അക്ബർ
ഗാന്ധിജിയുടെ രാഷ്ട്രീയ ചിന്തകളിലെ പ്രധാനപ്പെട്ട നാല് കാര്യങ്ങളെക്കുറിച്ച് ചരിത്രകാരനായ രാമചന്ദ്ര ഗുഹ നടത്തുന്ന വാദപ്രതിവാദങ്ങൾ അടങ്ങുന്നതാണ് ‘ആർഗുമെൻ്റെസ് വിത്ത് ഗാന്ധി എന്ന പുസ്തകം.
അഹിംസ, നീതിക്കായുള്ള പോരാട്ടം, മതം, വികസനം എന്നിവയാണവ. ഗാന്ധിയെ വെറുതെ പുകഴ്ത്തി എഴുതിയ ഒരു പുസ്തകമല്ല ഇത്. മറിച്ച്, അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ പൈതൃകത്തെയും വിമർശനാത്മകമായി പരിശോധിക്കുന്ന ഒന്നാണിത്. സവർക്കർ, അംബേദ്കർ, ഭഗത് സിംഗ് തുടങ്ങി പല പ്രമുഖരുമായും ഗാന്ധിക്കുള്ള അഭിപ്രായവ്യത്യാസങ്ങളും പുസ്തകം ചർച്ച ചെയ്യുന്നു.

ഗാന്ധിയുടെ അഹിംസയെക്കുറിച്ച് എതിർപക്ഷത്തുണ്ടായിരുന്ന കമ്മ്യൂണിസ്റ്റുകാരും ഹിന്ദു തീവ്രവാദികളും ഉന്നയിച്ച വാദങ്ങളും ഗുഹ ഇതിൽ വ്യക്തമാക്കുന്നുണ്ട്. എതിരാളികളോട് പോലും കോപമോ വെറുപ്പോ പാടില്ല എന്നതായിരുന്നു ഗാന്ധിയുടെ നിലപാട്.
എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി, അടിച്ചമർത്തുന്നവരുടെയും ക്ഷേമം നോക്കേണ്ടതില്ലേ എന്ന നിലപാടായിരുന്നു അംബേദ്കറിനുണ്ടായിരുന്നത്. എങ്കിലും, അംബേദ്കർ ദളിതരിൽ അവകാശബോധം വളർത്തിയപ്പോൾ, സവർണ്ണരിൽ സ്വന്തം തെറ്റുകളെക്കുറിച്ചുള്ള ബോധം ഉണ്ടാക്കാൻ ഗാന്ധിക്കായി. ഗാന്ധിയും അംബേദ്കറും പരസ്പരം പൂരകങ്ങളായിരുന്നു എന്ന് വേണം കരുതാൻ.
ഭഗത് സിംഗിന്‍റെ വധശിക്ഷ തടയാൻ ഗാന്ധി ശ്രമിച്ചിരുന്നില്ലെന്ന ആരോപണത്തെയും പുസ്തകം ഖണ്ഡിക്കുന്നുണ്ട്. ഭഗത് സിംഗിന്‍റെ വഴിയോടുള്ള വിയോജിപ്പ് നിലനിർത്തിക്കൊണ്ടുതന്നെ അദ്ദേഹത്തിന്‍റെ ജീവൻ രക്ഷിക്കാൻ ഗാന്ധി കത്തുകൾ എഴുതിയിരുന്നു. അഹിംസയിൽ ഉറച്ചുനിന്ന ഗാന്ധി, ഹിംസയിലൂടെ സ്വാതന്ത്ര്യം നേടുന്നതിനെ എതിർത്തു. എങ്കിലും, ഗാന്ധി മുന്നോട്ടുവെച്ച അഹിംസയുടെ പാതയാണ് പിന്നീട് ഇന്ത്യയെ വ്യത്യസ്തതകൾ നിറഞ്ഞ ഒരു ജനാധിപത്യ രാജ്യമാക്കി മാറ്റാൻ സഹായിച്ചത്.

സാമ്പത്തിക വളർച്ചയെ മാത്രം ഗാന്ധി ലക്ഷ്യമിട്ടിരുന്നില്ല. പരിസ്ഥിതിയെ നശിപ്പിക്കാത്ത, മനുഷ്യന്‍റെ അന്തസ്സും വിദ്യാഭ്യാസവും മുൻനിർത്തിയുള്ള വികസനമാണ് അദ്ദേഹം ആഗ്രഹിച്ചത്. യന്ത്രവൽക്കരണത്തെയല്ല, മറിച്ച് യന്ത്രങ്ങളെ ചൂഷണത്തിനായി ഉപയോഗിക്കുന്നതിനെയാണ് ഗാന്ധി എതിർത്തത്.
പക്ഷപാതമില്ലാതെ, ഗാന്ധിയുടെ ആശയങ്ങളെയും അദ്ദേഹത്തിന്‍റെ ജീവിതത്തെയും ആഴത്തിൽ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണിത്. ഹാർപർ കോളിൻസ് ആണ് ഇതിൻ്റെ പ്രസാധകർ. പേജ് 411. വില 999.































