വാഷിംഗ്ടൺ: യുക്രൈയ്ന്‍ യുദ്ധം 50 ദിവസത്തിനുള്ളിൽ അവസാനിപ്പിക്കാൻ റഷ്യയ്ക്ക് അമേരിക്കൻ പ്രസിഡണ്ട് ഡോണാൾഡ് ട്രംപിൻ്റെ അന്ത്യശാസനം.
സമാധാനക്കരാറില്‍ ഒപ്പിട്ടില്ലെങ്കില്‍ റഷ്യയ്ക്കെതിരെ 100 ശതമാനം തീരുവ ചുമത്തുമെന്നാണ് അദ്ദേഹത്തിൻ്റെ മുന്നറിയിപ്പ്. ഒപ്പം റഷ്യന്‍ ആക്രമണം തടയുന്നതിനായി പാട്രിയറ്റ് മിസൈലുകൾ ഉൾപ്പെടെയുള്ള അത്യാധുനിക ആയുധങ്ങൾ യുക്രൈന് നല്‍കാനുള്ള കരാറിലും ട്രംപ് ഒപ്പു വച്ചു. ഇതോടെ യുദ്ധം മറ്റൊരു തലത്തിലേക്ക് നീങ്ങുമെന്ന് വ്യക്തമായി.
ട്രംപും റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിർ പുട്ടിനും തമ്മിലുള്ള ബന്ധം മോശമാവുന്നു എന്നാണ് ഇതു നൽകുന്ന സൂചന.നേരത്തെ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ്, പുടിന് മേല്‍ നടത്തിയ സമ്മര്‍ദ്ദമല്ലൊം പാഴായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.പുടിനുമായി നടത്തിയ സംഭാഷണത്തിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകരെ കണ്ട ട്രംപ്, ‘പുടിൻ എല്ലാവരെയും ബോംബിട്ട് കൊല്ലും’ എന്ന് പറഞ്ഞിരുന്നു.
യുക്രൈയ്ന്‍ നാറ്റോയില്‍ അംഗത്വത്തിന് അപേക്ഷിക്കാനുള്ള സാധ്യത കൂടി മുന്നില്‍ കണ്ടാണ് റഷ്യ, യുക്രൈനെതിരെ ‘പ്രത്യേക സൈനിക പദ്ധതി’ എന്ന പേരിട്ട് യുദ്ധം ആരംഭിച്ചത്. 2022 ഫെബ്രുവരിയില്‍ ആരംഭിച്ച യുദ്ധം ഏതാനും ആഴ്ചകൾക്കുള്ളില്‍ അവസാനിക്കുമെന്നായിരുന്നു റഷ്യയുടെ വിശ്വാസം.
എന്നാല്‍ ആദ്യമായി യുക്രൈയ്ന്‍റെ പ്രസിഡന്‍റായി അധികാരമേറ്റ ടിവി ഹാസ്യ നടനായ വ്ലഡിമിര്‍ സെലന്‍സ്കിയുടെ നേതൃത്വത്തില്‍ അതിശക്തമായ തിരിച്ചടിയാണ് യുക്രൈയ്ന്‍ റഷ്യയ്ക്ക് സമ്മാനിച്ചത്. യുക്രൈയ്ന്‍റെ സ്പൈഡർ വെബ് പോലുള്ള, റഷ്യയ്ക്ക് കനത്ത പ്രഹരമേല്‍പ്പിച്ച പുതിയ യുദ്ധ തന്ത്രങ്ങൾ റഷ്യയെ മാത്രമല്ല, ലോകത്തെ തന്നെ അമ്പരപ്പിച്ചിരുന്നു.