വിവിധയിടങ്ങളില്‍ മഴ മുന്നറിയിപ്പ്

In Editors Pick, കേരളം
August 30, 2023

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഴ മുന്നറിയിപ്പ്. ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തിരുവോണ ദിനമായ ഇന്നലെ കേരളത്തിലെ 13 ജില്ലകളില്‍ മഴ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് ലഭിച്ചിരുന്നു. തെക്കന്‍ കേരളത്തില്‍ ഇന്നലെ വൈകുന്നേരവും രാത്രിയിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ ലഭിച്ചു. ഇന്നലെ 3 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലായിരുന്നു യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.

മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കി. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.മേല്‍പ്പറഞ്ഞ തിയതിയിലും പ്രദേശത്തും മത്സ്യബന്ധനത്തിന് പോകുവാന്‍ പാടുള്ളതല്ലെന്നാണ് മുന്നറിയിപ്പ്.