ക്ഷേത്ര ഫണ്ട് സഹകരണ ബാങ്കുകളിൽ; ഹൈക്കോടതി വിശദീകരണം തേടി

In Featured, Special Story
October 15, 2023

കൊച്ചി :വയനാട് വള്ളിയൂർക്കാവ് ദേവീക്ഷേത്ര ഫണ്ട് സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചതിൽ ഹൈക്കോടതി വിശദീകരണം തേടി. എന്ത് സാഹചര്യത്തിലാണ് ദേവസ്വം ഫണ്ട് സഹകരണ സംഘങ്ങളിൽ നിക്ഷേപിച്ചത് എന്നാണ് വിശദീകരിക്കേണ്ടത്. ക്ഷേത്രത്തിന്റെ കണക്കുകളിൽ കൃത്യമായ ഓഡിറ്റ് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. 

മലബാർ ദേവസ്വം ബോർഡിന് കീഴിൽ വരുന്ന വയനാട് വള്ളിയൂർക്കാവ് ദേവീക്ഷേത്രത്തിലെ ഫണ്ട് സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചതിനെതിരെ ഒരുകൂട്ടം ഭക്തരാണ് ഹൈക്കോടതിയെ സമീപിച്ചത്. ദേവസ്വം ഫണ്ട് സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളുടെ ഗുണത്തിനായി ഉപയോഗിക്കുന്നു എന്നായിരുന്നു ഹർജിയിലെ ആരോപണം. അതിനാൽ സഹകരണ ബാങ്കുകളിൽ നിന്ന് മാറ്റി ദേവസ്വം ഫണ്ട് ദേശസാൽകൃത ബാങ്കുകളിൽ നിക്ഷേപിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.

മലബാർ ദേവസ്വം കമ്മീഷണർ വിശദീകരണം നൽകണമെന്നാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയത്. പത്തുവർഷത്തിലേറെയായി സഹകരണ ബാങ്കുകളിൽ അക്കൗണ്ട് ഉണ്ടെന്ന് ക്ഷേത്രം ട്രസ്റ്റികൾ അറിയിച്ചിരുന്നു. ക്ഷേത്രത്തിന്റെ കണക്കുകളിൽ കൃത്യമായ ഓഡിറ്റ് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് കോടതി പറഞ്ഞു. ലോക്കൽ ഫണ്ട് ഓഡിറ്റിൽ ചൂണ്ടിക്കാണിച്ച അപാകതകൾ ദേവസ്വം ബോർഡ് പരിഹരിച്ചോ എന്നതും പരിശോധിക്കണം.

ഹർജിയിൽ സംസ്ഥാന സർക്കാർ, റവന്യൂ സെക്രട്ടറി, സഹകരണ റജിസ്ട്രാർ എന്നിവരെ കക്ഷി ചേർത്ത ദേവസ്വം ബെഞ്ച്, സർക്കാരിനും, മലബാർ ദേവസ്വം ബോർഡിനും നോട്ടീസയച്ചു. ഹർജി കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.