ന്യൂഡൽഹി : വിവിധ കാരണങ്ങളാൽ, ബിഹാർ നിയസഭ വോട്ടർ പട്ടികയിൽ നിന്ന് 35 ലക്ഷത്തിലധികം പേരുകൾ ഒഴിവാക്കിയേക്കും.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയുടെ വിശ്വാസ്യതയും കൃത്യതയും നിലനിർത്തുകയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷ്യമിടുന്നതെന്നും കമ്മീഷൻ വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
കുടിയേറ്റം, മരണം, ഇരട്ട രജിസ്ട്രേഷനുകൾ തുടങ്ങിയവ പരിശോധിച്ച് വോട്ടർ പട്ടിക ശുദ്ധീകരിക്കുന്നതിനാണ് നടപടികൾ സ്വീകരിക്കുന്നത്.
കമ്മീഷൻ്റെ പുതിയ കണക്കുകൾ പ്രകാരം പട്ടികയിലെ 1.59 ശതമാനം വോട്ടർമാർ മരിച്ചവരാണ്- അതായത് 12.5 ലക്ഷം വോട്ടർമാർ.
2.2 ശതമാനംബിഹാറിൽ നിന്ന് സ്ഥിരതാമസം മാറിയവരും വോട്ട് ചെയ്യാൻ അർഹതയില്ലാത്തവരുമാണ് .17.5 ലക്ഷം വോട്ടർമാർ ഈ കണക്കിൽ പെടുന്നു.
കൂടാതെ 5.5 ലക്ഷം വോട്ടർമാർ രണ്ട് തവണ രജിസ്റ്റർ ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. ഇതു പ്രകാരം നിലവിലുള്ള ഏകദേശം 35.5 ലക്ഷം വോട്ടർമാരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കേണ്ടി വരും. ഇത് മൊത്തം വോട്ടർമാരുടെ 4.5 ശതമാനത്തിൽ ഏറെയാണ്.
നേപ്പാൾ, ബംഗ്ലാദേശ്, മ്യാൻമർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരും പട്ടികയിൽ രജിസ്റ്റർ ചെയ്തതായി കണ്ടെത്തിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഈ പേരുകളും നീക്കം ചെയ്യും.
ഈ വിഷയത്തിൽ പ്രതിപക്ഷം കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്. ഒരു മണ്ഡലത്തിലെ വോട്ടർമാരുടെ ഒരു ശതമാനം പോലും ഒഴിവാക്കുന്നത് ഓരോ വിഭാഗത്തിലും ഏകദേശം 3,200 പേരുകൾ നീക്കം ചെയ്യുന്നതിന് തുല്യമാകുമെന്ന് ആർ ജെ ഡി നേതാവ് തേജസ്വി യാദവ് പറയുന്നു.
ഇപ്പോൾ ഇത് അഞ്ച് ശതമാനത്തിലേക്കെത്തുമ്പോൾ പുതുക്കൽ പ്രക്രിയ തിരഞ്ഞെടുപ്പ് ഫലത്തിൽ ഉണ്ടാക്കിയേക്കാവുന്ന സ്വാധീനം സംബന്ധിച്ചുള്ള പ്രതിപക്ഷത്തിൻ്റെ ആശങ്കയും വർധിപ്പിച്ചിട്ടുണ്ട്.
ഇതുസംബന്ധിച്ച ഹർജികൾ പരിഗണിക്കുന്ന സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. കേസിൽ കോടതി ജൂലായ് 28-ന് അടുത്ത വാദം കേൾക്കും.
വോട്ടർമാരുടെ കൃത്യമായ പരിശോധനയ്ക്കായി ആധാർ കാർഡുകൾ, റേഷൻ കാർഡുകൾ, വോട്ടർ ഐഡി കാർഡുകൾ എന്നിവ ഉപയോഗിക്കാൻ കോടതി നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിച്ചിരുന്നു.
6.6 കോടി വോട്ടർമാർ ബന്ധപ്പെട്ട രേഖകൾ സമർപ്പിച്ചതായി കമ്മീഷൻ അറിയിച്ചു. ഇത് സംസ്ഥാനത്തെ ആകെ വോട്ടർമാരുടെ 88.18% ആണ്. ജൂലൈ 25 വരെ വോട്ടർമാർക്ക് ഫോമുകൾ സമർപ്പിക്കാൻ സമയമുണ്ട്,
അതിനുശേഷം കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. വരുന്ന 11 ദിവസത്തിനുള്ളിൽ കരട് പട്ടിക പ്രസിദ്ധീകരിക്കേണ്ട സാഹചര്യത്തിൽ വോട്ടർ പട്ടിക പതുക്കൽ പ്രക്രിയ ബിഹാറിൽ രാഷ്ട്രീയ വാദ പ്രതിവാദങ്ങളിലേക്ക് നീങ്ങിയിട്ടുണ്ട്.