July 11, 2025 11:13 am

ഇസ്രായേലിലേക്ക് നൂറോളം ‍ഡ്രോണുകൾ അയച്ച് ഇറാൻ്റെ തിരിച്ചടി

തെഹ്റാൻ: ഇസ്രായേലിനെതിരെ തിരിച്ചടി തുടങ്ങി ഇറാൻ.നൂറോളം ‍ഡ്രോണുകളാണ് അവർ ഇസ്രയേലിലേക്കു തൊടുത്തത്.

വെള്ളിയാഴ്ച പുലർച്ചെയോടെ നടന്ന ഇസ്രയേൽ ആക്രമണങ്ങൾക്ക് ശക്തമായ മറുപടി നൽകുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി വ്യക്തമാക്കിയിട്ടുണ്ട്.

തലസ്ഥാനമായ തെഹ്‌റാൻ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള ഒന്നിലധികം കേന്ദ്രങ്ങളിൽ പുലർച്ചെയാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. പിന്നാലെ ഇറാൻ തങ്ങളുടെ വ്യോമാതിർത്തി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിട്ടിരിക്കുകയാണ്.

തങ്ങളുടെ പ്രധാന എണ്ണ ശുദ്ധീകരണശാലകള്‍ക്കോ ഇന്ധന ഡിപ്പോകള്‍ക്കോ ഒന്നും സംഭവിച്ചിട്ടില്ലെന്നും രാജ്യവ്യാപകമായി എണ്ണക്കമ്പനികളുടെ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരുന്നുണ്ടെന്നും ഇറാൻ അറിയിച്ചു

ഇസ്രായേൽ നടത്തിയ ആക്രമണത്തിനായി ഇറാൻ്റെ രാജ്യാതിർത്തിക്കുള്ളിൽ സ്ഥാപിച്ച താവളങ്ങളും ഉപയോഗപ്പെടുത്തിയെന്നു റിപ്പോർട്ടുണ്ട്.
ഇസ്രായേൽ ചാരസംഘടനയായ മൊസ്സാദ് രഹസ്യമായി സ്ഥാപിച്ച ഡ്രോൺ താവളത്തിൽ നിന്നു കൂടിയായിരുന്നു ആക്രമണമെന്ന് ‘ടൈംസ് ഓഫ് ഇസ്രായേൽ’ റിപ്പോർട്ട് ചെയ്തു.

ഇറാൻ്റെ ഉള്ളിൽ തന്നെ ഡ്രോൺ താവളം സ്ഥാപിക്കുക, മാരക പ്രഹരശേഷിയുള്ള ആയുധങ്ങളും കമാൻഡോകളെയും രാജ്യത്തേക്ക് കടത്തുക എന്നീ ലക്ഷ്യങ്ങളിൽ വർഷങ്ങളായി മൊസ്സാദുംസൈന്യവും ചേർന്നു പ്രവർത്തിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ അവകാശവാദമുണ്ട്.

മധ്യഇറാനിൽ വിമാനവേധ സംവിധാനങ്ങൾക്കു സമീപവും ഇസ്രായേൽ മിസൈൽ സ്ഥാപിച്ചുവെന്നും കൃത്യസമയത്ത് ആക്രമണം നടത്തിയെന്നും സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ചു കൊണ്ടുള്ള റിപ്പോർട്ടിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News