October 20, 2026 4:51 pm

കേസ് പിണറായിക്ക് എതിരെ: അടി മൂക്കുന്നത് കോൺഗ്രസ്സിൽ

തിരുവനന്തപുരം : മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ കേസെടുക്കുന്നതിൽ സർക്കാരിനുണ്ടായ ജാഗ്രതക്കുറവ് കോൺഗ്രസിൽ കടുത്ത അഭിപ്രായവ്യത്യാസങ്ങൾക്ക് വഴിതെളിക്കുന്നത് തുടരുന്നു.

ഐ ഐ സി സി യുടെയോ കെ പി സി സി യുടെയോ വിലക്കുകൾക്ക് പുല്ലുവില കൽപ്പിക്കൂകയാണ് നേതാക്കൾ. കോൺഗ്രസിൻ്റെ പാരമ്പര്യവും അതുതന്നെയാണെന്നതാണെന്ന വസ്തുതയും മറക്കാനാവില്ല.

പ്രാഥമിക അന്വേഷണം വേണമെന്ന സർക്കാരിൻ്റെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് കോൺഗ്രസ് പാർലമെൻ്ററി പാർടി ചീഫ് വിപ്പ് മാത്യു കുഴൽനാടൻ എംഎൽഎ രംഗത്തുവന്നതോടെയാണ് ഭിന്നത പരസ്യമായത്.

എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് കേൾക്കാനുള്ള അവകാശം പ്രതിക്കില്ലെന്ന ഹൈക്കോടതി നിരീക്ഷണം മുൻനിർത്തിയാണ് മാത്യു കുഴൽനാടൻ പാർട്ടിക്കുള്ളിൽ നിലപാട് കടുപ്പിച്ചത്. മുൻ എൽഡിഎഫ് ഭരണകാലത്ത് ഉമ്മൻ ചാണ്ടിയും മറ്റ് യുഡിഎഫ് നേതാക്കളും നേരിട്ട രാഷ്ട്രീയവും നിയമപരവുമായ വേട്ടയാടലുകൾ ചൂണ്ടിക്കാട്ടിയാണ് കുഴൽനാടനെ പിന്തുണയ്ക്കുന്ന നേതാക്കൾ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെടുന്നത്.

എന്നാൽ നിയമപരമായ മുൻകരുതലുകൾ അത്യന്താപേക്ഷിതമാണെന്ന നിലപാടിലാണ് മുഖ്യമന്ത്രി വി.ഡി. സതീശനും മുതിർന്ന നേതാക്കളും. കേസിൽ തിടുക്കപ്പെട്ട് നടപടിയെടുത്താൽ അത് രാഷ്ട്രീയ പ്രതികാരമായി വ്യാഖ്യാനിക്കപ്പെടുമെന്ന് സതീശൻ വ്യക്തമാക്കുന്നു. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണം നടത്താൻ തീരുമാനിച്ചതെന്നും അദ്ദേഹം പാർട്ടി ഫോറങ്ങളിൽ വിശദീകരിച്ചു.

എങ്കിലും മുൻ കെ പി സി സി പ്രസിഡൻ്റ് കെ. സുധാകരൻ, ചാണ്ടി ഉമ്മൻ, സി.ആർ. മഹേഷ്, ജിൻ്റോ ജോൺ തുടങ്ങിയ നേതാക്കൾ മാത്യു കുഴൽനാടന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ഭരണകാലത്ത് കോൺഗ്രസ് നേതാക്കൾ നേരിട്ട അനീതികൾ വിസ്മരിക്കരുതെന്നും കടുത്ത നിലപാട് സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നുമാണ് ഇവരുടെ വാദം.

അഭിപ്രായവ്യത്യാസങ്ങൾ പരസ്യമായതോടെ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിലും വിഷയം ചൂടേറിയ ചർച്ചകൾക്ക് വഴിവെച്ചു. നിലവിലെ തർക്കങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകാൻ കടുത്ത ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും, കേസിൽ സർക്കാർ സ്വീകരിക്കുന്ന തുടർന്നുള്ള നിലപാടുകൾ പാർട്ടിയുടെ ഐക്യത്തിന് വലിയ വെല്ലുവിളിയായി മാറിയേക്കാം.

ഇതിനിടെ, യു ഡി എഫ് കൺവീനർ അടൂർ പ്രകാശ്, മുഖ്യമന്ത്രി സതീശനെതിരെയുള്ള നിലപാട് കടുപ്പിച്ചിട്ടുണ്ട്. ആരോ ഒരാൾ ഏർപ്പാട് ചെയ്ത ഹൈലികോപറററിൽ മലപ്പുറത്തെ ദുരന്ത സ്ഥലത്തേയ്ക്ക് പോയതിൽ പിടിച്ചാണ് അദ്ദേഹത്തിൻ്റെ വിമർശനം. ഈ സ്പോൺസർ ആരാണെന്ന് പറയണമെന്നാണ് പ്രകാശിൻ്റെ ആവശ്യം. പറയില്ലെന്ന വാശിയിലാണ് സതീശൻ.

അതേസമയം, മുഖ്യമന്ത്രിയുടെ ഭരണശൈലിക്ക് എതിരെ അടൂർ പ്രകാശ് , ഐ ഐ സി സി നേതൃത്വത്തിന് കത്ത് നൽകിയത് രംഗം ചൂടുപിടിപ്പിച്ചിട്ടുണ്ട്. പ്രസിഡണ്ട് മല്ലിക്കാർജുൻ ഖാർഗെ അടമുള്ളവരെ കണ്ട് അദ്ദേഹം പരാതികൾ നിരത്തുകയും ചെയ്തിട്ടുണ്ട്. ഇതിനെല്ലാം പിന്നിൽ ചിലരുണ്ടെന്നാണ് മന്ത്രി കെ. മുരളീധരൻ പറഞ്ഞുവെച്ചത്, ഐ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെക്കുറിച്ചാണെന്ന് വിമർശകർ വിശ്വസിക്കുന്നുണ്ട്.

അടൂർ പ്രകാശിൻ്റെ തുറന്നടിക്കലുകൾക്ക് എതിരെ കെ പി സി സി പ്രസിഡണ്ടും മന്ത്രിയുമായ സണ്ണി ജോസഫും രംഗത്ത് വന്നിട്ടുണ്ടെങ്കിലും അതിന് നേതാക്കൾക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചിട്ടില്ല.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News