തിരുവനന്തപുരം: കഴിഞ്ഞ ജന്മത്തിൽ അമ്പലപ്പുഴ രാജാവിന്റെ മന്ത്രിയായിരുന്നു താനെന്ന് മുൻ ഡിജിപി: അലക്സാണ്ടർ ജേക്കബ് പറഞ്ഞു.യൂട്യൂബ് ചാനലിലാണ് അദ്ദേഹം പൂര്‍വജന്മത്തെക്കുറിച്ചും ജ്യോതിഷത്തെകുറിച്ചുമുള്ള തുറന്നുപറച്ചിലുകൾ നടത്തിയത്.
രാജാവിനെ ധിക്കരിച്ചതിനെ തുടർന്ന് താൻ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടുവെന്നും അലക്സണ്ടർ ജേക്കബ് പറയുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൃഗുമുനി എഴുതിയ ഭൃഗുസംഹിതയില്‍ തൻ്റെ പൂര്‍വ്വകാലവും വരുംകാലവും എഴുതിവെച്ചിരുന്നുവെന്നും അദ്ദേഹം വീഡിയോയിൽ വെളിപ്പെടുത്തി.
പിന്നീട് ജീവിതത്തില്‍ ഭൃഗുസംഹിതയില്‍ പറഞ്ഞ കാര്യങ്ങളെല്ലാം സംഭവിച്ചു. കോളജ് അധ്യാപകനായിരുന്ന താന്‍ പിന്നീട് ഐപിഎസ് നേടി. ജീവിത പങ്കാളിയുടെ കാര്യത്തിൽ പോലും പ്രവചനം കൃത്യമെന്നും അദ്ദേഹം പറഞ്ഞു.
അമ്പലപ്പുഴ രാജാവായിരുന്ന രാമേന്ദ്രനെ ധിക്കരിച്ചതിനെ തുടര്‍ന്നാണ് താൻ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. കുളത്തില്‍ മുക്കിയായിരുന്നു വധശിക്ഷ നടപ്പാക്കിയത്. പുനർജന്മം ലഭിച്ച ഈ ജീവിതത്തിലും മന്ത്രിസ്ഥാനം വഹിക്കുമെന്നും പ്രവചനം ഉള്ളതായി അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ അധ്യാപകനായിരിക്കുമ്പോഴാണ് ശ്രീധര പണിക്കര്‍ എന്ന ജ്യോതിഷിയെ കുറിച്ചറിയുന്നത്. കേട്ടകാര്യങ്ങളെക്കുറിച്ച് പരീക്ഷിക്കാനായാണ് അവിടെ പോയത്. തന്നെ കണ്ട ഉടനെ തെക്കില്‍നിന്നാണ് വരുന്നതെന്നും ബഹുമാനം കുറവാണെന്നും പറഞ്ഞു. അദ്ദേഹമാണ് ഭൃഗുസംഹിത ഉദ്ധരിച്ച് തൻ്റെ ഭൂതവും ഭാവിയും പ്രവചിച്ചത്.
തലയില്‍ കിരീടമുള്ള ജോലി ലഭിക്കുമെന്നായിരുന്നു അദ്ദേഹത്തിൻ്റെ മറ്റൊരു പ്രവചനം. ആ ഉപദേശം സ്വീകരിച്ചാണ് സിവില്‍ സര്‍വീസ് എഴുതിയത്. ഐഎഎസ് മോഹവുമായി പരീക്ഷ എഴുതിയ തനിക്ക് ലഭിച്ചത് ഐപിഎസ് ആയിരുന്നു. തലയില്‍ കിരീടമുള്ള ജോലി.പൂര്‍വജന്മത്തില്‍ താന്‍ പ്രണയിച്ചിരുന്ന സ്ത്രീ തൻ്റെ മരണ ശേഷം ആത്മഹത്യ ചെയ്തിരുന്നു എന്നും ജ്യോതിഷി പറഞ്ഞതായി അലക്സാണ്ടർ ജേക്കബ് പറയുന്നു.