കണ്ണൂർ വനത്തിൽ മാവോവാദി – പോലീസ് ഏറ്റുമുട്ടൽ

കണ്ണൂര്‍: മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ട് സംഘവും തമ്മില്‍ കണ്ണൂര്‍ അയ്യന്‍കുന്ന് ഉരുപ്പുകുറ്റിയില്‍ വനമേഖലയില്‍ ഏറ്റുമുട്ടൽ.രണ്ട് മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റതായി സംശയം.

വനത്തില്‍ പട്രോളിങ് നടത്തുകയായിരുന്ന തണ്ടര്‍ബോള്‍ട്ട് സംഘത്തിനുനേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ഇതോടെ തണ്ടര്‍ബോള്‍ട്ട് തിരിച്ചും വെടിയുതിര്‍ക്കുകയായിരുന്നുവെന്നുമാണ് അധികൃതര്‍ പറയുന്നത്.

സ്ഥലത്തുനിന്നും വെടിവെപ്പിന്‍റെ ശബ്ദം കേട്ടതായാണ് നാട്ടുകാര്‍ പറയുന്നത്.പത്ത് മിനിട്ടോളം വെടിയൊച്ച കേട്ടെന്ന് നാട്ടുകാര്‍ പറയുന്നു.വനമേഖലയില്‍ തിരച്ചില്‍ തുടരുകയാണ്.

പരിശോധനയില്‍ വെടിവെയ്പ്പ് നടന്ന സ്ഥലത്തുനിന്ന് മൂന്നു തോക്കുകള്‍ കണ്ടെടുത്തു.സ്ഥലത്ത് മാവോയിസ്റ്റുകളുടെ ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്നതായി സംശയമുണ്ടെന്നാണ് പൊലീസ് പറയുന്നത്. വെടിവെയ്പ്പില്‍ പൊലീസിന് പരിക്കേറ്റിട്ടില്ല.

സ്ഥലത്ത് രക്തതുള്ളികള്‍ കണ്ടെത്തിയതിനാലാണ് മാവോയിസ്റ്റുകള്‍ക്ക് പരിക്കേററു എന്ന് പൊലീസ് സംശയിക്കുന്നത്.