സി പി എം രഹസ്യ ബാങ്ക് അക്കൗണ്ട്: കേന്ദ്രത്തിന് ഇ ഡി റിപ്പോർട്ട് നൽകി

കൊച്ചി : എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇ.ഡി) നടത്തിയ നിർണായക നീക്കത്തിൽ സി പി എം നിയമക്കുരുക്കിലേക്ക്. സഹകരണ– ബാങ്ക് നിയമങ്ങൾ ലംഘിച്ച് സി പി എം നേതാക്കൾ കൈകാര്യം ചെയ്യുന്ന അഞ്ച് രഹസ്യ ബാങ്ക് അക്കൗണ്ടുകളുടെ വിവരം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ, ധന മന്ത്രാലയം, റിസർവ് ബാങ്ക് എന്നിവയ്ക്ക് അവർ കൈമാറി.

സി പി എം ഭരിക്കുന്ന ഇരിങ്ങാലക്കുട കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ഈ നടപടി. ബാങ്കിലെ 150 കോടിയുടെ തട്ടിപ്പിനെപ്പറ്റി ഇ.ഡി അന്വേഷിക്കുന്നുണ്ട്. പാർട്ടി ഓഫിസിനു ഭൂമി വാങ്ങാനും പാർട്ടി ഫണ്ട്, ലെവി എന്നിവ ശേഖരിക്കാനുമാണു പാർട്ടിയുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുറന്നതെന്നാണ് ഇ.ഡി പറയുന്നത്.

തൃശൂർ ജില്ലയിൽ മാത്രം 17 ഏരിയ കമ്മിറ്റികളുടെ പേരിൽ വിവിധ ബാങ്കുകളിലും സഹകരണ ബാങ്കുകളിലുമായി സിപിഎമ്മിന് 25 അക്കൗണ്ടുകളുണ്ടെന്ന് ഇ.ഡി ആരോപിക്കുന്നു. 2023 മാർച്ച് 21ലെ ബാലൻസ് ഷീറ്റ് പ്രകാരം, ഈ അക്കൗണ്ടുകളുടെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

ജില്ലാതല നേതാക്കളുടെ നിർദേശമനുസരിച്ച്,പാവപ്പെട്ടവരുടെ പേരിൽ അവരറിയാതെ വായ്പകൾ അനുവദിച്ച് സാമ്പത്തിക തിരിമറി നടത്തി. മുൻ മന്ത്രിയും സിപിഎം എൽഎൽഎയുമായ എ.സി.മൊയ്തീന്റെ നിർദേശപ്രകാരം ഇത്തരത്തിൽ ധാരാളം ബെനാമി വായ്പകൾ അനുവദിച്ചതായി കണ്ടെത്തിയെന്നും ഇ.ഡി ചൂണ്ടിക്കാട്ടുന്നു.

കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഏകദേശം 87 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. 4 പേർ അറസ്റ്റിലായി. ഈ കേസിൽ ആദായനികുതി വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.