ഉപതിരഞ്ഞെടുപ്പ് : രാഷ്ട്രീയകേരളം പുതുപ്പള്ളിയിലേക്ക്

തിരുവനന്തപുരം: പോരിന് വീര്യംകൂട്ടി പുതുപ്പള്ളിയുടെ മണ്ണിലേക്ക് കേരള രാഷ്ട്രീയം തളംകെട്ടിനില്‍ക്കുന്ന 28 ദിവസമാണ് ഇനി വരാനിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ടതിന്റെ നേരിയ അങ്കലാപ്പ് നേതാക്കള്‍ക്കുണ്ടായിട്ടുണ്ടെങ്കിലും പോരിന് തയ്യാറാണെന്ന് ഇരുമുന്നണികളും പ്രഖ്യാപിച്ചുകഴിഞ്ഞു. വിശ്വാസരാഷ്ട്രീയത്തിന്റെ മുനകൂര്‍പ്പിച്ച് ബി.ജെ.പി. രംഗത്തിറങ്ങിയ ഘട്ടത്തിലാണ് തിരഞ്ഞെടുപ്പ് എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.

ഒട്ടും ആശയക്കുഴപ്പമില്ലാതെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനായി എന്നതാണ് കോണ്‍ഗ്രസിനുള്ള നേട്ടം. ഉമ്മന്‍ചാണ്ടിയെന്ന വികാരവും സര്‍ക്കാരിനെതിരേ ഉയര്‍ത്തുന്ന ആരോപണങ്ങളുമാണ് യു.ഡി.എഫിന്റെ ആവനാഴിയിലെ അസ്ത്രങ്ങള്‍. വീണയുടെ മാസപ്പടി വിവാദവും ഉയര്‍ന്നുവന്നതോടെ കളം കൊഴുക്കുമെന്നുറപ്പ്.

പി.ടി. തോമസിന്റെ മരണത്തെത്തുടര്‍ന്നുനടന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ പുലര്‍ത്തിയ ജാഗ്രതയും ഐക്യവും പുതുപ്പള്ളിയിലേക്കും യു.ഡി.എഫ്. പറിച്ചുനടും. വിലക്കയറ്റം, നികുതിഭാരം തുടങ്ങി പോലീസിന്റെ വീഴ്ചവരെയുള്ളവ സര്‍ക്കാരിന്റെ കുറ്റപത്രമാക്കി അവതരിപ്പിക്കും.

ചാണ്ടി ഉമ്മനെ മുന്‍ നിര്‍ത്തിയുള്ള പ്രചരണം കോണ്‍ഗ്രസിന് മുന്‍തൂക്കം നല്‍കുന്നുണ്ട്. ഭരണകക്ഷിയെന്ന പരിമിതിയും നേട്ടം എല്‍.ഡി.എഫിനുണ്ട്. പ്രതിപക്ഷ ആരോപണങ്ങളില്‍ കുലുങ്ങാതെ നില്‍ക്കുന്ന സര്‍ക്കാരിന്റെ കരുത്താണ് എല്‍.ഡി.എഫിന്റെ ശക്തി. അതേസമയം, അപ്രതീക്ഷിതമായ ഘട്ടത്തിലെത്തിയ തിരഞ്ഞെടുപ്പ് ജനപ്രിയപ്രഖ്യാപനങ്ങളൊന്നും നടത്താനാകാത്തവിധം സര്‍ക്കാരിനെ വീര്‍പ്പുമുട്ടിച്ചിട്ടുണ്ട്. ഓണക്കിറ്റ് നല്‍കുന്നതിനുപോലും തീരുമാനമെടുത്തിട്ടില്ല.

എന്നാല്‍, പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളില്‍ സംഘടനാമികവ് പുലര്‍ത്താന്‍ സി.പി.എമ്മിന് കഴിഞ്ഞിട്ടുണ്ട്. മണ്ഡലത്തിലെ എട്ടുപഞ്ചായത്തുകളില്‍ ആറും എല്‍.ഡി.എഫിനൊപ്പം നില്‍ക്കുന്നതിനാല്‍ രാഷ്ട്രീയപ്പോരില്‍ ജയിച്ചുകയറാമെന്ന ആത്മവിശ്വാസമാണ് നേതാക്കള്‍ക്ക്. വികസനമാണ് പുതുപ്പള്ളിയിലും പ്രചാരണവിഷയമെന്ന് എല്‍.ഡി.എഫ്. പ്രഖ്യാപിച്ചുകഴിഞ്ഞു.

എന്നാല്‍, തൃക്കാക്കരയില്‍ സില്‍വര്‍ലൈനിലുണ്ടായപോലെ വികസനചര്‍ച്ച ഏതെങ്കിലും പദ്ധതിയിലേക്ക് മാത്രമായി ചുരുങ്ങുന്ന രാഷ്ട്രീയസാഹചര്യം ഇപ്പോഴില്ല. സംസ്ഥാനസമിതി യോഗത്തിന്റെ അംഗീകാരത്തിനുശേഷമാകും സി.പി.എം. സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുക. എന്തായാലും രാഷ്ട്രീയ കേരളം പുതുപ്പള്ളിയിലേക്ക് ഉറ്റുനോക്കുന്ന ദിനങ്ങളാണ് വരാന്‍പോകുന്നത്.