മണിപ്പൂരിനൊപ്പം: പ്രധാനമന്ത്രി

ന്യൂഡൽഹി: വംശീയ കലാപം മൂലം കത്തിയെരിഞ്ഞ മണിപ്പൂർ ഇപ്പോൾ സമാധാനപാതയിലേക്ക് തിരിച്ചെത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ 77ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കമിട്ട് ചെങ്കോട്ടയിൽ സാരിക്കുകയായിരുന്നു അദ്ദേഹം.

മണിപ്പുരിൽ അടക്കം പല ഭാഗങ്ങളിലും ഹിംസാത്മക സംഭവങ്ങളുണ്ടായി. മണിപ്പുരിൽ സഹോദരിമാരുടെ അഭിമാനത്തിന് ക്ഷതമേൽക്കുന്ന അക്രമമുണ്ടായി. രാജ്യം മണിപ്പുരിനൊപ്പമാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ മണിപ്പുരിൽ സമാധാനാന്തരീക്ഷമുണ്ടാക്കാൻ ശ്രമിക്കുകയാണ്, അത് തുടരും.– മോദി പറഞ്ഞു.
നേരത്തെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി. രണ്ടു സൈനിക ഹെലികോപ്റ്ററുകൾ പുഷ്പവൃഷ്ടി നടത്തി.

രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിൽ എത്തിയത്. .

140 കോടി കുടുംബാഗങ്ങളെ എന്ന് അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. രാജ്യത്തിന് സ്വാതന്ത്ര്യം നേടി നൽകുന്നതിനായി ജീവത്യാഗം ചെയ്ത എല്ലാവർക്കും ആദരമർപ്പിക്കുന്നതായി മോദി അറിയിച്ചു.

ജനസംഖ്യ, ജനാധിപത്യം, വൈവിധ്യം എന്നിവയ്ക്ക് രാജ്യത്തിന്റെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കാനുള്ള കഴിവുണ്ട്. ഏറ്റവും അധികം യുവാക്കൾ ഇന്ത്യയിലാണ്. യുവജനങ്ങളിലാണ് രാജ്യത്തിന്റെ പ്രതീക്ഷ.ഇന്ത്യയിൽ എല്ലാവർക്കും അവസരമുണ്ട്.

ആഗ്രഹിക്കുന്നവർക്ക് ആകാശത്തോളം അവസരം ഇന്ത്യ നൽകും. ഇന്ത്യയുടെ കയറ്റുമതി അതിവേഗം വർധിക്കുന്നു. കാർഷികരംഗത്തും കയറ്റുമതിയിലും ഇന്ത്യ മുന്നേറുന്നു. ഇന്ത്യ ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നു, ഇന്ത്യയുടെ വൈവിധ്യം ലോകം കാണുന്നു. ഇന്ത്യയുടെ വളർച്ചയും വികസനവും രാജ്യത്തിത്തോടുള്ള ലോകരാജ്യങ്ങളുടെ വിശ്വാസത്തിന് കാരണമായിയെന്നും പ്രധാനമന്ത്രി പറഞ്ഞു.