റദ്ദാക്കിയെങ്കിലും കോടതിക്ക് നടപടിക്രമങ്ങള്‍ പാലിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി രജിസ്ട്രാര്‍ നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തിരുവനന്തപുരം സി.ജെ.എം. കോടതി പുനരന്വേഷണം ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News