ക്ഷത്രിയൻ ..
അന്തപുരിയിലെ ക്ലിഫ് ഹൗസ് കൊട്ടാരത്തിൽ നിന്നു മൂന്ന് അന്വേഷണസംഘങ്ങൾ കുതിരയെ പായിച്ച് തെളിവില്ലെന്നു തിട്ടൂരമെഴുതിയതാണ്. എന്നാൽ പിന്നെന്ത്?
സർവ്വവിശ്വസ്തയായ ഒരു യക്ഷി മഷിയിട്ടു നോക്കി അയച്ചു കൊടുത്ത കിഴുത്തുപത്രവും വാങ്ങി, ഡൽഹിയിലെ സി.ബി.ഐ.പ്രഭുക്കൾക്ക് ശിപാർശ ചെയ്ത സാക്ഷാൽ പിണറായിത്തമ്പുരാൻ്റെ നയകോവിദത്വം നാം മറക്കാൻ പ്രായമായോ ഏതോ?

ഉമ്മൻചാണ്ടി എന്ന സാധുമനുഷ്യൻ ഒരായിരം വട്ടം നീതിമാനാണെന്നു പ്രസംഗപീഠങ്ങളിൽ കാളകൂടം തുപ്പിയവർ ഇപ്പോൾ അതെല്ലാം വിഴുങ്ങി, അങ്കത്തിൽ ജയിച്ചപ്പോൾ ആ പേരുപോലും പെട്ടിയിലാക്കി പൂട്ടിവെച്ചിരിക്കുന്നു. നീതിയുടെ നറുമണം പോലും അനുഭവിക്കാതെ ആ പാവം അന്ത്യയാത്രയായതും ചരിത്രത്തിൻ്റെ താളുകളിൽ നിന്നും അപ്രത്യക്ഷമായി!
അക്കലശത്തിനിടയിലാണ് സതീശൻ പ്രഭുവിനെ പറവൂരിലെ പുനർജ്ജനിയിൽ മുക്കിക്കൊല്ലാൻ നാട്ടുപ്രമാണികൾ വലവീശിയത്. പോരാഞ്ഞ്, കൊച്ചിയിലെ മാവുങ്കൽ മാന്ത്രികൻ്റെ കള്ളമൊഴി വെച്ച് കണ്ണൂരിലെ സുധാകരേട്ടൻ്റെ പുറകേ നടന്ന് വേട്ടയാടിയതും, വെളുപ്പാൻകാലത്തും നട്ടപ്പാതിരയ്ക്കും കിടക്കപ്പായയിൽ നിന്ന് കുട്ടിനേതാക്കളെ ഉടുതുണിയോടെ ആനയിച്ച് തടവിലാക്കിയതും മറക്കാൻ മാത്രം വയസ്സായോ മുതിർന്ന പ്രഭുക്കളെ?
പിണറായി നാട്ടിലെ തിരുട്ടു കുടുംബത്തിൻ്റെ കൊള്ളയടി കണ്ട് വിജിലൻസിന് ഹർജി നൽകിയ കുഴൽനാടൻ വക്കീലിൻ്റെ വായിൽ കുഴലപ്പം തിരുകാൻ നെട്ടോട്ടമോടിയ അന്തംസഖാക്കൾ, ഒടുവിൽ അയാളുടെ തൊഴുത്തും പറമ്പും വരമ്പും വരെ അടിയളന്നു നോക്കി കേസ്സുണ്ടാക്കാൻ തുനിഞ്ഞത് മറക്കാൻ എത്ര മാസം വേണം?
പിണറായി വിജയൻ്റെ പകപ്പന്തലിൽ പടച്ചെടുത്ത കള്ളക്കേസുകളിൽ വെന്തുരുകിയ മനുഷ്യരുടെ ഓർമ്മകൾ പോലും ഇപ്പോൾ ഇക്കൂട്ടർക്ക് യുവത്വത്തിൻ്റെ ‘പക്വതക്കുറവായി’ തോന്നിത്തുടങ്ങിയിരിക്കുന്നു ! അഹോ ഭാഗ്യം !
മകൾക്ക് മാസപ്പടിയായി കോടികളും, നാടുമുഴുവൻ കൊള്ളയടിച്ച് വാഴാൻ പത്തുകൊല്ലവും വിധിച്ച് കിട്ടിയപ്പോൾ, കുന്നംകുളത്തെ സുജിത്തിനും യൂത്ത് കോൺഗ്രസ്സുകാർക്കും ക്രൂരമർദ്ദനവും ജയിൽവാസവും മാത്രമായിരുന്നു പ്രതിഫലം.
ആ തണലിൽ ലോട്ടറിയടിച്ചതുപോലെ അധികാരം കയ്യിൽ വന്നപ്പോൾ വാഴുന്നവർക്ക് മറവിയുടെ വേഗത കൂടി. അവിടെ പിന്നെ പാവപ്പെട്ട അണികളുടെ നെഞ്ചിലെ പുകച്ചിൽ പക്വതയില്ലായ്മയായി മാറിയതിൽ എന്തത്ഭുതം?
പതിനായിരം പിൻവാതിൽ മന്നന്മാരും ബോർഡ്-കോർപ്പറേഷൻ വാഴുന്നവരും കോൺഗ്രസ്സുകാരൻ വിയർപ്പൊഴുക്കി ഉണ്ടാക്കിക്കൊടുത്ത ഭരണത്തിൻ്റെ തണലിലിരുന്ന് മാസം തികയുമ്പോൾ എണ്ണിയെണ്ണി ശമ്പളം വാങ്ങുന്നു. കമ്മികൾ നായാട്ട് തുടരുകയും ചെയ്യുന്നു. കടത്ത് കടന്ന് കരപറ്റിയാൽ തോണി പുഴയിൽ മുക്കുന്ന വാർദ്ധക്യസഹജമായ ഈ നിലപാട് കണ്ട് ചരിത്രം ചിരിക്കുകയാണ് !
വിശ്വാസ്യതയില്ലാത്ത, ഇന്ദ്രപ്രസ്ഥത്തിലെ ഇ.ഡി. പ്രഭുക്കളുടെ കത്തുകണ്ട് ചാടിവീണ് കേസെടുക്കാത്തത് മാന്യത. എന്നാൽ, അത്രപോലും വിശ്വാസ്യതയില്ലാത്ത മാസപ്പടി വീണയും സാക്ഷാൽ പിണറായി വിജയനും പരുങ്ങിനിൽക്കുമ്പോൾ, ഈ കർത്താക്കൾ കാട്ടുന്ന അനുപാതമില്ലാത്ത സാവകാശം കാണുമ്പോൾ സാമാന്യബോധമുള്ളവരുടെ നെറ്റി ചുളിയാതിരിക്കുന്നതെങ്ങനെ ?
നെഹ്രു രാജവംശത്തിലെ ഇളംതലമുറക്കാരൻ രാഹുലൻജിയും ഇങ്ങകലെയുള്ള കേരളം ദേശത്തിലെ സതീശൻ മേനോനും ചെന്നിത്തല നായരും ആയിരം വട്ടം അങ്ങാടിയിൽ വിളിച്ചുപറഞ്ഞ നിലപാടുകൾ ഏറ്റുപറഞ്ഞ് തൊണ്ടപൊട്ടിയ സാധാരണ അണികളുടെ ശിരസ്സ് കുനിയുന്ന തരം മറവികൾ ഇനിയുണ്ടാകരുത്.

നാളെ കോടതിയിൽ തോറ്റാലും ജയിച്ചാലും അഡ്വക്കേറ്റ് ജനറലിന് ശമ്പളവും കൊട്ടാരത്തിലെ സൗഹൃദങ്ങളും ബാക്കിയുണ്ടാകും. എന്നാൽ തെരുവിൽ വാക്കുമാറിപ്പറയാൻ നിർബന്ധിതരാകുന്ന സാധാരണ അണികൾക്ക് ജനങ്ങളുടെ തുപ്പലും ആട്ടും മാത്രമേ ബാക്കിയുള്ളൂ.
അടയ്ക്കാ രാജു എന്ന കള്ളൻ്റെ നീതിബോധത്തിൽ നിന്നാണ് കോട്ടയത്തെ കോൺവെൻ്റിലെ സിസ്ററർ അഭയക്കേസിലെ പ്രതികൾക്ക് ശിക്ഷ വാങ്ങി കൊടുക്കാനായതെന്ന കാര്യം മറക്കരുത്. ഇവിടെ ഏതായാലും പിണറായിയേക്കാൾ യോഗ്യത ഹർജിക്കാരനുണ്ട്.
വി എസ് അച്യുതാനന്ദൻ്റെ നിഴലായിരുന്ന കെ.എം. ഷാജഹാനോട് ആയിരം വിയോജിപ്പുകളുണ്ടാകാം, എന്നാൽ കൊള്ളക്കാരനായ ഭരണാധികാരിക്ക് വേണ്ടി ഹർജിക്കാരനെ കേരളം ദേശത്തിലെ രാജവംശം,’ശല്യക്കാരനായ വ്യവഹാരി’ എന്ന് ചാപ്പയടിച്ചത് അല്പം കടന്ന കൈയായിപ്പോയി !
ഭരണം എല്ലാവരുടേതുമാകാം, എന്നാൽ അത് സാക്ഷാൽ പിണറായിയുടേത് മാത്രമാണെന്ന് ജനങ്ങൾക്ക് തോന്നരുത്. പാർട്ടിക്കോട്ടകളിൽ പോലും സ്വന്തക്കാർക്ക് വേണ്ടാത്ത ഈ മാസപ്പടിക്കാരെ വെളുപ്പിച്ചെടുക്കാൻ ഖദറിട്ടവർ സോപ്പും ചവറളിയും എടുക്കരുത്.
കാരണഭൂതനെ അളന്ന നാഴികളൊക്കെ ജനങ്ങളുടെ കയ്യിൽ ഭദ്രമായുണ്ട്. ആ നാഴി വെച്ച് നിലവിലെ അധികാര പ്രഭുക്കളെയും ജനം അളക്കുമെന്ന ബോധം ഉണ്ടാവുന്നത് നന്ന് !































