സുപ്രീംകോടതി  താക്കീത് ; നാലുപേർക്കും സർക്കാരിന്റെ നിയമനം

കോഴിക്കോട്: വയനാട്ടിൽ മലയാളം അദ്ധ്യാപകരുടെ നിയമനം നടത്തണമെന്ന ഉത്തരവ് പാലിക്കാത്തതിന് സുപ്രീംകോടതി  താക്കീത് നൽകി മണിക്കൂറുകൾക്കുള്ളിൽ നാലുപേർക്കും സർക്കാരിന്റെ നിയമന ഉത്തരവ്.

കോടതി ജയിലിൽ പോകേണ്ടിവരുമെന്ന്  പരാമർശിച്ച പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ജ് വെള്ളിയാഴ്ചത്തെ തീയതിവച്ച് കേസിനുപോയ നാലു പേർക്കും നിയമന ഉത്തരവ് ഇറക്കുകയായിരുന്നു. പി.അവിനാഷ്, പി.ആർ. റാലി, ഇ.വി.ജോൺസൺ, എം.ഷിമ എന്നിവരെ എച്ച്.എസ്.ടി (മലയാളം) തസ്തികയിൽ നിയമിക്കാനാണ് വയനാട് വിദ്യാഭ്യാസ ഉപഡയറക്ടർക്കുള്ള സർക്കാരിന്റെ ഉത്തരവ്. നിയമന ഉത്തരവ് അഭിഭാഷകൻ മുഖേന സുപ്രീംകോടതിയിൽ ഹാജരാക്കും.

കോഴിക്കോട് മെഡിക്കൽ കോളേജിൽ അതിജീവിതയ്ക്കൊപ്പം നിന്നതിന്റെ പേരിൽ ഇടുക്കിയിലേക്ക് സ്ഥലംമാറ്റിയ സീനിയർ നഴ്സിംഗ് ഓഫീസർ പി.ബി. അനിതയെ ഹൈക്കോടതി ഉത്തരവ് പ്രകാരം കോഴിക്കോട്ട് നിയമിക്കാൻ അനുമതി നൽകി ഇന്നലെ വൈകുന്നേരത്തോടെ ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷും ഉത്തരവ് ഇറക്കി.അനിത നൽകിയ കോടതിയലക്ഷ്യ ഹർജി നാളെ പരിഗണിക്കാനിരിക്കേയാണ് ഇന്നലെ ഉത്തരവ് ഇറക്കിയത്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറാണ് തുടർ നടപടി സ്വീകരിക്കേണ്ടത്.അഞ്ചു ദിവസമായി ഹൈക്കോടതി ഉത്തരവും കൈയിൽപിടിച്ച് മെഡിക്കൽ കോളേജിനു മുന്നിൽ സമരം ചെയ്യുകയായിരുന്നു അനിത.വെള്ളിയാഴ്ച മുതൽ അതിജീവിതയും സമരത്തിൽ ഒപ്പം ചേർന്നിരുന്നു.

 

അനിതയേക്കാൾ അർഹതയുള്ളവർ സ്ഥലംമാറ്റം ചോദിച്ചിട്ടുണ്ടെന്ന മുടന്തൻ ന്യായവുമായി വെള്ളിയാഴ്ച

സർക്കാർ പുനഃപരിശോധനാ ഹർജി നൽകിയിരുന്നു.സുപ്രീംകോടതിയുടെ കടുത്ത നിലപാടിന്റെ പശ്ചാത്തലത്തിൽ കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതി കുടയുമെന്ന് ബോധ്യമായതോടെയാണ് ഒരു രാത്രികൊണ്ട് നിലപാട് മാറ്റി അനിതയ്ക്ക് നിയമനാനുമതി നൽകിയത്. അതിജീവിത സമരം ഏറ്റെടുത്തതും സർക്കാരിന് തിരിച്ചടിയായി. ആരോഗ്യമന്ത്രിയുടെ കണ്ണു തുറക്കാൻ കണ്ണ് മൂടിക്കെട്ടിയായിരുന്നു ഇന്നലെ അതിജീവിത സമരം ചെയ്തത്.തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കു ശേഷം ഐ.സി.യുവിൽ പ്രവേശിപ്പിച്ച യുവതിയെ 2023 മാർച്ച് 18 നാണ് അറ്റൻഡർ ശശീന്ദ്രൻ പീഡിപ്പിച്ചത്. പരാതി പിൻവലിക്കാൻ ആശുപത്രിയിലെ അഞ്ചു ജീവനക്കാർ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് അതിജീവിത ആരോഗ്യവകുപ്പിനെ സമീപിക്കുകയായിരുന്നു.ആ അഞ്ചുപേർ ആരെന്ന് റിപ്പോർട്ട് ചെയ്തത് അനിതയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News