സർക്കാർ ഡോക്ടർമാർക്ക് എതിരെ ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആരോഗ്യ വകുപ്പിന് കീഴിലുള്ള ഡോക്ടർമാർക്ക് പുറത്ത് പ്രാക്ടീസ് നടത്താൻ അനുമതിയില്ലെന്നും, ഈ വ്യവസ്ഥ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വീണ ജോർജ്ജ് വ്യക്തമാക്കി.

പുറത്ത് പ്രാക്ടീസ് ചെയ്യാതിരിക്കാൻ ഡോക്ടർമാർക്ക് നോൺ പ്രാക്ടീസിംഗ് അലവൻസ് അനുവദിച്ചിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തിയ ഡോക്ടർമാർക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം, സ്വകാര്യ പ്രാക്ടീസ് സംബന്ധിച്ച് വിജിലൻസ് പരിശോധനയ്ക്കെതിരെ കെജിഎംഒഎ രംഗത്തെത്തി. ഡോക്ടർമാരെ അവഹേളിക്കുന്നുവെന്നാണ് അവർ ആരോപിക്കുന്നത്. ഡ്യൂട്ടി സമയത്തിന് പുറത്ത് പ്രാക്ടീസ് നടത്താൻ അനുമതിയുണ്ട്. വീടുകളിൽ കയറിയുള്ള പരിശോധന ഡോക്ടർമാർക്കിടയിൽ ആശങ്ക ഉണ്ടാക്കുന്നുവെന്നും ഡോക്ടർമാരെ അഴിമതിക്കാരായി ചിത്രീകരിക്കുന്നുവെന്നും കെജിഎംഒഎ ആരോപിച്ചു.

പത്തനംതിട്ടയിൽ ഡോക്ടർമാരുടെ ചട്ടവിരുദ്ധ സ്വകാര്യ പ്രാക്ടീസ് കണ്ടെത്താൻ വിജിലന്സ് നടത്തിയ റെയ്ഡിനിടെ രണ്ട് ഡോക്ടർമാർ ഇറങ്ങിയോടിയിരുന്നു. ജനറൽ ആശുപത്രിയിലെ വനിത ഡോക്ടർ ഉൾപ്പെടെയുള്ളവരാണ്
രക്ഷപ്പെട്ടത്.

പരിശോധനക്ക് പിന്നാലെ ആറ് പേർക്കെതിരെ വിജിലന്സ് വകുപ്പുതല നടപടിക്ക് ശിപാർശ ചെയ്യും.ജനറൽ ആശുപത്രി വളപ്പിൽ തന്നെ ഇവർ പ്രാക്ടീസ് നടത്തുന്നുണ്ടായിരുന്നു.

ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രാക്ടീസ് ചെയ്യാൻ പാടില്ല.അങ്ങനെ ആരെങ്കിലും പ്രാക്ടീസ് നടത്തുന്നുണ്ടോ, എന്നറിയാൻ വേണ്ടിയായിരുന്നു പരിശോധന.