വാഷിംഗ്ടൺ : വെടിനിർത്തൽ കരാർ ചർച്ചകൾ പുരോഗമിക്കുമ്പോഴും, ഗാസയിൽ ആക്രമണങ്ങൾ അവസാനിക്കുന്നില്ല.
ഇസ്രായേൽ വ്യോമാക്രമണങ്ങൾ ഗാസയുടെ വിവിധ ഭാഗങ്ങളിൽ തുടരുന്നു.തിങ്കളാഴ്ച മാത്രം ഇസ്രായേൽ ഗാസയിൽ 50-ഓളം സ്ഥലങ്ങളിൽ ആക്രമണം നടത്തി. ഞായറാഴ്ച മാത്രം 68 പലസ്തീനികൾ കൊല്ലപ്പെട്ടതായി മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു. ഒക്ടോബറിന് ശേഷം ആകെ മരണസംഖ്യ 56,500 കവിഞ്ഞു. 1,33,000-ത്തിലധികം പേർക്ക് പരിക്കേറ്റു.
ഗാസയിൽ 60 ദിവസത്തെ വെടിനിർത്തൽ അന്തിമമാക്കാൻ ഇസ്രായേൽ ആവശ്യമായ വ്യവസ്ഥകൾക്ക് സമ്മതിച്ചിട്ടുണ്ട് എന്നാണ് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പറയുന്നത്.ഈ സമയപരിധിയിൽ യുദ്ധം അവസാനിപ്പിക്കാൻ എല്ലാ കക്ഷികളുമായും ചേർന്ന് പ്രവർത്തിക്കാനാണ് ലക്ഷ്യം.
ഖത്തറും ഈജിപ്തും ചേർന്ന് ഈ പുതിയ നിർദ്ദേശം ഹമാസിനും ഇസ്രായേലിനും കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. ഹമാസ് നേരത്തെ ഉന്നയിച്ച എതിർപ്പുകൾ പരിഹരിക്കുന്നതിനുള്ള മാറ്റങ്ങൾ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഹമാസിനെ പൂർണ്ണമായി ഇല്ലാതാക്കാതെ യുദ്ധം അവസാനിപ്പിക്കില്ല എന്ന നിലപാടിൽ ഇസ്രായേൽ ഉറച്ചുനിൽക്കുന്നു.
ഹമാസ് ഈ നിർദ്ദേശങ്ങൾ ഇതുവരെ അംഗീകരിച്ചിട്ടില്ല. യുദ്ധം പൂർണ്ണമായി അവസാനിപ്പിക്കുന്നതിനും ഇസ്രായേൽ സേനയെ ഗാസയിൽ നിന്ന് പൂർണ്ണമായി പിൻവലിക്കുന്നതിനും ഒരു സ്ഥിരം വെടിനിർത്തലിനും ഈ നിർദ്ദേശം വഴിയൊരുക്കുന്നുണ്ടെങ്കിൽ തങ്ങൾ ഏത് നിർദ്ദേശത്തോടും യോജിക്കാൻ തയ്യാറാണെന്ന് ഹമാസ് പറയുന്നു. എന്നാൽ, ഇതുവരെ ഒരു മുന്നേറ്റവും ഉണ്ടായിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
മുൻപും പല വെടിനിർത്തൽ ശ്രമങ്ങളും പരാജയപ്പെട്ടിട്ടുണ്ട്. മാർച്ചിൽ സമാനമായ ഒരു കരാർ ഇസ്രായേലിന്റെ പുതിയ ആക്രമണങ്ങൾക്ക് ശേഷം തകരുകയുണ്ടായി. അതിനാൽ, പുതിയ നിർദ്ദേശവും ഹമാസ് നിഷേധിക്കുമോ അതോ പുതിയ വ്യവസ്ഥകൾ മുന്നോട്ട് വെക്കുമോ എന്ന ആശങ്ക അമേരിക്കൻ ഉദ്യോഗസ്ഥർക്കുണ്ട്.