July 11, 2025 12:07 pm

ദേശീയപാത:കരാറുകാരെ രണ്ടുവര്‍ഷത്തേക്ക് വിലക്കുമെന്ന് മന്ത്രി ഗഡ്കരി

ന്യൂഡല്‍ഹി: കേരളത്തിലെ ദേശീയപാത 66-ലെ വിള്ളലുമായി ബന്ധപ്പെട്ട് കരാറുകാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.

കരാറുകാരെ രണ്ടുവര്‍ഷത്തേക്ക് വിലക്കുമെന്നും റോഡ് പുതുക്കി പണിയുന്നതിന് പൂര്‍ണ നഷ്ടപരിഹാരം ഈടാക്കുമെന്നും കമ്പനി 85 കോടിയുടെ നിര്‍മാണം അധികമായി നടത്തണമെന്നും മന്ത്രി പറഞ്ഞു.

കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ്, കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ച ഹൈവേ എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്റ് (എച്ച്ഇസി) എന്നിവരെ രണ്ടുവര്‍ഷത്തേക്ക് വിലക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഈ വിഷയത്തില്‍ കരാറുകാര്‍ക്കെതിരേ യാതൊരുതരത്തിലുള്ള വിട്ടുവീഴ്ചയും ചെയ്യില്ലെന്നും കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മേയ് 19-നാണ് എന്‍എച്ച് 66-ന്റെ കൂരിയാട് മേഖലയില്‍ ചില ഭാഗങ്ങള്‍ ഇടിഞ്ഞുതാണത്. ദേശീയപാത ഇടിഞ്ഞ് സര്‍വീസ് റോഡിലേക്ക് വീഴുകയും സര്‍വീസ് റോഡ് അടക്കം തകരുകയും ചെയ്തിരുന്നു.

ഇക്കാര്യത്തില്‍ ദേശീയപാത അതോറിറ്റിയുടെ രണ്ടംഗസംഘം പരിശോധന നടത്തുകയും ഇവരുടെ പ്രഥമവിവര റിപ്പോര്‍ട്ട് അനുസരിച്ച് കരാര്‍ കമ്പനിയെ ഡീബാര്‍ ചെയ്യുകയും ചെയ്തിരുന്നു.

സംഭവത്തില്‍ കൊച്ചിയിലെ പ്രോജക്ട് ഡയറക്ടറെ സസ്പെന്‍ഡ് ചെയ്യുകയും സൈറ്റ് എന്‍ജിനിയറെ പിരിച്ചുവിടുകയും ചെയ്തിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദേശീയപാത നിര്‍മാണത്തില്‍ സമാന പ്രശ്‌നങ്ങളുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News