കോൺഗ്രസിന് ആശ്വാസം: നികുതി കുടിശ്ശിക ഉടൻ പിരിക്കില്ല

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്ന് നികുതി കുടിശ്ശിക പിരിക്കില്ലെന്ന് ആദായനികുതി വകുപ്പ് സുപ്രീംകോടതിയെ അറിയിച്ചു.

ആദായനികുതി വകുപ്പിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പാര്‍ട്ടിയുടെ വിവിധ അക്കൗണ്ടുകളില്‍ നിന്ന് 135 കോടിരൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പിനെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി ബി.വി നാഗരത്ന, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചു.

2018-19 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ താമസിച്ചതിന്റെ 103 കോടി പിഴയും പലിശയുമടക്കം 135 കോടി പിടിച്ചെടുത്തതിന് എതിരെയായിരുന്നു ഹര്‍ജി.

അതേസമയം 3500 കോടി നികുതി കുടിശ്ശികയുണ്ടെന്നറിയിച്ച സോളിസിറ്റര്‍ ജനറല്‍, വിഷയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ടെന്നും വ്യക്തമാക്കി. എന്നാല്‍, കോണ്‍ഗ്രസ് ഒരു രാഷ്ട്രീയ പാര്‍ട്ടിയാണെന്നും ലാഭമുണ്ടാക്കുന്ന സ്ഥാപനമല്ലെന്നും കോണ്‍ഗ്രസിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്‌വി പറഞ്ഞു.

135 കോടിയിടെ സ്വത്തുക്കള്‍ ഇപ്പോള്‍ തന്നെ കണ്ടുകെട്ടിയിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. കേസ് പരിഗണിക്കുന്നത് ജൂലായ് 24-ലേക്ക് മാറ്റി.

ആദായ നികുതി വകുപ്പില്‍ നിന്ന് മൂന്ന് ദിവസത്തിനിടെ 3567.25 കോടിയുടെ നോട്ടീസായിരുന്നു കോണ്‍ഗ്രസിന് ലഭിച്ചത്. 11 കോടി രൂപ പിഴയടക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐയ്ക്കും നോട്ടീസയച്ചിരുന്നു. നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് പഴയ പാന്‍ കാര്‍ഡ് ഉപയോഗിച്ചുവെന്നും ഇതുവഴി 11 കോടി രൂപ സി.പി.ഐ. കുടിശ്ശികയാക്കിയെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസ്.