കുഴല്‍നാടനെതിരെ വിജിലന്‍സിനെ ഇറക്കിയേക്കും

തിരുവനന്തപുരം: ഇടുക്കിയില്‍ ഭൂമി വാങ്ങിയതില്‍ ബിനാമി ഇടപാടും നികുതി വെട്ടിപ്പും നടത്തിയെന്ന പരാതിയില്‍ മാത്യു കുഴല്‍നാടന്‍ എം.എല്‍.എയ്‌ക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് സാദ്ധ്യത.

സി.പി.എം എറണാകുളം ജില്ലാസെക്രട്ടറി സി.എന്‍. മോഹനനും മൂവാറ്റുപുഴയിലെ ഏതാനും വ്യക്തികളും വിജിലന്‍സ് ഡയറക്ടര്‍ക്കും സര്‍ക്കാരിനും ഇതുസംബന്ധിച്ച പരാതി നല്‍കിയിട്ടുണ്ട്. ബിനാമി ഇടപാടിലൂടെ ആറു കോടിയിലധികം രൂപ വിലമതിക്കുന്ന ഭൂമിയും റിസോര്‍ട്ടും ഇടുക്കിയിലെ ചിന്നക്കനാലില്‍ സ്വന്തമാക്കിയത് ലക്ഷക്കണക്കിന് രൂപയുടെ നികുതി വെട്ടിച്ചാണെന്നാണ് പരാതി. പൊതുജന സേവകരുടെ അഴിമതി സംബന്ധിച്ച പരാതികള്‍ വിജിലന്‍സിന് അന്വേഷിക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്.

2021 മാര്‍ച്ച് 18നു രാജകുമാരി സബ് രജിസ്ട്രാര്‍ ഓഫിസില്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ട വസ്തുവിനും റിസോര്‍ട്ടിനും മാത്യു കുഴല്‍നാടനും 2 പങ്കാളികളും വിലയായി കാണിച്ചത് 1.92 കോടി രൂപയാണ്. മാര്‍ച്ച് 19നു മൂവാറ്റുപുഴ മണ്ഡലത്തില്‍ മത്സരിക്കാന്‍ തിരഞ്ഞെടുപ്പു കമ്മിഷനു സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഈ വസ്തുവിലും റിസോര്‍ട്ടിലും തനിക്ക് 50% ഓഹരിയുണ്ടെന്നും അതിന്റെ മൂല്യം മൂന്നരക്കോടി രൂപയാണെന്നുമാണു മാത്യു കാണിച്ചത്. 50 ശതമാനത്തിനു മൂന്നരക്കോടിയെങ്കില്‍ ആകെ വില ഏഴു കോടി വരും. 24 മണിക്കൂര്‍ കൊണ്ട് 1.92 കോടി രൂപയുടെ മൂല്യം 7 കോടിയായി ഉയര്‍ന്നതിനെക്കുറിച്ചും അന്വേഷിക്കണമെന്ന് സി.എന്‍. മോഹനന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.