ജനങ്ങളെ കാണാൻ മുഖ്യമന്ത്രി ഒരു കോടി രൂപയുടെ ബസ്സിൽ വരും

തിരുവനന്തപുരം: നവകേരള സദസ്സിനുവേണ്ടി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാര്‍ക്കും സഞ്ചരിക്കാനുള്ള പ്രത്യേക ബസിനു ഒരു കോടി അഞ്ച് ലക്ഷം രൂപ ചെലവിടും.

ആഡംബര സൗകര്യങ്ങളുള്ള ബസിനായി പണം അനുവദിച്ചു. ട്രഷറി നിയന്ത്രണം മറികടന്നാണ് ധനവകുപ്പ് ഇതിന് ഉത്തരവ് ഇറക്കിയത്.നവംബർ 18 മുതൽ ഡിസംബർ 24 വരെയാണ് നവകേരള സദസ്സ്.ഇടതു മുന്നണി സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ ജനങ്ങളെ ധരിപ്പിക്കാൻ ആണ് ഈ പരിപാടി .

ബെൻസ് കമ്പനിയുടെ 25 പേർക്ക് സഞ്ചരിക്കാനാകുന്ന ബസ്സാണ് ഒരുക്കുന്നത്.ബെം​ഗളൂരുവിൽ നിന്നുള്ള ബസ് നവീകരണത്തിന് ശേഷം കെ.എസ്.ആർ.ടി.സിക്ക് കൈമാറി .

എന്നാൽ, ഇത് ധൂർത്ത് അല്ല എന്നാണ് ഗതാഗത മന്ത്രി ആന്റണി രാജു പറയുന്നത് .ആവശ്യം കഴിഞ്ഞതിന് ശേഷം ബസ് ടൂറിസം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സെപ്റ്റംബര്‍ 22-നാണ് കെ.സ്വിഫ്റ്റിന്റെ പേരിൽ 1,05,20,000 രൂപ ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി എം.ഡി: ബിജു പ്രഭാകര്‍ കത്ത് നല്‍കിയത്.

കേരളീയവുമായി ബന്ധപ്പെട്ട് സർക്കാർ ചിലവഴിച്ച തുക സംബന്ധിച്ച് ഏറെ ആരോപണങ്ങൾ ഉയർന്നിരുന്നതിന് പിന്നാലെയാണ് നവകേരള സദസ്സും വിവാദമാകുന്നത്.

നവകേരള സദസിന് പണം കണ്ടെത്താൻ സഹകരണസംഘങ്ങളോട് ആവശ്യപ്പെട്ട് സഹകരണ രജിസ്ട്രാർ നിർദേശം നൽകിയത് വലിയ വിവാദത്തിന് വഴിവച്ചിരുന്നു. അതത് സഹകരണ സംഘങ്ങളുടെ ശേഷി അനുസരിച്ച് പരസ്യത്തിലേക്ക് ചെലവഴിക്കുന്ന തുക നവകേരളസദസ്സിന്‍റെ നടത്തിപ്പിനുവേണ്ടി ചിലവഴിക്കണമെന്ന നിർദേശമാണ് നൽകിയിരുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News