ക്ഷത്രിയൻ…
മാഷന്മാര്‍ക്ക് അബദ്ധം പറ്റാറില്ല, പറ്റ് പറ്റുകയേ ഉള്ളൂ. കഴിഞ്ഞ ദിവസം നമ്മുടെ മാർക്സിസ്ററ് കേരളാചാര്യൻ എം.വി.ഗോവിന്ദന്‍ മാഷ് ഒരമൃതവചനം ലോകത്തിന് മുന്നില്‍ സമര്‍പ്പിക്കുകയുണ്ടായി.
സിഎംആര്‍എല്‍ -എക്‌സാ ലോജിക് വിഷയത്തില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്‍റെ നടപടി സുപ്രീം കോടതി സ്‌റ്റേ ചെയ്തതിനെ വാര്‍ത്താ ലേഖകര്‍ ചോദ്യം ചെയ്തപ്പോള്‍, അതൊരു ആവേശകരമായ വിധിയെന്നാണ് മാഷ് പ്രഖ്യാപിച്ചത്. അണികൾ അത് കേട്ട് പുളകംകൊള്ളുമെന്നായിരുന്നു മാഷിൻ്റെ വിചാരം. പാവം കായിക മാഷിൻ്റെ അഭ്യാസം ഏററില്ല.
സാമ്പത്തിക ഇടപാടു കേസില്‍ വെറും പത്ത് ദിവസത്തേക്ക് ഹൈക്കോടതി നടപടിക്ക് സ്റ്റേ വാങ്ങിനൽകിയതുകൊണ്ട് പാര്‍ട്ടിക്ക് എന്ത് ആവേശമാണ് ഉണ്ടാകുന്നതെന്ന് സാധാരണക്കാരായ സഖാക്കളോടല്ലെങ്കിലും, ചോദ്യം ചോദിച്ച ലേഖകനോടെങ്കിലും മാഷൊന്ന് വിശദീകരിച്ചു തരേണ്ടതായിരുന്നു. അതൊരു സാമാന്യ മാർക്സിസ്ററ് മര്യാദയല്ലേ, മാഷേ…

സാമ്പത്തിക അഴിമതിയുടെ പടുകുഴിയില്‍ നില്‍ക്കുമ്പോള്‍ കിട്ടുന്ന ഈ പത്ത് ദിവസത്തെ സ്റ്റേ എന്നത് മുങ്ങുന്നവന് കിട്ടുന്ന വൈക്കോല്‍ത്തുമ്പുപോലെയാണെന്ന് പറയാന്‍ മാഷിന്‍റെ രാഷ്ട്രീയ ധൈര്യത്തെ സമ്മേളിക്കണം ! ഭാര്യയെ തൻ്റെ സ്ഥാനത്ത് സ്ഥാനാർഥിയാക്കിയ മാഷിനെന്ത് ധൈര്യക്കുറവ് ?
പരമോന്നത കോടതിയുടെ ഉത്തരവെന്നത് ഏതെങ്കിലും പാര്‍ട്ടി സമരത്തിന്‍റെയോ രക്തസാക്ഷി വാര്‍ഷികത്തിൻ്റയോ പേരിലുണ്ടായ ഒന്നല്ല. മറിച്ച്, സംസ്ഥാന ഗവണ്‍മെൻ്റടുത്ത ഒരു കേസില്‍ പ്രതിഭാഗത്തുള്ള വ്യക്തികളുടെ ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കണമെന്ന ഒരു സാങ്കേതിക നിര്‍ദ്ദേശം മാത്രമാണ് സുപ്രീം കോടതി നല്‍കിയിരിക്കുന്നത്.
അത് വീണ്ടും ഹൈക്കോടതിയുടെ പടിപ്പുരയിലേക്ക് തന്നെ തിരിച്ചുപോകുമ്പോള്‍ ഏത് ആകാശമാണ് ഇടിഞ്ഞുവീഴുക എന്ന് കാത്തിരുന്ന് കാണാം. ഇതൊരു കേസിന്‍റെ അന്തിമ വിധിയുമല്ല, നീതിന്യായ വ്യവസ്ഥയുടെ വിപ്ലവകരമായ തിരുത്തലുമല്ല. വെറുമൊരു പത്ത് ദിവസത്തേക്ക് ഒരു ചെറിയ ഉത്തരവ് മരവിപ്പിച്ചതിനെ പാര്‍ടിയുടെ വലിയൊരു മുന്നേറ്റമായി മാഷ് കാണുന്നത് പിണറായി ഭക്തിയുടെ അതിപ്രസരം കൊണ്ടല്ലാതെ മറ്റെന്തുകൊണ്ടാണ്?
പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നിരയിലെ പ്രമുഖനുമായ പിണറായി വിജയനും അദ്ദേഹത്തിന്‍റെ മകള്‍ വീണയും മരുമകന്‍ മുഹമ്മദ് റിയാസും ഉള്‍പ്പെട്ടതാണ് ഈ പറയുന്ന സാമ്പത്തിക ഇടപാട്. ഇതില്‍ ഹവാലയും കള്ളപ്പണം വെളുപ്പിക്കലും കൈക്കൂലിയുമൊക്കെയുണ്ടെന്നാണ് നാട്ടിലെ പാട്ടായ വര്‍ത്തമാനങ്ങള്‍. കാരണഭൂതൻ്റെ കമ്യൂണിസ്ററ് മൂല്യം കണ്ട് ജനം സ്തംഭിച്ചുപോയ ആരോപണങ്ങൾ.
മോദിയുടെ കയ്യിലുള്ള ഇഡിയുടെ അന്വേഷണ പരിധികളില്‍ കോടതി യാതൊരുവിധ കൈകടത്തലുകളും നടത്തിയിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ എടുത്ത എഫ്ഐആറും റദ്ദാക്കിയിട്ടുമില്ല. എന്നിട്ടും മാഷ് ഇതിലൊരു വലിയ ആവേശം കാണുന്നത് കാണുമ്പോള്‍ ഫലിതം മൂക്കത്തുകയറുന്നു.
മാഷ് ഈ ആവേശ പ്രകടനം നടത്തിയപ്പോള്‍ കൗതുകകരമായ മറ്റൊരു കാര്യം കൂടി സംഭവിച്ചു. പ്രിയപ്പെട്ട വീണയുടെ പേര് മാഷ് പാടെ വിട്ടുകളഞ്ഞു. എ കെ ജി സെൻ്ററിൻ്റെ വിലാസത്തിൽ കമ്പനി തുടങ്ങിയ പിണറായി വിജയന്‍റെ മകളെയാണോ പാര്‍ട്ടി സംരക്ഷിക്കുന്നതെന്ന ചോദ്യം ഒഴിവാക്കാന്‍, പിണറായിയെയും മുഹമ്മദ് റിയാസിനെയും മാത്രം പേരെടുത്ത് പറയാന്‍ മാഷ് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ടാകാം.
പാര്‍ട്ടിയില്‍ യാതൊരു പദവിയുമില്ലാത്ത ഒരു വ്യക്തിക്കുവേണ്ടി തെരുവില്‍ ഇറങ്ങി എന്തിന് വിയര്‍പ്പൊഴുക്കണം എന്ന ചോദ്യം താഴെത്തട്ടിലുള്ള പ്രവര്‍ത്തകരില്‍ നിന്ന് ഉയരുന്നുണ്ടെന്ന് തിരിച്ചറിയാനുള്ള വകതിരിവ് മാഷിനുണ്ട് എന്നത് ആശ്വാസകരം തന്നെ. ഇ ഡിയെ ആക്രമിച്ചതിന് ജയിലിൽ പോയി ‘ത്യാഗം’ അനുഷ്ഠിച്ച സഖാക്കൾക്ക് കാര്യമെന്തായിരുന്നു എന്നിപ്പോഴും അറിയില്ല
എങ്കിലും പ്രവര്‍ത്തകരില്‍ എങ്ങനെയെങ്കിലും കുറച്ച് ആവേശം കുത്തിവയ്ക്കാനായിരിക്കാം ‘റദ്ദാക്കി’ എന്നൊരു പദപ്രയോഗം മാഷ് നടത്തി നോക്കിയത്. എന്നാല്‍ സുപ്രീം കോടതി ചെയ്തത് കേസ് റദ്ദാക്കുകയല്ല, മറിച്ച് ഹൈക്കോടതിയിലേക്ക് തന്നെ തിരിച്ചുവിടുക മാത്രമാണ്. അത് സഖാക്കൾക്ക് മനസ്സിലായെങ്കിലും മാഷിനിപ്പോഴും പിണറായി ഭക്തനായി തുടരാതിരിക്കാനാവില്ലല്ലോ .
പാര്‍ട്ടിയുടെ താത്വികാചാര്യൻ്റെ ഇത്തരം വ്യാഖ്യാനങ്ങളിലൂടെയും ദിവാസ്വപ്നങ്ങളിലൂടെയും ഒരിക്കലും സാധാരണ പ്രവര്‍ത്തകരെ പോരാട്ടത്തിന് സജ്ജമാക്കാന്‍ കഴിയില്ല. പിണറായി വിജയന്‍റെ മകളുടെ പേര് വീണ തൈകണ്ടി എന്നാണല്ലോ.
ഈ അവസരത്തില്‍ യാദൃശ്ചികമെന്നോണം മറ്റൊരു വീണയുടെ പേരിലുള്ള ആക്ഷേപവും ഉയര്‍ന്നുവന്നിട്ടുണ്ട്; അത് മറ്റാരെയുമല്ല, മുന്‍ മന്ത്രി വീണാ ജോര്‍ജ്ജിനെക്കുറിച്ചാണ്. പാർടി ദത്തെടുത്ത പഴയ ടി വി താരം വീണയെക്കുറിച്ച് തന്നെ.
കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ സഖാവ് വീണാ ജോര്‍ജ്ജ് വന്നിറങ്ങിയപ്പോള്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ ദൂരെ നിന്ന് വെറുതെയൊന്ന് കരിങ്കൊടി കാണിക്കുകമാത്രമാണ് ചെയ്തത്. എന്നാല്‍ ആ ദൂരത്തുള്ള പ്രതിഷേധത്തെ വലിയൊരു വധശ്രമമാക്കി മാറ്റി പാര്‍ട്ടി വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചു. കോണ്‍ഗ്രസ് ഓഫീസുകള്‍ വ്യാപകമായി അടിച്ചുതകര്‍ക്കപ്പെട്ടു, മുഖ്യമന്ത്രി പിണറായി അവരെ ആശുപത്രിയിൽ പോയി കണ്ട് ആശ്വസിപ്പിച്ചു.
നിരപരാധികളായ കെഎസ്‌യു നേതാക്കളെ രാത്രിയോടെ പിടികൂടി ജയിലിലടയ്ക്കുകയും ചെയ്തു. അന്ന് പാര്‍ട്ടി സെക്രട്ടറി ഗോവിന്ദന്‍ പറഞ്ഞത് എത്രമാത്രം നുണയായിരുന്നു എന്നത് പിന്നീട് കേരളം ചര്‍ച്ച ചെയ്തതാണ്. വീണാ ജോര്‍ജ്ജിൻ്റെ കഴുത്തിലും കൈയിലും പിടിച്ച് തിരിച്ചു എന്നൊക്കെയല്ലേ മാഷ് അന്ന് പത്രസമ്മേളനത്തില്‍ തട്ടിവിട്ടത് ! ശ്രീമതി ടീച്ചറും ടീച്ചറമ്മയായ കെ കെ ശൈലജയും വീണയ്ക്ക് വേണ്ടി കണ്ണീരോഴുക്കി. ആകെയോരു ജഗപൊകയുണ്ടാക്കി.
കെഎസ്‌യുകാര്‍ക്ക് ആ മന്ത്രിക്കടുത്തേക്ക് ചുരുങ്ങിയത് പടിപ്പുര കടന്നുപോലും എത്താന്‍ കഴിഞ്ഞിരുന്നില്ല എന്നതാണ് പരമാര്‍ത്ഥം. പിന്നെ എന്തിനാണ് പാര്‍ട്ടി സെക്രട്ടറി ഇങ്ങനെ പച്ചക്കള്ളങ്ങള്‍ വിളിച്ചുപറഞ്ഞത് എന്നത് ഇന്നത്തെ ഹൈക്കോടതി വിധി ‘റദ്ദാക്കി’ എന്ന് പറയുന്നതുമായി ചേര്‍ത്തുവായിക്കുമ്പോഴാണ് കൂടുതല്‍ വ്യക്തമാകുന്നത്.
അത്യന്തം സങ്കീർണമായ കാര്യങ്ങൾ ലളിതമായ ക്യാപ്സ്യൂൾ ആക്കി വിഴുങ്ങാൻ കൊടുക്കുക എന്നത് ഏത് ആചാര്യൻ്റെയും കടമയാണെന്നത് മറക്കാനാവില്ലല്ലോ. മാഷ് അത് അത്യന്തം സത്യസന്ധമായി നിർവഹിച്ചു എന്ന് കരുതിയാൽ മാത്രം മതി.
ഭരണം മാറിയപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ വന്നതോടെയാണ് അന്വേഷണം മറ്റൊരു വഴിക്ക് തിരിഞ്ഞത്. അന്ന് വീണാ ജോര്‍ജ്ജ് പറഞ്ഞിട്ടാണ് കെഎസ്‌യുകാര്‍ ആക്രമിച്ചു എന്ന് താന്‍ കള്ളമൊഴി നല്‍കിയതെന്ന് അവരുടെ ഗണ്‍മാന്‍ തന്നെ തിരുത്തിപ്പറഞ്ഞു.റെയില്‍വേ സ്‌റ്റേഷനിലുണ്ടായിരുന്ന വനിതാ എസ്‌ഐ പോലും താന്‍ നല്‍കാത്ത മൊഴിയാണ് പൊലീസ് രേഖകളില്‍ എഴുതിവച്ചതെന്ന് പരസ്യമായി വെളിപ്പെടുത്തിയിരിക്കുന്നു. അവർ കോടാലിക്കൈകൾ ആയിരുന്നോ എന്ന് ഇനി തിരക്കിയേ പററൂ.
ഒരു പാര്‍ട്ടിയും ആ പാര്‍ട്ടിയുടെ വിരല്‍ത്തുമ്പില്‍ നൃത്തം ചെയ്യുന്ന പോലീസും ആശുപത്രിയുമുണ്ടെങ്കില്‍ ആരെയും എളുപ്പത്തില്‍ പ്രതിയാക്കാമെന്ന് തെളിയിക്കപ്പെട്ട ഒരു കേസാണിത്. ഇതാണ് ‘തൊഴിലാളിവർഗ സർവാധിപത്ര്യം’. ചൈനയിലും ക്യൂബയിലും നിലവിലുണ്ടെന്ന് പാർടി വിശ്വസിക്കുന്ന ഭരണ സംവിധാനം.
സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം മനുഷ്യത്വമില്ലാത്ത ഇത്തരം നടപടികള്‍ പുതിയതല്ല. സ്വന്തം നേതാവായിരുന്ന ടി.പി.ചന്ദ്രശേഖരനെ മൃഗീയമായി വെട്ടിക്കൊലപ്പെടുത്തിയപ്പോള്‍ അവർ ന്യായങ്ങള്‍ നിരത്തി. മാവോയിസ്റ്റ് സിദ്ധാന്തം പ്രചരിപ്പിച്ചു എന്നാരോപിച്ച് നിഷ്‌കളങ്കരായ യുവാക്കളെ യുഎപിഎ ചുമത്തി ജയിലിലടച്ചു.. മാവോവാദികളെ പിണറായി ഭരണത്തില്‍ വെടിവെച്ചുകൊന്നു. ഇതെല്ലാം നമ്മൾ കണ്ടിട്ടുള്ളതാണ്. എന്നിട്ടാണിപ്പോൾ ഗോവിന്ദൻ മാഷിൻ്റെ ‘ അഹിംസാഭാഷണം’. സഖാക്കളേ സഹിച്ചേ പററൂ. ഒരു നിവൃത്തിയുമില്ല.































