തിരുവനന്തപുരത്ത് നാടോടിക്കുട്ടിയെ തട്ടിക്കൊണ്ടുപോയി

തിരുവനന്തപുരം: പേട്ടയില്‍ നാടോടി ദമ്പതിമാരുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി. ബിഹാര്‍ സ്വദേശികളായ നാടോടി ദമ്പതിമാരുടെ രണ്ടുവയസ്സുള്ള പെണ്‍കുഞ്ഞിനെയാണ് കാണാതായത്. പോലീസ് വ്യാപക പരിശോധന നടത്തിവരികയാണ്.

പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. റോഡരികില്‍ കഴിയുന്ന നാടോടി ദമ്പതിമാരായ അമര്‍ദീപ് – റബീന ദേവിയുടെ മകള്‍ മേരിയെയാണ് കാണാതായത്. നാടോടി സംഘം റോഡരികില്‍ കിടന്നുറങ്ങുന്നതിനിടെ ഒരുമണിയോടെ അച്ഛനും അമ്മയും എഴുന്നേറ്റപ്പോഴാണ് കുട്ടിയെ കാണാതായതായി അറിയുന്നത്. ഇവര്‍ ബഹളംവെച്ചതോടെ നാട്ടുകാരെത്തുകയും പെട്ടെന്നുതന്നെ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു. ഉടന്‍ തന്നെ പോലീസ് അന്വേഷണം ആരംഭിച്ചുവെങ്കിലും കുട്ടിയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

ശബ്ദംകേട്ട് എഴുന്നേറ്റപ്പോള്‍ സ്‌കൂട്ടറില്‍ രണ്ടുപേര്‍ പോകുന്നത് കണ്ടുവെന്നും അവരായിരിക്കണം കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നുമാണ് ദമ്പദിതിമാര്‍ പറയുന്നത്.

തിരുവനന്തപുരം പേട്ടയില്‍ റോഡരികില്‍ വര്‍ഷങ്ങളായി ഇവര്‍ തമ്പടിച്ചു താമസിച്ചുവരികയായിരുന്നു. ദീര്‍ഘകാലമായി ഇവര്‍ ഹൈദരാബാദിലായിരുന്ന ഇവര്‍ ഏതാനും വര്‍ഷംമുന്‍പ് കേരളത്തിലെത്തുകയായിരുന്നു. മൂന്ന് ആണ്‍കുട്ടികളടക്കം നാലുകുട്ടികളാണ് ഇവര്‍ക്ക്. പോലീസ് വ്യാപക പരിശോധന നടത്തി വരികയാണ്. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. സി.സി.ടി.വി. ദൃശ്യങ്ങളടക്കം പരിശോധിച്ചുവരികയാണ്.

കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ 9497990008, 04712501801 എന്ന നമ്പറില്‍ അറിയിക്കുക.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News