October 19, 2026 8:56 pm

കിഫ്ബി ഇടപാടുകൾ: പിണറായിയുടെ നേരിട്ട ഇടപെടൽ വ്യക്തം

കൊച്ചി : കേരള അടിസ്ഥാന സൗകര്യ നിക്ഷേപ ബോർഡ് (കിഫ്ബി) വഴി കണ്ണൂർ ജില്ലയിൽ നടന്ന വൻകിട ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ക്രമക്കേട് ആരോപണങ്ങൾ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ കൊടുങ്കാറ്റ് ഉയർത്തുന്നു.

വ്യവസായ വികസനത്തിന്‍റെ പേരിൽ ന്യായമായ വിപണി മൂല്യത്തേക്കാൾ അഞ്ചിരട്ടി വരെ അധിക തുക നൽകി ഏക്കറുകണക്കിന് ഭൂമി വാങ്ങിക്കൂട്ടിയതിലും, പദ്ധതി നിർവ്വഹണത്തിൽ ഗുരുതരമായ വീഴ്ചകൾ വരുത്തിയതിലും അന്നത്തെ മുഖ്യമന്ത്രിയും കിഫ്ബി ചെയർമാനുമായിരുന്ന പിണറായി വിജയന്‍റെ നേരിട്ടുള്ള ഇടപെടലുകൾ വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നതാണ് ഈ വിവാദത്തിന് പുതിയ മാനം നൽകിയിരിക്കുന്നത്.

മാധ്യമങ്ങൾ പുറത്തുവിട്ട കിഫ്ബിയുടെ 33-ാമത് ബോർഡ് യോഗത്തിന്‍റെ മിനുട്സും രേഖകളും അനുസരിച്ച്, കണ്ണൂരിലെ ഭൂമി ഏറ്റെടുക്കൽ നടപടികൾ വളരെ വേഗത്തിലും അടിയന്തരമായും പൂർത്തിയാക്കണമെന്ന് ബോർഡ് സി.ഇ.ഒയോട് നിർദ്ദേശിച്ചത് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ്.

2018 ഒക്ടോബറിൽ നടന്ന ഈ യോഗത്തിൽ, കണ്ണൂർ വിമാനത്താവളത്തിന് സമീപം മട്ടന്നൂരിലും പരിസര പ്രദേശങ്ങളിലും വ്യവസായ പാർക്കുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മെഡിക്കൽ കേന്ദ്രങ്ങൾ എന്നിവ സ്ഥാപിക്കുന്നതിനായി ഭൂമി ഏറ്റെടുക്കുന്നത് സംസ്ഥാനത്തിന്‍റെ വ്യാവസായിക ഭാവിക്ക് അത്യാവശ്യമാണെന്നും ഇത് അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയതായി രേഖകളിൽ പറയുന്നു.

കിൻഫ്ര സമർപ്പിച്ച ഒരു ലളിതമായ കൺസെപ്റ്റ് നോട്ടിൻ്റെ മാത്രം അടിസ്ഥാനത്തിലാണ് വിപണി വിലയേക്കാൾ ഉയർന്ന തുക നൽകി ഭൂമി ഏറ്റെടുക്കാൻ ബോർഡ് അനുമതി നൽകിയത്. യാതൊരുവിധ വിശദമായ പദ്ധതി രേഖയോ (ഡി.പി.ആർ) കൃത്യമായ പഠനങ്ങളോ ഇല്ലാതെയാണ് ഈ വൻ പദ്ധതിക്ക് തുടക്കം കുറിച്ചതെന്നാണ് പ്രധാന വിമർശനം.

കിഫ്ബിയുടെ ഭൂമി ഏറ്റെടുക്കൽ നടപടികളെക്കുറിച്ച് പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച മുൻ കേന്ദ്ര ധനകാര്യ സെക്രട്ടറി സുധാ പിള്ള അധ്യക്ഷയായ ഉയർന്നതല വിദഗ്ധ സമിതിയുടെ പഠന റിപ്പോർട്ടാണ് വിവാദങ്ങളുടെ തറക്കല്ല്. കിഫ്ബി വഴി ഭൂമി ഏറ്റെടുക്കുന്നതിനായി ആകെ വകയിരുത്തിയ 16,421 കോടി രൂപയിൽ 12,258 കോടി രൂപയും (അതായത് ആകെ ഫണ്ടിന്റെ 74.64 ശതമാനവും) കണ്ണൂർ ജില്ലയിൽ മാത്രം ഭൂമി വാങ്ങാനാണ് ഉപയോഗിച്ചതെന്ന് വിദഗ്ധ സമിതി കണ്ടെത്തുകയായിരുന്നു.

മറ്റ് ജില്ലകളെ തീർത്തും അവഗണിച്ച് ഒരു പ്രത്യേക പ്രദേശത്തേക്ക് മാത്രം ഫണ്ട് കേന്ദ്രീകരിച്ചതിൽ വലിയ സാമ്പത്തിക ക്രമക്കേടും വിവേചനവും നടന്നിട്ടുണ്ടെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. പാലക്കാട് പോലുള്ള വ്യവസായ സൗഹൃദ ജില്ലകളിൽ ഏക്കറിന് 1 കോടി രൂപ നിരക്കിൽ ഭൂമി വില നിശ്ചയിച്ചപ്പോൾ, കണ്ണൂരിൽ ഏക്കറിന് 2.5 കോടി രൂപ വരെ ഉയർന്ന വിലയാണ് നിശ്ചയിച്ചത്.

ഇത് യഥാർത്ഥ വിപണി മൂല്യത്തിന്‍റെ അഞ്ചിരട്ടിയോളമാണെന്നും റിപ്പോർട്ടിൽ പറയുന്നു. അമ്പരിപ്പിക്കുന്ന തുക നൽകി ആയിരത്തിലധികം ഏക്കർ ഭൂമി ഏറ്റെടുത്തെങ്കിലും, ഇതിൽ വെറും അമ്പത് ഏക്കറോളം ഭൂമിയിൽ മാത്രമാണ് കഴിഞ്ഞ അഞ്ചിലധികം വർഷത്തിനിടയിൽ വ്യവസായ പാർക്കോ മറ്റ് വികസന പ്രവർത്തനങ്ങളോ നടത്താൻ സാധിച്ചത്.

ബാക്കി ഭൂമി ഒരു ഉപയോഗവുമില്ലാതെ കിടക്കുകയാണ്. ഈ ഭൂമി ഈടുവെച്ച് ബാങ്ക് വായ്പയ്ക്ക് കിൻഫ്ര ശ്രമിച്ചുവെങ്കിലും, ഭൂമിക്ക് യഥാർത്ഥത്തിൽ ഏക്കറിന് 20,000 രൂപയുടെ മൂല്യം പോലും ഇല്ലെന്ന് കാണിച്ച് പ്രമുഖ ബാങ്കുകൾ വായ്പാ അപേക്ഷകൾ നിരസിച്ച വിവരവും പുറത്തുവന്നിട്ടുണ്ട്.

ഇതിനുപുറമെ, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കിഫ്ബി എടുത്ത വൻ ബാധ്യതകൾ സംസ്ഥാനത്തിന്‍റെ ദൈനംദിന ധനലഭ്യതയെപ്പോലും ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ച് അന്നത്തെ ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ സമർപ്പിച്ച 2023 ജൂണിലെ കുറിപ്പും പുറത്തുവന്നിട്ടുണ്ട്.

കിഫ്ബിയുടെ നിലവിലെ കടബാധ്യത 32,000 കോടി രൂപയോളമായി ഉയർന്നിരിക്കെ, കൈവശമുള്ള തുക ഗണ്യമായി കുറഞ്ഞത് വലിയ സാമ്പത്തിക അപകടത്തിലേക്കാണ് സംസ്ഥാനത്തെ നയിക്കുന്നതെന്ന് ഭരണപക്ഷം ആരോപിക്കുന്നു. അന്വേഷണ സമിതി ആവശ്യപ്പെട്ടിട്ടും കിഫ്ബി ഉദ്യോഗസ്ഥർ പല സുപ്രധാന രേഖകളും കൈമാറാൻ മടിച്ചുവെന്നും, പിന്നീട് ചീഫ് സെക്രട്ടറിയുടെ കർശന ഇടപെടലിന് ശേഷമാണ് രേഖകൾ ലഭ്യമാക്കിയതെന്നും യു ഡി എഫ് നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു.

എന്നാൽ ഉയർന്നുവന്ന ആരോപണങ്ങളെയെല്ലാം ശക്തമായ ഭാഷയിലാണ് പിണറായി വിജയനും സി.പി.എമ്മും പ്രതിരോധിക്കുന്നത്. കണ്ണൂരിൽ ഭൂമി ഏറ്റെടുത്തതിൽ യാതൊരുവിധ പ്രാദേശിക വിവേചനവുമില്ലെന്നും “കണ്ണൂർ കേരളത്തിലല്ലേ ഉള്ളത്?” എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ചോദിച്ചു.

കൊച്ചിയിൽ മെട്രോ വന്നപ്പോൾ ആരും വിവേചനം ആരോപിച്ചില്ലല്ലോ എന്നും വികസനത്തിന് ആവശ്യമായ ഭൂമി ലഭ്യമായതുകൊണ്ടാണ് കണ്ണൂരിൽ ഏറ്റെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തിന്‍റെ ദീർഘകാല വ്യാവസായിക വികസനത്തിനും പുതിയ സംരംഭങ്ങൾ ആകർഷിക്കുന്നതിനും ലാൻഡ് ബാങ്ക് സൃഷ്ടിക്കുക മാത്രമാണ് സർക്കാർ ചെയ്തതെന്നും, പദ്ധതികൾ നടപ്പിലാകുമ്പോൾ ഈ ഭൂമി കൃത്യമായി ഉപയോഗിക്കപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കിഫ്ബിയുടെ ഈ കണ്ണൂർ ഭൂമി ഇടപാട് ഒരേസമയം വൻ സാമ്പത്തിക ക്രമക്കേടിന്‍റെയും ആസൂത്രണമില്ലാത്ത വികസന നയങ്ങളുടെയും ഉദാഹരണമായി രാഷ്ട്രീയ എതിരാളികൾ ഉയർത്തിക്കാട്ടുമ്പോൾ, വരും ദിവസങ്ങളിൽ ഈ ബോർഡ് യോഗ മിനുട്സും വിദഗ്ധ സമിതി റിപ്പോർട്ടും രാഷ്ട്രീയത്തിൽ കൂടുതൽ ചൂടേറിയ ചർച്ചകൾക്കും നിയമനടപടികൾക്കും വഴിവെക്കുമെന്നാണ് കരുതപ്പെടുന്നത്.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News