ഇസ്രയേലിനെ രൂക്ഷമായി വിമര്‍ശിച്ച് ചൈന

In Featured, Special Story
October 15, 2023

ബെയ്ജിംഗ്: ഇസ്രയേല്‍-ഹമാസ് യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇസ്രയേലിനെ രൂക്ഷമായി വിമര്‍ശിച്ച് ചൈന. ഇസ്രയേലിന്‍റെ പ്രവൃത്തികള്‍ പ്രതിരോധ നടപടികളുടെ അതിര്‍വരമ്പുകള്‍ കടന്നുവെന്നും ഗാസയിലെ ജനതയെ കൂട്ടത്തോടെ ശിക്ഷിക്കുന്ന നടപടികള്‍ ഇസ്രയേല്‍ ഉടന്‍ നിറുത്തിവെക്കണമെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി പറഞ്ഞു.

പ്രശ്‌നങ്ങള്‍ എത്രയും വേഗം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കാനുള്ള നീക്കം മറ്റ് രാഷ്ട്രങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുദ്ധം ആരംഭിച്ച് കഴിഞ്ഞ് ഇതാദ്യമായാണ് ചൈന പ്രതികരിക്കുന്നത് .

സൗദി അറേബ്യയുടെ വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് വാങ് യി നിലപാട് വ്യക്തമാക്കിയത്. വിഷയത്തില്‍ ഉത്തരവാദിത്വപരവും ഫലപ്രദവുമായ ഇടപെടല്‍ അമേരിക്ക നടത്തണമെന്ന് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്‍റണി ബ്ലിങ്കനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ വാങ് യി ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ട് വന്നിരുന്നു.

എന്നാല്‍ ഹമാസ് നടത്തുന്ന ഭീകരതയെ പറ്റി ചൈനയുടെ ഭാഗത്ത് നിന്നും പരാമര്‍ശമുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി പല ഭാഗത്ത് നിന്നും പ്രതിഷേധം ഉയരുന്നുണ്ട്. സമാധാന ചര്‍ച്ചകള്‍ക്കായി ചൈനയുടെ പ്രതിനിധി പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്നും അറിയിപ്പ് വന്നിരുന്നു.

വടക്കന്‍ ഗാസയില്‍ താമസിക്കുന്നവര്‍ക്ക് സുരക്ഷിതമായി തെക്കന്‍ ഭാഗത്തേക്ക് പോകാന്‍ സുരക്ഷിത ഇടനാഴി തുറന്നുവെന്ന് ഇസ്രയേല്‍ സൈന്യം ഞായറാഴ്ച അറിയിച്ചു. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ ഈ ഇടനാഴിയില്‍ ആക്രമണം നടത്തില്ലെന്ന് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) എക്‌സില്‍ അറിയിച്ചു.

വടക്കന്‍ ഗാസയില്‍ നിന്ന് തെക്കോട്ട് നീങ്ങാന്‍ ഈ അവസരം ഉപയോഗിക്കുകയെന്നും ഗാസ നിവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും സുരക്ഷ പ്രധാനമാണെന്നും ഐഡിഎഫ് കൂട്ടിച്ചേര്‍ത്തു.