കാലിഫോര്‍ണിയ: ഇന്ത്യയുടെ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല അടക്കമുള്ള നാല് ബഹിരാകാശ യാത്രികരെ വഹിച്ചുകൊണ്ടുള്ള ആക്സിയം 4 ദൗത്യത്തിലെ ക്രൂ ഡ്രാഗണ്‍ ഗ്രേസ് പേടകം കാലിഫോര്‍ണിയ തീരത്ത് വിജയകരമായി ഇറങ്ങി.
അമേരിക്കയിലെ പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്.
ദൗത്യ സംഘത്തിന് ഏഴ് ദിവസം ഹൂസ്റ്റണിലെ ജോൺസൺ സ്‌പേസ് സെന്‍ററില്‍ പോസ്റ്റ്-ഫ്ലൈറ്റ് റീഹാബിലിറ്റേഷനാണ്. അത് പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ശുഭാംശു ശുക്ല ഇന്ത്യയിലേക്ക് വരികയുള്ളൂ.
നാല് യാത്രികരും ആരോഗ്യ പരിശീലനങ്ങള്‍ക്ക് വിധേയരാകും. മസിലുകളുടെ കരുത്തും ചലനശേഷിയും എല്ലുകളുടെ ആരോഗ്യവും അടക്കം വീണ്ടെടുക്കുന്നതിനാണിത്.എന്നാല്‍ രണ്ടാഴ്‌ച മാത്രമായിരുന്നു ദൗത്യത്തിന്‍റെ ദൈര്‍ഘ്യം എന്നതിനാല്‍ യാത്രികര്‍ക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമുണ്ടാവില്ല.
പലതവണ മാറ്റിവച്ച വിക്ഷേപണത്തിന് ശേഷം ജൂൺ 26-നാണ് ആക്സിയം 4 ദൗത്യ സംഘം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. നിലയത്തില്‍ ലക്ഷ്യമിട്ട 60 പരീക്ഷണങ്ങളും പൂർത്തിയാക്കാൻ സംഘത്തിന് കഴിഞ്ഞു.
കേരളത്തില്‍ നിന്ന് കൊണ്ടുപോയ ആറ് വിത്തിനങ്ങളുടെ പരീക്ഷണമടക്കം നിരവധി ഗവേഷണങ്ങള്‍ ഐഎസ്എസില്‍ ശുഭാംശു ശുക്ലയുടെ മേല്‍നോട്ടത്തില്‍ നടന്നു. വിവിധ പരീക്ഷണങ്ങളുടെ ഭാഗമായ സാമ്പിളുകടക്കം ഭൂമിയിലേക്ക് മടക്കി കൊണ്ടുവന്നിട്ടുണ്ട്.