ഹിന്ദുഹൃദയഭൂമിയില്‍ ബി ജെ പി വാഴ്ച

ന്യൂഡൽഹി : ജനങ്ങളെ സ്വാധീനിക്കുന്ന കാര്യത്തിൽ താൻ അജയ്യനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കൽ കൂടി തെളിയിച്ചു.മോദി പ്രഭാവവും ഹിന്ദുത്വയും ചേരുപടി ചേർത്തപ്പോൾ ബി ജെ പി നിയമസഭാ തിരഞ്ഞെടുപ്പുകളിൽ അനായാസം ജയിച്ചുകയറി.

തിരഞ്ഞെടുപ്പില്‍ നാലില്‍ മൂന്ന് സംസ്ഥാനവും ബിജെപി കൈപ്പിടിയിലാക്കി. കോണ്‍ഗ്രസിനെ രാജസ്ഥാനും ചത്തീസ്ഗഢും കൈവിട്ടു.മധ്യപ്രദേശില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷവും കടന്നുള്ള വിജയത്തിലേക്ക് എത്തിയത് ബി ജെ പിയെ പോലും അമ്പരപ്പിച്ചു.രാജസ്ഥാനില്‍ അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഭരണം മാറുന്നത് പതിവ് തുടര്‍ന്നു.

മധ്യപ്രദേശിൽ ഇരുമുന്നണികളും ഇഞ്ചോടിഞ്ച് മത്സരം കാഴ്ചവെക്കുമെന്നും,ഛത്തീഗഡിൽ വ്യക്തമായ ഭൂരിപക്ഷത്തിൽ കോൺഗ്രസ് വിജയിക്കുമെന്നായിരുന്നു പ്രവചനങ്ങൾ. തെലങ്കാനയിലെ വൻ വിജയക്കുതിപ്പ് മാത്രം കോൺഗ്രസ്സിനു ആശ്വാസം പകർന്നു.

അഞ്ച് സംസ്ഥാനങ്ങളിലും ആരെയും മുഖ്യസ്ഥാനത്തതേക്ക് ഉയർത്തിക്കാണിക്കാതെയുള്ള ബി.ജെ.പിയുടെ തിരഞ്ഞെടുപ്പായിരുന്നു ഇത്. കേന്ദ്ര നേതൃത്വം തന്നെ സംസ്ഥാനങ്ങളിലെ പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിച്ചു.മോദി മാത്രമായിരുന്നു താരപ്രചാരകൻ. അത് വോട്ടായി മാറുകയും ചെയ്തു.

കോൺഗ്രസിന്റെ കൈയിൽ ഉണ്ടായിരുന്ന സംസ്ഥാനങ്ങളും പ്രതീക്ഷയുള്ള സംസ്ഥാനങ്ങളും ബി.ജെ.പിയുടെ കയ്യിലെത്തിക്കാൻ മോദിക്ക് കഴിഞ്ഞു.അങ്ങനെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനു സുഭദ്രമായ അടിത്തറയിടാൻ അദ്ദേഹത്തിനു സാധിച്ചു.

ബി.ജെ.പി. ഭരണത്തിലെത്തുന്ന സംസ്ഥാനങ്ങളിൽ ആരോയൊക്കെയാണ് മുഖ്യമന്ത്രി സ്ഥാനങ്ങളിലേക്ക് നിയോഗിക്കുക എന്നതാണ് ഇനി അറിയേണ്ട കാര്യം.