ടെഹ്‌റാന്‍: അമേരിക്ക നടത്തിയ ആക്രമണത്തിന് തിരിച്ചടി നൽകാൻ ഇറാൻ നീക്കങ്ങൾ ആരംഭിച്ചു.
അമേരിക്കയുടെ നാവികസേനാ കപ്പലുകൾ ലക്ഷ്യമിട്ട് ആക്രമണം നടത്താനും, ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാനും ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയുടെ ഒരു പ്രധാന ഉപദേഷ്ടവ് ആഹ്വാനം ചെയ്തതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
ബഹ്റൈനില്‍ നിലയുറപ്പിച്ച അമേരിക്കന്‍ നാവികപ്പടയ്ക്ക് നേരെ മിസൈല്‍ ആക്രമണം ആരംഭിക്കണം എന്നാണത്രെ നിർദേശം. അമേരിക്കന്‍, ബ്രിട്ടീഷ്, ജര്‍മ്മന്‍, ഫ്രഞ്ച് എന്നിവരുടെ കപ്പല്‍ ഗതാഗതം തടയാനായി ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുകയും വേണമെന്ന് ഉത്തരവ് വന്നതായി റിപ്പോർട്ടിലുണ്ട്.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജ ഇടനാഴിയായി വർത്തിക്കുന്ന ഇടമാണ് ഹോർമുസ് കടലിടുക്ക്.പേർഷ്യൻ ഗൾഫിനെ ഗൾഫ് ഓഫ് ഒമാൻ, അറബിക്കടൽ എന്നിവയുമായി ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ജലപാതയാണിത്. 21 നോട്ടിക്കൽ മൈലാണ് വീതി.
ലോകത്തിലെ ഏറ്റവും ഊർജ്ജസമ്പന്നമായ ചില രാജ്യങ്ങളിൽ നിന്നുള്ള എണ്ണ, വാതക കയറ്റുമതിയുടെ പ്രധാന ഗതാഗത മാർഗ്ഗം കൂടിയാണ് ഹോർമൂസ്. സൗദി അറേബ്യ, ഇറാഖ്, കുവൈത്ത്, ഇറാൻ, യുഎഇ തുടങ്ങിയ രാജ്യങ്ങളെല്ലാം അവരുടെ അസംസ്കൃത എണ്ണ ആഗോള വിപണിയിലെത്തിക്കാൻ ആശ്രയിക്കുന്നത് ഈ കടലിടുക്കിനെയാണ്.
ദിവസവും ഏകദേശം 20-21 ദശലക്ഷം ബാരൽ എണ്ണയാണ് ഇതിലൂടെ കടന്നുപോകുന്നത്. ഇത് ലോകത്തിലെ പ്രതിദിന ഉപഭോഗത്തിന്റെ ഏകദേശം അഞ്ചിലൊന്നാണ്.ഇറാൻ്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും ഈ കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്.അതുകൊണ്ട് അവരുടെ സമ്പദ് വ്യവസ്ഥയേയും ഇത് ഗുരുതരമായി ബാധിക്കും.
ദ്രവീകൃത പ്രകൃതിവാതകത്തിൻ്റെ ഒരു പ്രധാന പാത കൂടിയാണിത്. ഇവിടെയുണ്ടാകുന്ന ഏതൊരു തടസ്സവും പശ്ചിമേഷ്യയെ മാത്രമല്ല, ലോകമെമ്പാടുമുള്ള ഊർജ്ജ വിപണികളെ ബാധിക്കും.ആധുനിക ചരിത്രത്തിൽ ഹോർമൂസ് കടലിടുക്ക് ഒരു തവണ പോലും പൂർണ്ണമായി അടച്ചിട്ടില്ല.
ഹോർമൂസ് വഴി എണ്ണക്കപ്പലുകൾ യൂറോപ്പിലേക്ക് കടക്കാൻ ഇറാൻ സമ്മതിക്കില്ലെന്നാണ് പറയൂന്നത്.അങ്ങനെയെങ്കിൽ ഊർജമേഖലയിൽ, പിന്നീട് നിത്യജീവിതത്തിൽപ്പോലും ദൂരവ്യാപകമായ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാവും.അമ്പതോളം വലിയ എണ്ണ ടാങ്കറുകൾ ഹോർമൂസിലൂടെ കടക്കാൻ ശ്രമിക്കുന്നതായാണ് റിപ്പോർട്ട്.
ഇറാൻ്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ അമേരിക്കന്‍ ആക്രമണത്തോട് ഖമീനിയില്‍ നിന്നോ ഇറാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
അതേസമയം, ആക്രമണത്തില്‍ ഫോര്‍ഡോ ആണവ കേന്ദ്രത്തിന് കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടില്ലെന്ന് ഇറാന്‍ പാര്‍ലമെന്റ് അംഗം മുഹമ്മദ് മനാന്‍ റഈസി പറഞ്ഞു. അപകടകരമായ വസ്തുക്കള്‍ നീക്കിയിരുന്നു. അതിനാൽ ആണവ വികിരണം ഉണ്ടായിട്ടില്ല.