മിത്ത് പരാമര്‍ശം: എന്‍എസ്എസ് നിയമവഴിയേ

കോട്ടയം : നിയമസഭാ സ്പീക്കറുടെ മിത്ത് പരാമര്‍ശത്തിനെതിരെ നിയമപരമായി മുന്നോട്ടു പോകാന്‍ എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് പ്രതികരണമുണ്ടാകാത്തതില്‍ യോഗം പ്രതിഷേധിച്ചു. പ്രശ്‌നം കൂടുതല്‍ വഷളാക്കാതെ സര്‍ക്കാര്‍ ഉടന്‍ നടപടിയെടുക്കണമെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

വിവാദത്തിന് ശേഷമുള്ള ഷംസീറിന്റെ വിശദീകരണം വെറും ഉരുണ്ടുകളി മാത്രമായിരുന്നെന്ന് യോഗം വിലയിരുത്തി. ഈ പ്രതികരണങ്ങളൊന്നും വിശ്വാസികളുടെ വേദനയ്ക്ക് പരിഹാരമാകുന്നില്ല. ഭരണകക്ഷി എം.എല്‍.എയായ കെ.ബി.ഗണേശ് കുമാര്‍ അടക്കം 28 ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.

തിരുവനന്തപുരത്തെ നാമജപഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കിയ വൈസ് പ്രസിഡന്റ് എം.സംഗീത്കുമാറിനും പങ്കെടുത്ത കണ്ടാലറിയാവുന്ന ആയിരത്തിലധികം എന്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കും എതിരെയുള്ള കേസിനെക്കുറിച്ചും കേസ് റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സംഗീത്കുമാര്‍ നല്‍കിയ ഹര്‍ജിയുടെ നിയമവശങ്ങളും ചര്‍ച്ച ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News