ന്യൂഡൽഹി: രാജ്യം വീണ്ടും കോവിഡ് രോഗ ഭീഷണി നേരിടുന്നു.കേരളം, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് കേസുകൾ ഏറ്റവും കൂടുതൽ.
നിലവിലെ കണക്കനുസരിച്ച് ഇന്ത്യയിലിപ്പോൾ 257 സജീവ കേസുകളാണുള്ളത്.ഒരാഴ്ച്ചക്കുള്ളിൽ 64 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
കൂടുതൽ കേസുകൾ റിപോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്.69 പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിൽ 44 ഉം തമിഴ്നാട്ടിൽ 34 പേരുമാണ് ചികിത്സയിലുള്ളത്.
മഹാരാഷ്ട്രയിൽ അടുത്തിടെ രണ്ട് മരണങ്ങൾ റിപോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇത് കോവിഡ് മൂലമുള്ള മരണമല്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. പക്ഷെ രണ്ട് രോഗികൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മഹാരാഷ്ട്രയിൽ നിലവിൽ 56 സജീവ കേസുകളാണുള്ളത്.
59 വയസ്സുള്ള ഒരു അർബുദ രോഗിയും വൃക്കരോഗം ബാധിച്ച 14 വയസ്സുള്ള ഒരു പെൺകുട്ടിയുമുൾപ്പടെ രണ്ട് മരണങ്ങൾ മുംബൈയിലെ കിംഗ് എഡ്വാർഡ് മെമ്മോറിയൽ ആശുപത്രിയിൽ റിപോർട്ട് ചെയ്തിട്ടുണ്ട്. ഇരുവർക്കും കോവിഡ് ആയിരുന്നെങ്കിലും മറ്റു രോഗങ്ങൾ ഉള്ളതിനാലാണ് മരിച്ചതെന്ന് അധികൃതർ പറയുന്നു.
മരണ സർട്ടിഫിക്കറ്റുകളിൽ കോവിഡ് -19 പരാമർശിക്കാത്തതും ആശങ്കക്ക് കാരണമായിട്ടുണ്ട്. 59 കാരിയുടെ മൃതദേഹം ആശുപത്രി അധികൃതർ കുടുംബത്തിന് വിട്ട് കൊടുത്തിട്ടില്ല, പകരം പ്രോട്ടോകോൾ അനുസരിച്ച് പൊതു ശ്മശാനത്തിലാണ് സംസ്കരിച്ചത്.
രണ്ട് പേരുടെയും മരണം ഗുരുതരമായ രോഗാവസ്ഥകൾ മൂലമാണെന്നും കോവിഡല്ല കാരണമെന്നും ബൃഹൻ മുംബൈ മുൻസിപ്പൽ കോർപറേഷനും വ്യക്തമാക്കി.
ഏഷ്യൻ രാജ്യങ്ങളായ ചൈന, സിംഗപ്പൂർ, ഹോങ്കോങ്, തായ്‍ലാൻഡ് എന്നീ രാജ്യങ്ങളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.2021 ഡിസംബറിൽ ആരംഭിച്ച് 2022-ൽ വ്യാപകമായതും മാരകമല്ലാത്തതുമായ ഒമിക്രോണിന്റെ ഉപവിഭാഗങ്ങളും ഇപ്പോഴും പടരുന്നുണ്ട്. എന്നാൽ പൊതുവേ ശേഷി കുറഞ്ഞ വൈറസുകളാണ് ഇപ്പോഴുള്ളതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.