കെഎസ്എഫഇയിലും ഇഡി വരും; മുന്നറിയിപ്പുമായി എകെ ബാലന്‍

In Featured, Special Story
October 18, 2023

കോഴിക്കോട്: കെഎസ്എഫ്ഇയിലും ഇഡി വരുമെന്ന് മുന്നറിയിപ്പുമായി സിപിഎം നേതാവ് എകെ ബാലന്‍. മുന്‍പ് ഇവിടെ 25 കോടിയുടെ വെട്ടിപ്പ് നടന്നു. സമാനസംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ജാഗ്രത പാലിക്കണം. കെഎസ്എഫ്ഇ ഓഫീസേഴ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബാലന്‍. ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ വേദിയിലിരിക്കെയായിരുന്നു ബാലന്റെ വിമര്‍ശനം. 

‘ടാര്‍ഗറ്റിന്റെ ഭാഗമായി എണ്ണം തീര്‍ക്കാന്‍ കള്ള ഒപ്പിട്ട് കള്ളപ്പേരിട്ട് കള്ളച്ചെക്ക് വാങ്ങി പൊള്ളച്ചിട്ടികള്‍ ഉണ്ടാക്കുകയാണ്. എത്രകാലം ഇത് തുടരാന്‍ പറ്റും. ഇത് ഉണ്ടാക്കുന്ന ഗുരുതരമായ സാമ്പത്തിക പ്രശ്‌നം എത്രമാത്രമാണെന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ?.  ഒരു സ്ഥാപനത്തിന്റെ നിലനില്‍പ്പാണ് ഇല്ലാതാവാന്‍ പോവുന്നത്’- ബാലന്‍ പറഞ്ഞു

‘ഇപ്പോ തന്നെ നിങ്ങള്‍ക്ക് അറിയാമല്ലോ സഹകരണമേഖലയോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന സമീപനം. അത് ഇവിടെ വരില്ലെന്ന് നിങ്ങള്‍ ധരിക്കരുത്. ഇവിടെ നടക്കന്ന ഈ ചെയ്തികളുമായി ബന്ധപ്പെട്ട് നാളെയല്ലെങ്കില്‍ മറ്റന്നാള്‍ ഈ ഏജന്‍സിക്ക് വരാന്‍ കഴിയില്ലെന്ന് ധരിക്കരുത്. കള്ളപ്രമാണങ്ങള്‍ വച്ചുകൊണ്ടുള്ള വായ്പകളുണ്ടാവുന്നു. ഈ പ്രവണത അവസാനിപ്പിക്കണം’ ബാലന്‍ പറഞ്ഞു.