ന്യൂഡല്‍ഹി: പാകിസ്താനിലേക്കുള്ള ജലമൊഴുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ചെനാബ് നദിയിലെ ബഗ്‌ലിഹാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ താഴ്ത്തി. സിന്ധൂനദീജലക്കരാര്‍ മരവിപ്പിച്ചതിന് തുടർച്ചയായി ഹ്രസ്വ-മധ്യ-ദീര്‍ഘകാല നടപടികള്‍ കൈക്കൊള്ളാനാണ് കേന്ദ്ര സർക്കാരിൻ്റെ നീക്കം.
പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയെയാണ് ഷട്ടര്‍ താഴ്ത്തിയത് നേരിട്ട് ബാധിക്കുക. ഇവിടുത്തെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നത് ബഗ്‌ലിഹാറില്‍നിന്നെത്തുന്ന ജലമാണ്. ഝലം നദിയിലെ കിഷന്‍ഗംഗ അണക്കെട്ടിന്റെ ഷട്ടറും താഴ്ത്തിയേക്കുമെന്നാണ് സൂചന.
ഇതിനിടെ, തുടര്‍ച്ചയായ പത്താംദിവസവും രാത്രി, പാകിസ്താന്‍ നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി സൈന്യം അറിയിച്ചു. കുപ്‌വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെന്ധര്‍, നൗഷേര, സുന്ദര്‍ബനി, അഖ്‌നൂര്‍ പ്രദേശങ്ങള്‍ക്ക് എതിര്‍വശത്തുനിന്ന് പ്രകോപനമില്ലാതെ പാകിസ്താന്‍ വെടിയുതിര്‍ക്കുകയായിരുന്നു.
ശനിയാഴ്ച രാജസ്ഥാന്‍ അതിര്‍ത്തിയില്‍നിന്ന് ഒരു പാകിസ്താന്‍ റേഞ്ചറെ ബിഎസ്എഫ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അബദ്ധത്തില്‍ നിയന്ത്രണരേഖ മറികടന്ന ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ പൂര്‍ണംകുമാര്‍ സാഹു പാകിസ്താന്റെ പിടിയിലാണുള്ളത്. ഏപ്രില്‍ 23-നാണ് ഇദ്ദേഹം പാകിസ്താന്റെ പിടിയില്‍ അകപ്പെടുന്നത്. ഇതിന് പിന്നാലെയാണ് പാകിസ്താന്‍ റേഞ്ചറെ സൈന്യം കസ്റ്റഡിയില്‍ എടുത്തത്.