ടെഹ്‌റാൻ : അമേരിക്ക നടത്തിയ് വ്യോമാക്രമണത്തിൽ തങ്ങളുടെ ആണവ നിലയങ്ങൾക്ക് “കനത്ത നാശനഷ്ടം” സംഭവിച്ചതായി ഇറാൻ സമ്മതിച്ചു.
വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായി അൽ ജസീറയോട് ഇക്കാര്യം വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയില്ല. ആണവ നിലയങ്ങൾക്ക് വലിയ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. അത് തീർച്ചയാണ്- എന്ന് അദ്ദേഹം പറഞ്ഞു.
നെതർലാൻഡ്‌സിൽ നടന്ന നാറ്റോ ഉച്ചകോടിയിൽ വെച്ച്, അമേരിക്കൻ ആക്രമണങ്ങൾ ഇറാൻ്റെ ആണവ പദ്ധതിയെ “പൂർണ്ണമായും ഇല്ലാതാക്കി” എന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടതിന് പിന്നാലെയാണ് ഇറാൻ്റെ ഈ സ്ഥിരീകരണം.
എന്നിരുന്നാലും, ഈ ആക്രമണങ്ങൾ ഇറാൻ്റെ ആണവ പദ്ധതിയെ ഏതാനും മാസങ്ങൾ മാത്രം പിന്നോട്ട് നയിച്ചേക്കാമെന്നാണ് അമേരിക്കയിലെ രഹസ്യാന്വേഷണ ഏജൻസികളുടെ പ്രാഥമിക വിലയിരുത്തൽ. അതേസമയം, ഇറാൻ്റെ പദ്ധതികളെ വർഷങ്ങളോളം വൈകിപ്പിച്ചേക്കാം എന്നാണ് ഇസ്രായേൽ ഉദ്യോഗസ്ഥർ പറയുന്നത്.
ഇറാനിലെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങൾ. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി ഈ ആക്രമണങ്ങളെ അപലപിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ഇറാൻ ആരോപിച്ചു.യുഎൻ നിരീക്ഷണ ഏജൻസിയുമായുള്ള സഹകരണം നിർത്തിവെക്കുമെന്ന് അവർ പ്രഖ്യാപിക്കുകയും ചെയ്തു.
ആക്രമണങ്ങൾക്ക് മുമ്പ് ഇറാൻ തങ്ങളുടെ കൈവശമുള്ള സമ്പുഷ്ട യുറേനിയം ശേഖരത്തിൻ്റെ ചില ഭാഗങ്ങൾ മാറ്റിയിരുന്നു എന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ തീരുമാനം.