ഡോ ജോസ് ജോസഫ്
കഴിഞ്ഞ വർഷത്തെ ഓണക്കാലത്ത് ബോക്സ് ഓഫീസിൽ ഒന്നാമതെത്തിയ ചിത്രമായിരുന്നു വീക്കെൻഡ് ബ്ലോക്ക്ബസ്റ്ററിൻ്റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ച ആർഡിഎക്സ്.ഷെയിൻ നിഗം, ആൻ്റണി വർഗീസ് പെപ്പെ എന്നിവരായിരുന്നു ആർഡിഎക്സിലെ നായകന്മാർ.
ഇതേ നിർമ്മാണ കമ്പനിയുടെ ഈ വർഷത്തെ ഓണച്ചിത്രമാണ് ആൻ്റണി വർഗീസ് നായകനായി അഭിനയിച്ച കൊണ്ടൽ.നവാഗതനായ അജിത് മാമ്പള്ളിയാണ് സംവിധാനം. ആക്ഷൻ ഹീറോ ആൻ്റണി വർഗീസ് പെപ്പെ എന്ന ടൈറ്റിൽ കാർഡോടെയാണ് ചിത്രത്തിൻ്റെ തുടക്കം. കരയിൽ തുടങ്ങി ആഴക്കടൽ പരപ്പിലേക്കു നീളുന്ന ആൻ്റണി വർഗീസ് പെപ്പെയുടെ ക്വിൻ്റൽ ഭാരമുള്ള അടിയാണ് കൊണ്ടലിൻ്റെ പ്രത്യേകത. രണ്ടര മണിക്കൂറിനടുത്താണ് ചിത്രത്തിൻ്റെ ദൈർഘ്യം.
വലിയ പുതുമയൊന്നും അവകാശപ്പെടാനില്ലാത്ത പതിവ് പ്രതികാര കഥയാണ് കൊണ്ടൽ. ആഴക്കടലിൽ ഒരു മത്സ്യബന്ധന ബോട്ടിൻ്റെ പശ്ചാത്തലത്തിൽ പ്രതികാര കഥ അരങ്ങേറുന്നു എന്നതാണ് കൊണ്ടലിനെ വ്യത്യസ്തമാക്കുന്നത്.ചിത്രത്തി ൻ്റെ 80 ശതമാനവും കരയിൽ നിന്ന് ദൂരെ ആഴക്കടൽ പരപ്പിലാണ് ചിത്രീകരിച്ചിരിക്കുന്നത്. കടലിൻ്റെ മക്കളുടെ ജീവിത ദുരിതം പറഞ്ഞു കൊണ്ടാണ് ചിത്രത്തിൻ്റെ തുടക്കം.
വീടുകൾ കടലെടുക്കുന്നതും വൻകിട മത്സ്യബന്ധന വ്യവസായികൾ ചീഞ്ഞ വരവ് മത്സ്യം കൊണ്ടു വന്നു തള്ളുന്നതും അശാസ്ത്രീയമായ തുറമുഖ നിർമ്മാണം മത്സ്യത്തൊഴിലാളികളുടെ ജീവനെടുക്കുന്നതുമെല്ലാം കഥയിൽ പറഞ്ഞു പോകുന്നുണ്ട്. തിരുവനന്തപുരം അഞ്ചുതെങ്ങ് കടപ്പുറത്തെ മാനുവൽ (ആൻ്റണി വർഗീസ് പെപ്പെ ) എന്ന യുവാവിൻ്റെ ഉള്ളിൽ എരിയുന്ന പ്രതികാരവാഞ്ചയാണ് ചിത്രത്തെ മുന്നോട്ടു കൊണ്ടു പോകുന്നത് ‘
കടലിൻ്റെ മക്കൾ ഉപയോഗിക്കുന്ന വാക്കാണ് കൊണ്ടൽ. കടലിൽ നിന്ന് കരയിലേക്കു വീശുന്ന നാലാം കാറ്റിനെയാണ് അവർ കൊണ്ടൽ എന്നു വിളിക്കുന്നത്. അഞ്ചുതെങ്ങിലെ നല്ലൊരു പണിക്കാരനായിരുന്ന മാനുവൽ.ചിത്രം തുടങ്ങുമ്പോൾ അലസനും മദ്യപാനിയുമാണ്.
അയാളെ വേട്ടയാടുന്ന ഭൂതകാലം എന്താണെന്ന് കുടുംബാംഗങ്ങൾക്കു മാത്രമറിയാം. അന്യായം കണ്ടാൽ പെട്ടെന്ന് പ്രതികരിക്കുന്ന സ്വഭാവമാണ് മാനുവലിൻ്റേത്. വരവു മീൻ ഇറക്കുന്നതുമായുണ്ടായ പ്രശ്നത്തെ തുടർന്ന് അയാൾക്ക് കുറച്ചു കാലത്തേക്ക് നാട്ടിൽ നിന്ന് മാറി നിൽക്കേണ്ടി വരുന്നു.
മുതലാളിയുടെ മരുമകൻ ജുഡ് ( ഷബീർ കല്ലറയ്ക്കൽ) നിയന്ത്രിക്കുന്ന മത്സ്യബന്ധന ബോട്ടിൽ പണിക്കാരനായി കയറി മാനുവേൽ ആഴക്കടലിലേക്കു പോകുന്നു. പല സ്വഭാവക്കാരായ തൊഴിലാളികൾ സംശയദൃഷ്ടിയോടെയാണ് മാനുവലിനെ നോക്കുന്നത്. അവിടെ അപകടം സദാസമയവും അയാളുടെ പിന്നാലെയുണ്ട്.
യാദൃശ്ചികമായാണോ മാനുവൽ ആ ബോട്ടിൽ ജോലിക്കു കയറിയത്? ആ ബോട്ടുമായി അയാളുടെ ഭൂതകാലത്തിനുള്ള ബന്ധമെന്താണ്? അയാളുടെ സഹോദരൻ ഡാനിക്ക് ( രാജ് ബി ഷെട്ടി ) ആ ബോട്ടിൽ വെച്ച് എന്താണ് സംഭവിച്ചത് ?ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ചിത്രത്തെ മുന്നോട്ടു കൊണ്ടു പോകുന്നത്.
കടലിലേക്ക് എത്തുന്നതോടെ പശ്ചാത്തലവും കഥാപാത്രങ്ങളും തീർത്തും പരുക്കനായി മാറുന്നു. കരയിലും കടലിലും തൂക്കിയടിക്കുന്ന ആൻ്റണി പെപ്പെയെ’ ചിത്രത്തിൽ കാണാം. രണ്ടാം പകുതിയിലാണ് പ്രതികാരത്തിലേക്ക് ചിത്രം ട്രാക്ക് മാറുന്നത് ‘ എന്നാൽ നായകൻ്റെ പ്രതികാരദാഹം അതേപടി പ്രേക്ഷകരിലേക്ക് എത്തുന്നില്ല. അതിനു പരിഹാരമായി ഇടക്കിടെ ഉഗ്രൻ ഇടി കാണാം.
സ്രാവ് വേട്ട ഉൾപ്പെടെ കടലിലും ബോട്ടിലുമായി ചിത്രീകരിച്ച സംഘട്ടന രംഗങ്ങളാണ് ചിത്രത്തെ വേർതിരിച്ചു നിർത്തുന്നത്. വി എഫ് എക്സ് രംഗങ്ങൾ ബോറടിപ്പിക്കില്ല.വിക്രം മോർ, കലൈ കിങ്സൺ,തവാസി രാജ് എന്നിവർ ചേർന്നൊരുക്കിയ സംഘട്ടന രംഗങ്ങളാണ് ചിത്രത്തിൻ്റെ പ്രധാന ആകർഷണം.എന്നാൽ ആർഡിഎക്സിൻ്റെ അതേ ആവേശം പ്രേക്ഷകരിൽ ഉണർത്താനായിട്ടില്ല.
ആക്ഷൻ രംഗങ്ങളിലാണ് ആൻ്റണി പെപ്പെയുടെ മികവ്. വൈകാരിക രംഗങ്ങളിൽ അത്ര പോര. അധികം സംഭാഷണങ്ങൾ ഇല്ലെങ്കിലും മുഖഭാവങ്ങൾ കൊണ്ട് അമ്പരിപ്പിക്കുന്ന അഭിനയമാണ് സ്രാങ്കിൻ്റെ വേഷമിട്ട നന്ദുവിൻ്റേത്.സ്പിരിറ്റിനു ശേഷം നന്ദുവിന് ലഭിച്ച ഏറ്റവും മികച്ച വേഷമാണ് കൊണ്ടലിലെ സ്രാങ്ക്.
സർപട്ട പരമ്പരൈയിലെ ഡാൻസിംഗ് റോസ്, കിങ് ഓഫ് കൊത്തയിലെ കണ്ണൻ ഭായി എന്നീ വേങ്ങളിൽ തിളങ്ങിയ ഷബീർ കല്ലറയ്ക്കൽ ജൂഡായി ഗംഭീര പ്രകടനം നടത്തി. കന്നട സൂപ്പർ സ്റ്റാർ രാജ് ബി ഷെട്ടി ടർബോയ്ക്കു ശേഷം മലയാളത്തിൽ അഭിനയിക്കുന്ന വേഷമാണ് കൊണ്ടലിലെ ഡാനി. ജൂഡിൻ്റെ പ്രധാന സഹായി മൈക്കിൾ രാഹുൽ രാജഗോപാലിൻ്റെ വ്യത്യസ്ത വേഷമാണ്.മണികണ്ഠൻ ആചാരി, പ്രമോദ് വെളിയനാട് , അഭിരാം രാധാകൃഷ്ണൻ, ശരത് സഭ, നെബീഷ് ബെൻസൺ, ഗൗതമി നായർ, പ്രതിഭ, ഉഷ, ജയ എസ് കുറുപ്പ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
സംവിധായകൻ അജിത് മാമ്പള്ളി, റോയലിൻ റോബർട്ട് ,സതീഷ് തോന്നക്കൽ എന്നിവർ ചേർന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.ലക്ഷ് യം കാണാത്ത തിരക്കഥ ശരാശരി നിലവാരത്തിലുള്ളതാണ്. ആഴക്കടലിൽ ഒരു ബോട്ടിൻ്റെ പശ്ചാത്തലത്തിൽ കുറച്ചു കഥാപാത്രങ്ങളെ മാത്രം വെച്ച് പിരിമുറുക്കം ചോരാതെ ആക്ഷൻ ത്രില്ലർ ഒരുക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്.
എന്നാൽ ലീനിയർ രീതിയിൽ പരമ്പരാഗത മാതൃകയിലുള്ള മേക്കിംഗിൽ പുതുമയൊന്നുമില്ല. ദീപക് ഡി മേനോൻ്റെ ഛായാഗ്രഹണവും സാം സി എസിൻ്റെ സംഗീതവും ആക്ഷൻ ത്രില്ലറിന് ചേർന്നതാണ്.
———————————————————-
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-