പുതിൻ്റെ എതിരാളി വാഗ്നർ സേന തലവൻ പ്രിഗോഷിന്‍ മരിച്ചു 

മോസ്‌കോ: റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമർ പുതിൻ്റെ എതിരാളിയും കൂലിപ്പട്ടാളമായ വാഗ്നര്‍ സേനയുടെ തലവനുമായ യെവ്‌ഗെനി പ്രിഗോഷിന്‍ വിമാനാപകടത്തിൽ മരിച്ചു എന്ന് റിപ്പോർട്ട്.

ബി.ബി.സിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. റഷ്യയിലുണ്ടായ വിമാനാപകടത്തിലാണ് പ്രിഗോഷിന്‍ കൊല്ലപ്പെട്ടതെന്നാണ് സൂചനകള്‍. എന്നാൽ ഇത് സാധാരണ അപകടമാണോ അതോ ആസൂത്രിത കൊലയാണോ എന്ന സംശയം ബാക്കി നിൽക്കുന്നു. പുതിൻ്റെ എതിരാളികൾ ദുരൂഹ സാഹചര്യങ്ങളിൽ മരിക്കുന്നത് റഷ്യയിൽ പതിവാണ്.

സെയ്ന്റ് പീറ്റേഴ്‌സ്ബര്‍ഗിനും മോസ്‌കോയ്ക്കും ഇടയിലായാണ് അപകടം നടന്നതെന്ന് സർക്കാർ വ്യക്തമാക്കി. പ്രിഗോഷിനൊപ്പമുണ്ടായിരുന്ന ഒന്‍പത് സഹയാത്രികരും കൊല്ലപ്പെട്ടു എന്നാണ് പറയുന്നത്.

പ്രസിഡന്റ്‌ പുതിന്റെ വിശ്വസ്തനും വ്യവസായിയുമായ യെവ്ഗനി പ്രിഗോഷിന്‍ 2014-ല്‍ രൂപവത്കരിച്ച സ്വകാര്യ സൈനിക സംഘമാണ് പി.എം.സി. വാഗ്നര്‍ അഥവാ വാഗ്നര്‍ പട്ടാളം.

വിദേശത്തെ സൈനിക നടപടിക്ക് റഷ്യ ഉപയോഗിക്കുന്ന കൂലിപ്പട്ടാളമാണ് ഇവര്‍. 250 പേരുമായി തുടങ്ങിയ സംഘം എട്ടുവര്‍ഷം കൊണ്ട് അമ്പതിനായിരത്തോളം അംഗങ്ങളുള്ള വലിയ സംഘമായി മാറി. പിന്നീട് പുതിനെതിരേ വാഗ്നര്‍ ഗ്രൂപ്പ് തിരിഞ്ഞു.