നിപ വൈറസ് , കോഴിക്കോട്ടെ ഏഴു വാര്‍ഡുകള്‍ കണ്ടയിന്‍മെന്റ് സോൺ

കോഴിക്കോട്: നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ ഏഴു ഗ്രാമപഞ്ചായത്തുകളിലുള്‍പ്പെട്ട വാര്‍ഡുകള്‍ കണ്ടയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എ. ഗീത ഉത്തരവിട്ടു.

ആയഞ്ചേരി ഗ്രാമപഞ്ചായത്ത് – 1,2,3,4,5,12,13,14,15 വാര്‍ഡ് മുഴുവന്‍, മരുതോങ്കര ഗ്രാമപഞ്ചായത്ത് – 1,2,3,4,5,12,13,14 വാര്‍ഡ് മുഴുവന്‍, തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് – 1,2,20 വാര്‍ഡ് മുഴുവന്‍, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് – 3,4,5,6,7,8,9,10 വാര്‍ഡ് മുഴുവന്‍, കായക്കൊടി ഗ്രാമപഞ്ചായത്ത് – 5,6,7,8,9 വാര്‍ഡ് മുഴുവന്‍, വില്യപ്പളളി ഗ്രാമപഞ്ചായത്ത് – 6,7 വാര്‍ഡ് മുഴുവന്‍, കാവിലുംപാറ ഗ്രാമപഞ്ചായത്ത് – 2,10,11,12,13,14,15,16 വാര്‍ഡ് മുഴുവന്‍ എന്നിവിടങ്ങളെയാണ് കണ്ടയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്.

കണ്ടെയിൻമെന്റ് സോണായ മേൽ പ്രദേശങ്ങളിൽനിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാൻ അനുവദിക്കുകയില്ലെന്ന് കളക്ടർ അറിയിച്ചു. പ്രസ്തുതവാർഡുകളിൽ കർശനമായ ബാരികേഡിംഗ് നടത്തേണ്ടതാണെന്നും ഇക്കാര്യം പൊലീസും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണവകുപ്പ് സെക്രട്ടറിമാരും ഉറപ്പ് വരുത്തേണ്ടതാണെന്നും കളക്ടർ വ്യക്തമാക്കി. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾ മാത്രമെ അനുവദനീയമായിട്ടുള്ളു. പ്രവർത്തന സമയം രാവിലെ 07 മണി മുതൽ വൈകുന്നേരം 05 മണി വരെ മാത്രം. മരുന്ന് ഷോപ്പുകൾക്കും മറ്റു ആരോഗ്യ കേന്ദ്രങ്ങൾക്കും സമയപരിധിയില്ല.

തദ്ദേശസ്വയംഭരണ സ്ഥാപനവും/ വില്ലേജ് ഓഫീസുകളും മിനിമം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിപ്പിക്കേണ്ടതും എന്നാൽ സർക്കാർ അർദ്ധസർക്കാർപൊതുമേഖല ബാങ്കുകൾ,സ്‌കൂളുകൾ,അങ്കണവാടികൾ എന്നിവ ഉൾപ്പെടെ മറ്റൊരു സ്ഥാപനവും ഇനിയെരുത്തരവുണ്ടാവുന്നത് വരെ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളതല്ല.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വില്ലേജുകളിലും പൊതുജനങ്ങൾ എത്തുന്നത് തടയേണ്ടതും പരമാവധി ഓൺലൈൻ സേവനങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതുമാണ്. മേൽപറഞ്ഞിരിക്കുന്ന വാർഡുകളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിക്കേണ്ടതാണ്. നാഷണൽ ഹൈവേ സ്‌റ്റേറ്റ് ഹൈവേ വഴി യാത്രചെയ്യുന്നവരും ഈ വഴിയുള്ള ബസുകളും മേൽ പറഞ്ഞിരിക്കുന്ന വാർഡുകളിൽ ഒരിടത്തും വാഹനം നിർത്താൻ പാടുള്ളതല്ല. ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ റീജിണൽ ട്രാൻസ്‌പോർട്ട് ഓഫീസറും, ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസറും നൽകേണ്ടതാണ് .കണ്ടെയിൻമെന്റ് സോൺ ആയി പ്രഖ്യാപിക്കപ്പെട്ട മേൽ പ്രദേശങ്ങളിൽ സാമൂഹിക അകലം പാലിക്കേണ്ടതും മാസ്‌ക് ,സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കേണ്ടതുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News