നിയമസഭാ കൈയാങ്കളി: എന്‍.ശക്തന്‍ സഹകരിക്കുന്നില്ലെന്ന്

തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസിന്റെ തുടരന്വേഷണത്തില്‍ അന്നത്തെ സ്പീക്കറായിരുന്ന എന്‍.ശക്തന്‍ സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. മൂന്നാഴ്ചയിലൊരിക്കല്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഷിബു ഡാനിയലിന്റെ ഉത്തരവ് പ്രകാരമാണ് ഡിവൈ.എസ്.പി കെ. സജീവ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

പലതവണ നേരിട്ട് ആവശ്യപ്പെട്ടിട്ടും മൊഴി നല്‍കാനോ അന്വേഷണവുമായി സഹകരിക്കാനോ മുന്‍ സ്പീക്കര്‍ തയ്യാറാകുന്നില്ല. അന്ന് സഭയിലുണ്ടായിരുന്ന 27 എം.എല്‍.എമാര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി നിയമസഭാ ഹാളില്‍ പ്രവേശിക്കാന്‍ അന്വേഷണ സംഘത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. മുന്‍ സാമാജികരായ കെ. അജിത്, കെ.എസ്. സലീഖ എന്നിവരുടെ ചികിത്സാ രേഖകള്‍ ശേഖരിച്ചു. സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടര്‍മാരുടെയും നിയമസഭാ ക്ലിനിക്കിലെ ഡോക്ടര്‍മാരുടെയും മൊഴിയെടുത്തു. മുന്‍ സാമാജികന്‍ ടി. വി. രാജേഷിന്റെ മൊഴി രേഖപ്പെടുത്താന്‍ നോട്ടീസ് നല്‍കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

മുന്‍ സമാജികരായ കെ. അജിത്, ഇ.എസ്. ബിജിമോള്‍, ഗീതാ ഗോപി എന്നിവര്‍ ഡി.ജി.പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ അനുമതിയോടെ തുടരന്വേഷണം നടത്തുന്നതെന്ന് റിപ്പോര്‍ട്ടിലുണ്ട്. മന്ത്രി വി. ശിവന്‍കുട്ടി, ഇടതു നേതാക്കളായ ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍, കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ. സദാശിവന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. 2015 മാര്‍ച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം. മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് പൊലീസ് കേസ്.