മുല്ലപ്പെരിയാർ അണക്കെട്ട് ശനിയാഴ്ച തുറക്കും ?

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് ശനിയാഴ്ച തുറക്കാൻ സാധ്യതയെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു. ഈ സാഹചര്യത്തിൽ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കുന്നു.

റൂൾ കർവ് പരിധിയായ 136 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. പെരിയാറിന്‍റെ തീരത്ത് താമസിക്കുന്ന ആളുകളോട് സുരക്ഷിതസ്ഥാനത്തേക്ക് മാറാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്. മാറിത്താമസിക്കുന്നവര്‍ക്ക് ഇരുപതിലധികം ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ട്.

അണക്കെട്ടിലെ ജലനിരപ്പ് 136 അടി ആകുമ്പോൾ ഷട്ടറുകൾ തുറക്കുമെന്ന് തമിഴ്നാട് ജലസേചന വകുപ്പ് അറിയിച്ചു. ഇരട്ടയാർ, മഞ്ജുമല, ഉപ്പുതുറ ,ഏലപ്പാറ, അയ്യപ്പൻകോവിൽ, കാഞ്ചിയാർ ആനവിലാസം, ഉടുമ്പഞ്ചോല എന്നിവിടങ്ങളിൽ നിന്ന് 883 കുടുംബങ്ങളിലെ 3,220 പേരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാൻ ജില്ലാ കലക്ടർ വി.വിഗ്നേശ്വരി റവന്യൂ, പൊലീസ് അധികാരികൾക്ക് നിർദേശം നൽകി.

ഷട്ടറുകൾ തുറക്കേണ്ട സാഹചര്യമുണ്ടായാൽ പകൽ സമയത്ത് മാത്രമേ ആകാവൂ എന്ന് തമിഴ്നാടിനോട് അഭ്യർഥിച്ചതായും കലക്ടർ അറിയിച്ചു. ഏത് അടിയന്തര സാഹചര്യവും നേരിടാൻ ജില്ലാ ഭരണകൂടം തയ്യാറാണ്.

വെള്ളിയാഴ്ച നാലുമണിവരെ ജലനിരപ്പ് 135.25 ആണ്. റവന്യൂ, പൊലീസ് അധികാരികളുടെ നിർദേശങ്ങൾ പൊതുജനങ്ങൾ കൃത്യമായി പാലിക്കണമെന്നും കലക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News