വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ.ഹംസ രാജിവച്ചു

കോഴിക്കോട്: വഖഫ് ചുമതലയുള്ള മന്ത്രി വി.അബ്ദുറഹിമാനുമായുള്ള അഭിപ്രായ വ്യത്യാസം തുടരുന്നതിനിടെ, വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം മുതിര്‍ന്ന സി.പി.എം നേതാവ് ടി.കെ.ഹംസ രാജിവച്ചു. രാജി തീരുമാനം പാര്‍ട്ടിയുമായി ആലോചിച്ചെടുത്തതാണെന്നും, വകുപ്പ് മന്ത്രിയുമായി പ്രശ്നങ്ങളൊന്നുമില്ലെന്നും ഹംസ പറഞ്ഞു. ഇതു സംബന്ധിച്ച മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്, പ്രശ്നങ്ങളെന്തെങ്കിലുമുണ്ടെങ്കില്‍ അത് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നായിരുന്നു മറുപടി.

2020 ജനുവരി 10 നാണ് ചെയര്‍മാന്‍ പദവിയിലെത്തിയത്. അന്ന് തനിക്ക് 82 വയസു കഴിഞ്ഞിരുന്നു. 80 വയസ് വരെയേ എന്തെങ്കിലും പദവി പാടുള്ളൂവെന്നാണ് പാര്‍ട്ടി നിയമം. 80 കഴിഞ്ഞാല്‍ നീട്ടിത്തരും. ആ കാലാവധിയും കഴിഞ്ഞതിനാലാണ് സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചതെന്ന് ഹംസ പറഞ്ഞു. ചെയര്‍മാന്‍ സ്ഥാനത്ത് ഒന്നര വര്‍ഷം കാലാവധി ബാക്കി നില്‍ക്കെയാണ് രാജി. ഒരുപാട് പ്രവര്‍ത്തനങ്ങള്‍ താന്‍ ചെയര്‍മാനായ സമയത്ത് ചെയ്ത് തീര്‍ത്തിട്ടുണ്ട്. 144 അന്യാധീനപ്പെട്ട വഖഫ് ഭൂമി തിരിച്ചുപിടിച്ചിട്ടുണ്ട്. 1091 കേസില്‍ 401 എണ്ണം ഒഴികെ തീര്‍ത്തു. മന്ത്രിയുമായി അഭിപ്രായ വ്യത്യാസമുണ്ടായാല്‍ തീര്‍ക്കാനുള്ളതാണ് സി.പി.എം. പാര്‍ട്ടിക്ക് മുമ്പില്‍ ചെയര്‍മാനും മന്ത്രിയും ഒന്നുമല്ല,? അംഗങ്ങള്‍ മാത്രമാണ് തങ്ങളെന്നും അദ്ദേഹം വിശദീകരിച്ചു.

അതേസമയം, ഇരുവരും തമ്മില്‍ യോജിച്ച് പോകാനാവാത്തവിധം അഭിപ്രായ ഭിന്നതകളുണ്ടായിരുന്നതായാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ടി.കെ.ഹംസ യോഗങ്ങളില്‍ പങ്കെടുക്കുന്നില്ലെന്ന് കാട്ടി ജൂലായ് 18 ന് നോട്ടീസയച്ചത് മന്ത്രി അബ്ദുറഹ്മാന്റെ നിര്‍ദ്ദേശ പ്രകാരമാണെന്നാണ് വിവരം. വഖഫ് ബോര്‍ഡില്‍ പല കാര്യങ്ങളിലും മന്ത്രിയുമായി ഹംസയ്ക്ക് ഭിന്നതകളുണ്ടായിരുന്നു. മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന വഖഫ് ബോര്‍ഡ് യോഗത്തിലൊന്നും ചെയര്‍മാന്‍ പങ്കെടുക്കുന്നില്ലെന്ന മിനുട്സുകളും പുറത്ത് വന്നിരുന്നു. ഇത് പാര്‍ട്ടിക്കും തലവേദനയായതോടെയാണ്, പ്രത്യേകിച്ച് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാത്ത സാഹചര്യത്തില്‍ ഹംസയുടെ രാജി. പുതിയ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ലീഗിനൊപ്പം നില്‍ക്കുന്ന സമസ്തയെ പരിഗണിക്കാനാണ് സി.പി.എം നീക്കമെന്നാണ് വിവരം.