യെച്ചൂരി ആം ആദ്മി പാർട്ടിക്ക് വോട്ടു ചെയ്തപ്പോൾ….

കൊച്ചി : ആം ആദ്മി പാർട്ടിയുടെ തലവനും, ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ ഒരു മുഴുത്ത കള്ളനാണോ ? സാഹചര്യത്തെളിവുകൾ വിളിച്ചു പറയുന്നത് അതാണെന്ന് എഴുത്തുകാരനും രാഷ്ടീയ നിരീക്ഷകനുമായ സി.അർ. പരമേശ്വരൻ ഫേസ്ബുക്കിൽ കുറിപ്പിട്ടു.

കുറിപ്പിൻ്റെ പൂർണരൂപം :

കേജ്‌രിവാൾ ജൂൺ രണ്ടിന് തന്നെ ജയിലിലേക്ക് തിരിച്ചു പോകണം എന്ന അഭിപ്രായക്കാരനാണ് ഞാൻ. കാരണം അദ്ദേഹത്തിന്റെ ചില പ്രസംഗങ്ങൾ താനും ഒരു അഴിമതിക്കാരനാണ് എന്ന് വിളിച്ചുപറയുന്ന സാഹചര്യതെളിവുകളാണ്.

അദ്ദേഹത്തിന്റെ കഴിഞ്ഞ ഒരു വർഷത്തെ ഒരുപാട് പ്രസംഗങ്ങളിൽ പിണറായി സാറിനോടും, ലാലു സാറിനോടും സ്റ്റാലിൻ സാറിനോടും മമതാദീദിയോടും ഉള്ള ഐക്യദാർഢ്യപ്രഹർഷം ആണുള്ളത്. 13വർഷം മുൻപുള്ള അഴിമതിയെ കുറിച്ചുള്ള കേജ്രിവാളിന്റെ നിർവചനം അനുസരിച്ചാണെങ്കിൽ മേൽപ്പറഞ്ഞവരൊക്കെ മുഴുത്ത അഴിമതിക്കാരാണ്.

എന്നെപ്പോലുള്ളവർ ഒക്കെ അന്ന് കേജ്‌രിവാളിന്റെ അത്തരം പ്രസംഗങ്ങൾക്ക് കൈയ്യടിച്ചിരുന്നത് ഓർക്കുമല്ലോ. ഇന്ന് അതേ കേജ്‌രിവാൾ താൻ അഴിമതി വീരന്മാരായ ലാലുവിന്റെയും പിണറായിയുടെയും സ്റ്റാലിന്റെയും മമതയുടെയും അതെ ബാൻഡ് വാഗണിൽ ആണെന്ന് അവകാശപ്പെടുമ്പോൾ അയാളും ഒരു മുഴുത്ത കള്ളനാണെന്ന് നമുക്ക് ധരിക്കേണ്ടിവരും.

മോദി സർക്കാരിന്റെ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ശരിക്കും തെരഞ്ഞെടുപ്പിനെ ഒരു പ്രഹസനം ആക്കാൻ ഉദ്ദേശിച്ചിട്ടുള്ളതായിരുന്നു. അതിനെ എന്നെപ്പോലുള്ളവർ താഴെപ്പറയുന്ന കാരണങ്ങളാൽ എതിർത്തു:

1. മുൻപ് ഉണ്ടായിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ രൂപീകരണ രീതി അട്ടിമറിച്ച് ,തങ്ങളുടെ മുൻപിൽ ഇരിക്കാൻ ധൈര്യപ്പെടാത്ത, വിനീത വിധേയരായ കീഴുദ്യോഗസ്ഥന്മാരെ വച്ചുള്ള കമ്മീഷൻ രൂപീകരണം തന്നെ സ്വതന്ത്രമായ തെരഞ്ഞെടുപ്പിനെ തുരങ്കം വയ്ക്കുന്നത് ആയിരുന്നു. അതിന്റെ പ്രതിഫലനം ഇതുവരെയുള്ള തെരഞ്ഞെടുപ്പ് ഘട്ടങ്ങളിലെല്ലാം കാണാമായിരുന്നു. ബിജെപിയുടെ നിരവധിയായ തെരഞ്ഞെടുപ്പ് ചട്ടലംഘനങ്ങൾക്കെതിരെ കമ്മീഷൻ കണ്ണടച്ചു. 1975 ൽ ഇന്ദിരാഗാന്ധി നടത്തിയ ചട്ടലംഘനത്തേക്കാൾ എത്രയോ ഗുരുതരമായ ചട്ടലംഘനമാണ് മോദി നടത്തിയ ഓരോ വിദ്വേഷ പ്രസംഗവും.

2. ഏതു പാർട്ടിക്കാരൻ ആയാലും,എത്ര നികൃഷ്ടനായ അഴിമതിക്കാരൻ ആണെങ്കിലും, അയാളെ തെരഞ്ഞെടുപ്പു കാലത്ത് അറസ്റ്റ് ചെയ്യുന്നത് നിഷ്പക്ഷമായ തെരഞ്ഞെടുപ്പിനെ പരിഹസിക്കുന്നതാണ്. വാസ്തവത്തിൽ, തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്രമായിരുന്നു എങ്കിൽ തെരഞ്ഞെടുപ്പ് സമയത്ത് പ്രതിപക്ഷ നേതാക്കളെ തുറുങ്കിൽ അടയ്ക്കുന്ന പദ്ധതി തടയുമായിരുന്നു.

3. അഥവാ,അഴിമതി വിരുദ്ധ നിയമങ്ങൾ നടപ്പിലാക്കുന്നതിൽ സംഘപരിവാർ അത്രയ്ക്ക് ശുഷ്ക്കാന്തി ഉള്ളവർ ആയിരുന്നെങ്കിൽ അവർ ചെയ്യേണ്ടിയിരുന്നത് പ്രതിപക്ഷ നേതാക്കളെ മാത്രമല്ല, ബിജെപി സർക്കാരിലെ അഴിമതികൾ ആസൂത്രണം ചെയ്ത പ്രമുഖരെയും വാഷിംഗ് മെഷീൻ സംവിധാനത്തിലൂടെ കോൺഗ്രസിൽ നിന്നും തൃണമൂലിൽ നിന്നും എൻ.സി.പിയിൽ നിന്നും ശിവസേനയിൽ നിന്നും തങ്ങളുടെ പക്ഷത്തിലേക്ക് വന്ന പെരും കൊള്ളക്കാരെയും ഫലത്തിൽ എൻഡിഎ മുന്നണിയിൽപ്പെട്ട കേരളത്തിലെ സി. പി. എം.കാരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

മോദിയാൽ വേട്ടയാടപ്പെട്ട പ്രതിപക്ഷ നേതാക്കൾ ആരെങ്കിലും നിഷ്കളങ്കർ ആണെന്നതല്ല എന്റെ നിലപാട്. മറിച്ച്, സംഘപരിവാർ അവർക്ക് തത്തുല്യമായോ അതിലേറെയോ അഴിമതിക്കാർ ആണെന്നതാണ്. ഉദാഹരണത്തിന്, കെജ്രിവാൾ ഒരു കുരിശടിയിലെ ചെറിയ നേർച്ചപ്പെട്ടിയിൽ നിന്ന് കവർന്നവൻ ആണെങ്കിൽ, ആനുപാതികമായി പറഞ്ഞാൽ, ബി.ജെ.പി പാർലമെന്റ് സ്ട്രീറ്റിലെ മുഖ്യ എസ്.ബി.ഐ. ബ്രാഞ്ച് കൊള്ള ചെയ്തവരെ പോലെ ഗംഭീരന്മാരാണ്.

ഇലക്ട്രോറൽ ബോണ്ട് അഴിമതി ഡിജിറ്റൽ തെളിവുകളോടെയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതികളിൽ ഒന്നാണ്.കള്ളപ്പണവും കള്ളക്കണക്കും സാമ്പത്തിക രംഗത്തെ സാമൂഹ്യ വിരുദ്ധതയും തടയാൻ ചുമതലയുള്ള സർവോന്നത സർക്കാർ തന്നെ അഴിമതിയെ പ്രോത്സാഹിപ്പിക്കുന്ന ഒന്നായതുകൊണ്ട് വലിയ ധാർമികാഴിമതി മുഴച്ചു നിൽക്കുന്ന ഒരു കേസ് കൂടി ആണ് അത്.

കഴിഞ്ഞ ഒരു വർഷം,ഇന്ത്യൻ രാഷ്ട്രീയത്തിലെ കുറെ അഴിമതിക്കാരെ വേട്ടയാടിയും,അന്യകക്ഷികളിലെ കുറേപ്പേരെ തൊടാതെ സംരക്ഷിച്ചും, സംഘപരിവാറിൽ പെട്ട തങ്ങളെ ശ്രീരാമചന്ദ്രനെ പോലെ വിശുദ്ധരെന്ന് തൊള്ളയെടുത്തു പ്രഖ്യാപിച്ചും കേന്ദ്ര ഏജൻസികളുടെ ഇത:പര്യന്തമുള്ള ചരിത്രത്തിൽ ഉണ്ടായിട്ടില്ലാത്തത്ര ആശയക്കുഴപ്പം ബിജെപി ഉണ്ടാക്കിയിട്ടുണ്ട്.അത് ആസൂത്രിതമാണ്.

അതിനെ നേരിടാൻ കേജ്രിവാൾ ചെയ്യേണ്ടിയിരുന്നത് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും സമസ്ത കള്ളന്മാരെയും കള്ളന്മാർ എന്ന് വിളിക്കുകയാണ്.അല്ലാതെ, 12 വർഷം മുമ്പ് താൻ അറപ്പോടെ കണ്ടിരുന്ന പ്രതിപക്ഷത്തെ കളങ്കിതരായ അഴിമതിക്കാരെ ഗാഢാലിംഗനം ചെയ്യുകയല്ല. അദ്ദേഹം ചെയ്യേണ്ടിയിരുന്നത് ചില സിനിമകളിലെ നാടകീയ രംഗങ്ങളിലേത് പോലെ രണ്ട് കയ്യും നീട്ടി “ വരൂ ഇൻസ്പെക്ടർ, എന്നെ അറസ്റ്റ് ചെയ്യു.. എന്റെ തോഴരായ മമതയെയും സ്റ്റാലിനെയും പിണറായിയെയും അറസ്റ്റ് ചെയ്യൂ. കൂട്ടത്തിൽ, ഇലക്ട്രോറൽ ബോണ്ട്‌ എന്ന കൊള്ള ആസൂത്രണം ചെയ്ത സംഘപരിവാറുകാരെയും വാഷിംഗ് മെഷീനിൽ ഒളിച്ച കള്ളന്മാരെയും അറസ്റ്റ് ചെയ്യൂ “എന്ന് പറയുകയാണ്.

2011 ആഗസ്റ്റ് മാസം ആദ്യ ആഴ്ച india against corruption സമരത്തിന്റെ സമ്മർദ്ദം മൂലം ജനലോക്പാൽ ബിൽ ചർച്ച ചെയ്യാൻ അന്നത്തെ സർക്കാരിന് പാർലമെന്റിന്റെ ഒരു സംയുക്ത സമ്മേളനം വിളിച്ചു കൂട്ടേണ്ടിവന്നു. സമ്മേളനം രാത്രി വൈകുവോളം നീണ്ടുനിന്നു.തസ്കരരിൽ പ്രമുഖനായിരുന്ന ലാലുപ്രസാദാണ് കേജ്രിവാളിനെതിരെയും അഴിമതി വിരുദ്ധ സമരത്തിനെതിരെയും ചർച്ചയിൽ ഏറ്റവും കൂടുതൽ പുലഭ്യം പറഞ്ഞത്.കാഴ്ചയിൽ സാത്വികനായ, യെച്ചൂരിയും ആ സമരത്തെ കഠിനമായി വിമർശിച്ചു.

വിമർശകരുടെ ധാർഷ്ട്യം നിറഞ്ഞ മുഖ്യ പരാതി ശ്രേഷ്ഠരായ ജനപ്രതിനിധികളുടെ മേൽ പുറമേയുള്ള സമര ശക്തികൾ സമ്മർദ്ദം ചെലുത്തുന്നു എന്നായിരുന്നു . ’പാർലമെന്റ് ഒരു പന്നിക്കൂട് ‘ എന്നു പറഞ്ഞിട്ടുള്ള ലെനിന്റെ ശിഷ്യനായ യെച്ചൂരിയും അന്ന് ജനപ്രതിനിധികളുടെ പ്രത്യേക അവകാശങ്ങളെ കുറിച്ച് അഹംഭവിച്ചു. ആ യെച്ചൂരി ആണ് ഇന്നലെ താൻ ആം ആദ്മിക്ക് വോട്ട് ചെയ്തതിന്റെ വിരലടയാളം ഉയർത്തി കാണിച്ചത്!

യെച്ചൂരിയുടെ ശിഷ്യന്മാരായ ബുദ്ധിജീവി കമ്മികളും സംസ്കൃതത്തിൽ മാത്രം സംസാരിക്കുന്ന ജെ.എൻ.യു പാഴുകളും ആണ് അന്ന് സാംസ്കാരികമായി ഇന്ത്യ എഗൻസ്റ്റ് കറപ്ഷൻ സമരത്തെ ഏറ്റവും അധികം വിമർശിച്ചത്. അവരന്ന് ആ പ്രസ്ഥാനത്തെയും കേജ്രിവാളിനെയും അപ്പി പോലെയാണ് കണ്ടിരുന്നത്. ഇന്ന് അവരതിനെ പൂജിച്ചു കൊണ്ടിരിക്കുന്നു!

അന്ന് സാമൂഹ്യ മാധ്യമങ്ങളിൽ ഇവരോടെല്ലാം പോരടിക്കുകയും , ആം ആദ്മി പാർട്ടിക്കു അനുകൂലമായി ലേഖനങ്ങൾ എഴുതുകയും ചെയ്ത എന്നെപ്പോലുള്ളവർ വിഡ്ഢികളായോ?

ഞങ്ങൾ എന്തിനു വിഡ്ഢികളാകണം? യൗവനാരംഭം മുതൽ ഇന്ത്യൻ ജനതയ്ക്ക് ആശാകിരണമായി രാഷ്ട്രീയത്തിൽ എന്തെങ്കിലും സംഭവിക്കുന്നുണ്ടോ എന്ന് നമ്മൾ ജാഗ്രതയോടെ നിരീക്ഷിക്കുന്നു. അങ്ങിനെയിരിക്കെ,ചിലരിൽ നാം ആശയുടെ നാളങ്ങൾ കാണുന്നു. അവർ നമ്മുടെ പ്രതീക്ഷകളെ വഞ്ചിച്ച് ഒരു പതിറ്റാണ്ട് കൊണ്ട് തന്നെ പൊതു ചെളിയിലേക്ക് പോകുന്നു. അതിന് നമ്മൾ എന്തിന് വിഡ്ഢികളാകണം?