May 21, 2025 11:38 am

തോൽവി മറച്ചുവെക്കാൻ പാക് പട്ടാള മേധാവിക്ക് സ്ഥാനക്കയററം

ഇസ്‌ലാമാബാദ്: ഇന്ത്യയ്ക്ക് തിരിച്ചടി നൽകിയെന്ന പ്രചരണത്തിൻ്റെ ഭാഗമായി കരസേനാ മേധാവി ജനറൽ അസിം മുനീറിനെ ഫീൽഡ് മാർഷൽ പദവിയിലേക്ക് ഉയർത്തി പാക്കിസ്ഥാൻ സർക്കാർ. രാജ്യത്തെ ഏറ്റവും ഉയർന്ന സൈനിക പദവിയാണു ഫീൽഡ് മാർഷൽ.

അടുത്തിടെയുണ്ടായ സംഘർഷത്തിൽ സേനയെ വിജയകരമായി നയിച്ചെന്ന വാദമുയർത്തിയാണു പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്‍റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിന്‍റെ ഈ തീരുമാനം.

സൈനികനടപടിയിൽ അസിം മുനീർ പുലർത്തിയ തന്ത്രപരമായ നേതൃത്വത്തിനുള്ള അംഗീകാരവും ശത്രുവിന് നിർണായക പരാജയമുണ്ടാക്കിയതിനുമുള്ള അംഗീകാരമാണു സ്ഥാനക്കയറ്റമെന്നു സർക്കാർ വിശദീകരിക്കുന്നു.

2022ൽ ജനറൽ ഖമർ ജാവേദ് ബജ്‌വയിൽ നിന്നാണ് അസിം മുനീർ സേനയുടെ നേതൃത്വം ഏറ്റെടുത്തത്. മുൻപ് ചാരസംഘടന ഐഎസ്ഐയുടെ മേധാവിയായിരുന്നു.

കരസേനയിലെ ഏറ്റവും മുതിർന്ന ആറ് ഉദ്യോഗസ്ഥരിലൊരാളായിട്ടും 2019ൽ അന്നത്തെ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി ഭിന്നതയിലായിരുന്നതിനാൽ അസിം മുനീറിന് കരസേനാ മേധാവി പദവി നഷ്ടമായിരുന്നു.

പഹൽഗാമിൽ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിൽ അസിം മുനീറിന് നേരിട്ടു പങ്കുണ്ടെന്നാണ് റിപ്പോർട്ട്.

വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ സഹീർ ബാബർ സിദ്ധുവിന് സർവീസ് നീട്ടിക്കൊടുക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഇന്ത്യയുമായി നടന്ന 90 മണിക്കൂർ നീണ്ട വ്യോമയുദ്ധത്തിൽ പാക്കിസ്ഥാന് കനത്ത നാശമുണ്ടായിരുന്നു. പാക്കിസ്ഥാന്‍റെ തന്ത്രപ്രധാന വ്യോമതാവളങ്ങളെല്ലാം ഇന്ത്യയുടെ തിരിച്ചടിയിൽ തകർന്നു. തുടർന്ന് വെടിനിർത്തലിന് നേരിട്ട് അപേക്ഷിക്കുകയായിരുന്നു പാക്കിസ്ഥാൻ.

എന്നാൽ, അത് ജനങ്ങളിൽ നിന്ന് മറച്ചുവെച്ച് പ്രചരണം നടത്താനാണ് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്‍റെ സ്ഥാനക്കയററ തന്ത്രങ്ങൾ.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News