എസ്. ശ്രീകണ്ഠന്‍
എല്ലാവരൂം പറഞ്ഞു പരത്തിയ പോലെയല്ല കാര്യങ്ങള്‍. ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ ഒന്നാം പാദ ഫലം പ്രതീക്ഷകള്‍ക്കപ്പുറത്തായി. ടിസിഎസിന്റെ ഫലം ഒരു സൂചനയായി എടുത്താല്‍ നമ്മുടെ ഐടി കമ്പനികള്‍ക്ക് പൊതുവില്‍ ഈ പാദം മോശമാകാന്‍ തരമില്ല.
ടിസിഎസ് ഓഹരി ഉടമകളേ… നിങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്നത് ഓഹരി ഒന്നിന് ഒമ്പതു രൂപ ലാഭവിഹിതം. ഓഗസ്റ്റ് ഏഴിന് തുടങ്ങി നിങ്ങളുടെ അക്കൗണ്ടില്‍ ഈ കാശു വരും. ജൂലായ് 20ന് രേഖകളില്‍ പേരുള്ള ഓഹരി ഉടമകള്‍ക്കാവും ലാഭവിഹിതം ലഭിക്കുക. വരുമാനം 59,381 കോടി. ലാഭം 11, 074 കോടി. കഷ്ടി വളര്‍ച്ച വരുമാനത്തിലും തെല്ലിട ഇടിവ് ലാഭത്തിലും കാണുന്നു.

എന്നാല്‍ എല്ലാവരും പ്രതീക്ഷിച്ചിരുന്നത് ഇതിലൊക്കെ മോശമായിരുന്നു. 6,15,318 പേരാണ് ജൂണ്‍ 30 ലെ കണക്കു പ്രകാരം പേ റോളിലുള്ളത്. ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് 17. 8% ആയി കുറഞ്ഞിട്ടുണ്ട്. മുന്‍ പാദത്തില്‍ ഇത് 20.1% ആയിരുന്നു. മാന്ദ്യം കണക്കിലെടുത്ത് പുതിയ റിക്രൂട്ട്‌മെന്റില്‍ ഒന്നു ചവിട്ടി പിടിക്കുന്നുണ്ട്. 523 പേരെ മാത്രം ഈ പാദത്തില്‍ ജോലിക്കെടുത്തുള്ളു. എച്ച് ആര്‍ ചീഫ് മിലിന്ദ് ലക്കാഡ് പ്രതീക്ഷയോടെയാണ് സംസാരിക്കുന്നത്. കാര്യങ്ങള്‍ എല്ലാം സമീപ ഭാവിയില്‍ ശുഭമാവുമെന്ന് പറഞ്ഞു വെക്കുകയാണദ്ദേഹം.