November 6, 2026 7:23 pm

രാമായണ: ഹോളിവുഡ്ഡിനോട് കിടപിടിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം

ഡോ ജോസ് ജോസഫ്

കണ്ടും വായ് മൊഴികളിലുടെ കേട്ടും വായിച്ചും ഭാരതീയനായ ഏതൊരാൾക്കും മന:പാഠമായ കഥയാണ് രാമായണം.

കഥയ്ക്കപ്പുറം,കാലങ്ങളായി പല ഭാഷകളിലും ദേശങ്ങളിലും പലതരം പുനരാഖ്യാനങ്ങൾക്ക് വിധേയമായിട്ടുള്ള ഈ ഇതിഹാസം ഭാരതീയ സംസ്ക്കാരത്തിൻ്റെ ആധാരശിലകളിൽ പലതിൻ്റെയും ഉറവിടം കൂടിയാണ്.

Siya Ram Poster | Namit Malhotra's Ramayana | Nitesh Tiwari | Ranbir, Yash,  Sai, A.R. Rahman

സ്വന്തം ഇഷ്ടപ്രകാരം സിംഹാസനം ത്യാഗം ചെയ്യുകയും ഭൗതിക സുഖസൗകര്യങ്ങളെല്ലാം ഉപേക്ഷിച്ച് വനവാസത്തിന് പുറപ്പെടുകയും ചെയ്ത ഒരു രാജകുമാരൻ്റെ കഥയാണിത്. ഒരേ സമയം പണ്ഡിതനും അഹങ്കാരിയുമായ ലങ്കേശനെ രാമൻ പരാജയപ്പെടുത്തുന്നതാണ് രാമായണത്തിൻ്റെ അടിസ്ഥാന പ്രമേയം.

നിതിഷ് തിവാരി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം രാമായണ: ദി റൈസ് ഓഫ് ലെജൻഡ് ഒരു ഗ്രന്ഥത്തോടും കൃത്യത പാലിക്കുന്നില്ല എന്ന ആമുഖത്തോടെയാണ് തുടങ്ങുന്നത്. എങ്കിലും വാത്മീകിയുടെ രാമായണത്തോട് ഭക്തിപരമായ ബഹുമാനം നിലനിർത്തിയിട്ടുണ്ട്.

എല്ലാവർക്കുമറിയാവുന്ന രാമകഥ പുതിയ കാലത്തിന് വേണ്ടി ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ അതിശയിപ്പിക്കുന്ന ദൃശ്യപ്പൊലിമയിലാണ് നിതിഷ് തിവാരി തയ്യാറാക്കിയിരിക്കുന്നത് .ഭക്തിയിലും ആത്മീയതയിലുമല്ല, കഥ പറച്ചിലിലെ വൻ സ്കെയിലിലാണ് ചിത്രത്തിൻ്റെ ഊന്നൽ. കാഴ്ച്ച തന്നെയാണ് പ്രധാനം.

Sony Sets November Release Date For Indian Epic 'Ramayana'

നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും രാവണനായി അഭിനയിച്ച യഷിന്‍റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും സംയുക്തമായാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.4000 കോടി രൂപ ചെലവിൽ രണ്ട് ഭാഗങ്ങളായാണ് ചിത്രം പുറത്തിറങ്ങുന്നത്.രണ്ടാം ഭാഗം 2028 ദീപാവലിക്ക് പുറത്തിറങ്ങും.

രാമായണത്തിൻ്റെ ഏഴ് കാണ്ഡങ്ങളിൽ ബാലകാണ്ഡം, അയോധ്യാകാണ്ഡം, ആരണ്യകാണ്ഡം എന്നീ മൂന്ന് കാണ്ഡങ്ങളാണ് ആദ്യഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ആദ്യ പകുതിയുടെയും രണ്ടാം പകുതിയുടെയും തുടക്കത്തിൽ രാവണനാണ് ഗംഭീര പ്രകടനത്തിന് അവസരം നൽകിയിരിക്കുന്നത് വാത്മീകി രാമായണത്തിലെ കഥകൾ വലിയ മാറ്റമില്ലാതെ അതെ തുടർച്ചയിൽ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.

ത്രിലോകങ്ങളുടെ ആധിപത്യത്തിനു വേണ്ടി ദേവന്മാരും അസുരന്മാരും നടത്തുന്ന പൊരിഞ്ഞ പോരാട്ടത്തോടെയാണ് ചിത്രത്തിൻ്റെ തുടക്കം. അസുര മാതാവ് കൈകസിയുടെ യുദ്ധക്കളത്തിലെ ദൃശ്യങ്ങൾ ആരംഭത്തിൽ കാണാം.

Ranbir Kapoor-Sai Pallavi Casting Row To Song Backlash, 10 Ramayana  Controversies That Took Over The Internet

ദേവേന്ദ്രനും കൈകസിയുടെ പിതാവ് സുമാലിയും നയിക്കുന്ന ആ യുദ്ധത്തിൽ മഹാവിഷ്ണുവിൻ്റെ സഹായത്തോടെ ദേവന്മാർ വിജയം നേടുന്നു. ലങ്കയുടെ ഭരണം കുബേരൻ ഏറ്റെടുക്കുന്നു.

അസുരന്മാരുടെ ജീവിതം അന്ധകാരത്തിൽ നികൃഷ്ടജീവികളുടേതിന് തുല്യമായി മാറി. എന്നാൽ പോരാട്ടം അവിടെ അവസാനിച്ചില്ല.ദേവന്മാരെ പരാജയയപ്പടുത്താൻ അസുരന്മാരുടെ ശക്തിയും ഋഷിമാരുടെ ബുദ്ധിയുമുള്ള സന്താനങ്ങളെ ജനിപ്പിക്കാൻ ഒരു ഋഷിയെ കൈകസി വിവാഹം കഴിക്കുന്നു.

മൂത്ത പുത്രൻ വിഭീഷണന് ഋഷിമാരുടെ ശാന്തത മാത്രം ലഭിച്ചപ്പോൾ അസുര ശക്തി മാത്രം കിട്ടിയ കുംഭകർണ്ണൻ ആറ് മാസം ഉറങ്ങി തീർത്തു.മറ്റൊരു മകൻ ദശാനന് സംഗീതത്തിലും ശാസ്ത്രത്തിലുമായിരുന്നു താല്പര്യം. അസുര ശക്തിയും മുനിമാരുടെ ബുദ്ധിയുമുള്ള ദശാനനെ കൈകേസി ദേവന്മാർക്കെതിരെ തിരിക്കുന്നു.

4,500 Pieces, 18 Months, 3 Kingdoms: How <i>Ramayana</i>'s Jewellery Was  Created For Ranbir Kapoor, Sai Pallavi, And Yash

അമരത്വത്തിനു വേണ്ടി കൊടും തപസ്സ് അനുഷ്ഠിച്ച ദശാനൻ ദേവന്മാർ, അസുരന്മാർ, ഗന്ധർവ്വന്മാർ എന്നിവരാൽ കൊല്ലപ്പെടില്ലെന്ന വരം ബ്രഹ്മാവിൽ നിന്ന് നേടിയെടുക്കുന്നു. തുടർന്ന് കുബേരനെ തോൽപ്പിച്ച് ലങ്കാധിപതിയായി.അസാമാന്യമായ പാണ്ഡിത്യം, സംഗീതജ്ഞാനം, വേദശാസ്ത്രങ്ങളിലുള്ള അറിവ്, അഗാധമായ ശിവഭക്തി എന്നിവയെല്ലാം രാവണൻ്റെ സ്വഭാവത്തിൻ്റെ ഭാഗങ്ങളാണ്.

അതേ സമയം തൻ്റെ മഹത്വത്തെയും അധികാരത്തെയും കുറിച്ചുള്ള അടങ്ങാത്ത ആസക്തിയും അഹങ്കാരവും കാരണം ബുദ്ധിശക്തി തന്നെ നഷ്ടപ്പെട്ടുപോയ ആൾ കൂടിയാണ് രാവണൻ.

നിതീഷ് തിവാരി അവതരിപ്പിക്കുന്ന രാവണൻ പ്രജകൾക്ക് .മുമ്പിൽ സോഷ്യലിസ്റ്റായ ഒരു ഭരണാധികാരിയാണ്. രാജകൊട്ടാരത്തിലേത് പോലെ പ്രജകളുടെ ഭവനങ്ങളും സ്വർണ്ണം കൊണ്ട് പൊതിയണമെന്നും താൻ കഴിക്കുന്ന ഭക്ഷണം പ്രജകളും കഴിക്കണമെന്നും ഇച്ഛിക്കുന്ന ഭരണാധികാരി.

Ramayana review: A visual triumph with an emotional void

ചിത്രത്തിൻ്റെ ആദ്യത്തെ മുക്കാൽ മണിക്കൂർ ദശാനനിൽ നിന്നും രാവണിലേക്കുള്ള പരിവർത്തനവും വിഷ്ണു രാമനായി അവതരിക്കാനുള്ള പശ്ചാത്തലവുമാണ് സംവിധായകൻ കാണിക്കുന്നത്.ദശരഥ പുത്രനായി രാമൻ്റെ ജനനവും മാതൃ-പിതൃ സ്നേഹവും മര്യാദയും പ്രായത്തേക്കാൾ കവിഞ്ഞ പക്വതയും നിറഞ്ഞ ബാല്യവും യൗവ്വനത്തിൽ വിശ്വാമിത്രൻ്റെ പരിശീലനത്തിലുള്ള വനയാത്രയിലൂടെയുമാണ് രാമചരിതം മുന്നോട്ടു പോകുന്നത്.

മിഥിലാപുരിയിൽ രാമൻ ശിവ ധനുസ്സുയർത്തുന്നതും സീതാസ്വയംവരവുമൊക്കെ തന്മയത്വത്തോടെ ചിത്രീകരിച്ചിട്ടുണ്ട്. വിശ്വസ്ത ദാസി മന്ഥരയുടെ കുബുദ്ധിയ്ക്കു വഴങ്ങി വാക്കു പാലിക്കാൻ കൈകേയി ദശരഥനോട് ആവശ്യപ്പെടുന്നതും സർവ്വവും ത്യജിച്ച് രാമൻ 14 വർഷത്തെ വനവാസത്തിനു പുറപ്പെടുന്നതും വൈകാരികത ചോരാതെ അവതരിപ്പിച്ചിട്ടുണ്ട്.

രസികനായ ലക്ഷ്മണൻ ആരെയും ആകർഷിക്കും. ദശരഥൻ്റെ അയോദ്ധ്യയെക്കാൾ കൂടുതൽ മനോഹരമായാണ് ചിത്രത്തിൽ രാവണൻ്റെ ലങ്കയെ ചിത്രീകരിച്ചിരിക്കുന്നത്. രണ്ടാം പകുതിയിൽ ആരണ്യകാണ്ഡത്തിലെ സംഭവങ്ങൾ വലിയ മാറ്റമില്ലാതെ ചിത്രീകരിച്ചിട്ടുണ്ട്.

പഞ്ചവടിയിലെ മായാ സീതയും മാനായി വരുന്ന മാരീചനും ലക്ഷ്മണരേഖ ലംഘിക്കേണ്ടി വരുന്ന സീതയെയുമെല്ലാം രാമായണ മൂലകഥയോട് കൂറുപുലർത്തി അവതരിപ്പിക്കുന്നു.ശൂർപ്പണഖയുടെ മൂക്ക് ലക്ഷ്മണൻ വെട്ടുന്ന സംഭവത്തോടെ സീതാ അപഹരണത്തിന് അരങ്ങൊരുങ്ങി.

Ranbir Kapoor-Yash's Ramayana Part 1 to release worldwide on November 5 |  Bollywood News - The Indian Express

കിഷ്കിന്ദാ കാണ്ഡത്തിലേക്ക് കടക്കാതെ രാവണ -ജഡായു സംഘർഷത്തോടെയാണ് രണ്ടാം പകുതി അവസാനിക്കുന്നത്. ലങ്ക കീഴടക്കുക എന്ന അസാധ്യ ദൗത്യമാണ് രാമന് മുന്നിൽ.ഹനുമാൻ്റെ മിന്നൽ കാണാമെങ്കിലും രാമ-ഹനുമാൻ സംഗമം ഒന്നാം ഭാഗത്തിൽ നടക്കുന്നില്ല.

ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞ ഗീതു മോഹൻ ദാസ് ചിത്രം ടോക്സിക്കിനു ശേഷമുള്ള യഷിൻ്റെ അതിശക്തമായ തിരിച്ചു വരവാണ് രാമായണയിലെ രാവണൻ.ബോളിവുഡിലേക്കുള്ള യഷിൻ്റെ അരങ്ങേറ്റവും ഈ ചിത്രത്തിലൂടെയാണ്.

കിടിലൻ പ്രകടനമാണ് ചിത്രത്തിൽ യഷിൻ്റേത്.ശിവഭക്തനാന്നെങ്കിലും അഹങ്കാരിയാണ് അയാൾ.വൈരുദ്ധ്യങ്ങളേറെയാണ് ഈ കഥാപാത്രത്തിന്. അതെല്ലാം അതീവ മികവോടെ അവതരിപ്പിക്കുന്നുണ്ട് യഷ്.

എന്നാൽ പ്രകടനത്തിൽ കൂടുതൽ അവസരം യഷിനാണെങ്കിലും ഈ ചിത്രത്തിൻ്റെ ആത്മാവ് രൺബീർ കപൂറിൻ്റെ രാമൻ തന്നെയാണ്. അതിശയകരമായ യുവത്വവും തേജസ്സും പ്രസരിപ്പിക്കുന്നതാണ് രൺബീർ അവതരിപ്പിക്കുന്ന രാമൻ്റെ മുഖം.

അതിൽ രാജകീയതയും . ഗാംഭീര്യവും ധർമ്മിഷ്ഠതയും കരുണയും ശാന്തതയുമെല്ലാം കൃത്യമായി പ്രതിഫലിക്കുന്നുണ്ട്. മര്യാദാ പുരുഷോത്തമനായ രാമനു വേണ്ട സ്വഭാവ ഗുണങ്ങളെല്ലാം രൺബീറിൻ്റെ മുഖഭാവങ്ങളിലുണ്ട്.

Ramayana' trailer India release date and time revealed; Ranbir Kapoor, Yash  set to unveil epic at San Diego Comic-Con - Details Inside | - The Times of  India

എന്തിനാ എന്നോട് മാത്രം വിധി ഇങ്ങനെ കാണിക്കുന്നതെന്ന് വിലപിക്കുന്ന രാമൻ അവസാനം എൻ്റെ വിധി ഞാൻ തീരുമാനിക്കും എന്ന ദൃഢനിശ്ചയത്തിൽ എത്തുന്നു. തികഞ്ഞ യോദ്ധാവ് കൂടിയായ രാമൻ്റെ ഈ പരിണാമം രൺബീർ ഭംഗിയായി അവതരിപ്പിച്ചു.

ഇന്ത്യൻ സ്ക്രീനുകളിൽ ഇതുവരെ വന്ന രാമൻ വേഷങ്ങളിൽ ഏറ്റവും മികച്ചതാണ് രൺബീറിൻ്റേത്. ‘ആനിമലിൽ ‘കണ്ട രൺബീറാണ് ഇതെന്ന് വിശ്വസിക്കുക പ്രയാസം.ലക്ഷ്മണനായി രവി ദുബെയും മികച്ച പ്രകടനം പുറത്തെടുക്കുന്നു.

സീതയായി സായ്പല്ലവി ഒരു മിസ്കാസ്റ്റാണെന്ന് ഏറെ വിമർശനം ഉയർന്നിരുന്നു. പരമ്പരാഗത സീതാ സങ്കല്പങ്ങൾക്ക് എതിരാണ് സായ് പല്ലവിയുടെ രൂപം എന്നായിരുന്നു വിമർശനം.അതെല്ലാം തള്ളിക്കളയുന്നതാണ് ചിത്രത്തിലെ സായ്പല്ലവിയുടെ പ്രകടനം.

സീതാ മാതയ്ക്ക് വേണ്ട ധർമ്മബോധം കുലീനത്വം ,ഭക്തി, ആത്മാഭിമാനം സ്നേഹം സഹന സന്നദ്ധത എന്നിവയെല്ലാം സായ്പല്ലവിയുടെ മുഖഭാവങ്ങളിൽ ഭംഗിയായി പ്രതിഫലിച്ചു.ആയോധന വിദഗ്ദ കൂടിയായ സീതാ ദേവി സ്വന്തം വ്യക്തിത്വം കാത്തു സൂക്ഷിക്കുന്ന കഥാപാത്രമാണ്.

Ramayana First Review: Ranbir Kapoor And Yash's Film Is 'Breathtaking',  Delivers 'Best Action' | Bollywood News - News18

രാമാനന്ദ സാഗറിൻ്റെ രാമായണം ടെലിവിഷൻ പരമ്പരയിൽ രാമനെ അവതരിപ്പിച്ച അരുൺ ഗോവിലാണ് ഈ ചിത്രത്തിൽ ദശരഥനായി എത്തുന്നത്.ശൂർപ്പണഖയായി രാകുൽ പ്രീതും മണ്ഡോദരിയായി കാജൽ അഗർവാളും എത്തുന്നു.

ശൂർപ്പണഖയുടെ ഭർത്താവ് വിദ്യുത്ജീവയായെത്തിയത് വിവേക് ഒബ്രോയിയാണ്. അസുര മാതാവ് കൈകസിയുടെ വ്യത്യസ്ത വേഷത്തിൽ ശോഭന തിളങ്ങി.രാവണന്റെ മകൻ മേഘനാദനായി രാഘവ് ജുയലും കുംഭകർണനായി ഫൈസൽ അലിയും മാരീചനായി സൗരഭ് സച്ദേവും വേഷമിടുന്നു.

കൈകേയിയായി ലാറ ദത്തയുടെ പ്രകടനത്തിൽ നാടകീയത മുഴച്ചു നിന്നു. ചിത്രത്തിൽ ഓരോ കഥാപാത്രത്തിനും കൃത്യമായ സ്പേസ് നൽകാൻ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്. നിതേഷ് തിവാരി, ശ്രീധർ രാഘവൻ, ശ്രേയസ് ജെയിൻ എന്നിവർ ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

അതിനാടകീയത ഒഴിവാക്കിയ സംഭാഷണങ്ങളിൽ മിതത്വം സൂക്ഷിച്ചിട്ടുണ്ട്. തുളസീദാസിൻ്റെ വരികളെ ആധാരമാക്കി രവീന്ദ്ര ജെയിനാണ് രാമാനന്ദ് സാഗറിൻ്റെ രാമായണം ടി വി പരമ്പരയ്ക്ക് സംഗീതം നൽകിയത്.നിതിഷ് തിവാരിയുടെ രാമായണയ്ക്ക് സംഗീതം പകർന്നിരിക്കുന്നത് ഓസ്ക്കാർ ജേതാക്കളായ ഏ ആർ റഹ്മാനും ഹാൻസ് സിമ്മറും ചേർന്നാണ്.

Ramayana Trailer: Yash steals the show as Ravana while Ranbir Kapoor's Lord  Ram prepares for war. Netizens call it 'truly divine' - The Economic Times

രാമചരിതത്തിലെ നിർണ്ണായക സംഭവങ്ങൾക്ക് പരമ്പരാഗത ഭാരതീയ സംഗീത പൈതൃകത്തിൽ ഊന്നി ഏ ആർ റഹ്മാനും രാവണൻ്റെ സംഘർഷ രംഗങ്ങളിൽ ഹോളിവുഡ് ശൈലിയിൽ ഹാൻസ് സിമ്മറുമാണ് സംഗീതം നൽകിയിരിക്കുന്നത്.

ഹുസേഫ ലോഖണ്ട്‌വാലയാണ് മൂന്നേകാൽ മണിക്കൂർ മണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിൻ്റെ എഡിറ്റർ.ഡ്യൂൺ രണ്ട് ഡിസൈൻ ചെയ്ത രാംസെ അവേരി, രവി ഭൻസാൽ, സുബ്രത ചക്രവർത്തി, അമിത് റേ എന്നിവരാണ് ഈ ചിത്രത്തിൻ്റെ പ്രൊഡക്‌ഷൻ ഡിസൈൻ നിർവ്വഹിച്ചിരിക്കുന്നത്. ലങ്കയുടെയും അയോദ്ധ്യയുടെയും മിഥിലാ പുരിയുടെയും പ്രൊഡക്ഷൻ ഡിസൈനുകൾ തികച്ചും വ്യത്യസ്തമാണ്.

Ramayana box office collection day 1: Ranbir Kapoor, Yash film surpasses  Animal, Pathaan's opening-day hauls, but fails to beat Adipurush | Bollywood

ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ഗൈ നോറിസാണ് സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ഹോളിവുഡിലെ പ്രമുഖ വിഎഫ്എക്സ് സ്റ്റുഡിയോ ഡിഎൻഇജി (DNEG) ആണ് ചിത്രത്തിന്റെ ഗ്രാഫിക്സ് തയ്യാറാക്കിയിരിക്കുന്നത്.നിർമ്മാതാവ് കൂടിയായ അമിത് മൽഹോത്രയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്റ്റുഡിയോ.

ദേവന്മാരും അസുരന്മാരും തമ്മിലുള്ള പ്രാരംഭ യുദ്ധവും അനുപം ഖേർ ശബ്ദം നൽകിയ ജടായുവും രാവണനും തമ്മിലുള്ള പോരാട്ടവും വിസ്മയകരമായി അവതരിപ്പിച്ചിട്ടുണ്ട്.ശരീരവലിപ്പമേറിയ രാക്ഷസന്മാരുടെ അനിമേഷൻ ഹോളിവുഡ് സ്റ്റൈലിൽ ഒരുക്കിയത് നന്നായിട്ടില്ല. കുംഭകർണ്ണൻ്റെ ശിരസ്സും ശരീരവും തമ്മിലുള്ള അനുപാതവും ശരിയായിട്ടില്ല.

മൂലകൃതിയോട് നീതി പുലർത്തി നിർമ്മിച്ച രാമായണ ഒന്നാം ഭാഗം ഹോളിവുഡിലെ വമ്പൻ ചിത്രങ്ങളോട് കിടപിടിക്കുന്ന മികച്ച ദൃശ്യാനുഭവമാണ്.

Ramayana Advance Booking: Ranbir Kapoor-Yash Film Nears Rs 10 Crore Before  Release

——————————————————–

(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News